| Saturday, 16th June 2018, 3:47 pm

കാണാഞ്ഞിട്ടും തീരാത്ത മറഡോണ

എന്‍.പി. ആഷ്‌ലി

“എന്താ ചെങ്ങായിന്റെ കളി? എടുത്തു വയറ്റിലിടാന്‍ തോന്നും”- ഉമ്മച്ചിയുടെ വാക്കുകളിലൂടെയാണ് ഞാന്‍ ആദ്യം മറഡോണയെപ്പറ്റി കേള്‍ക്കുന്നത്.

അന്ന് ഞങ്ങളുടെ വീട്ടില്‍ ടി.വി ഇല്ല. 1990 ഇറ്റാലിയ ലോകകപ്പ് തുടങ്ങുന്ന ദിവസം ഞങ്ങള്‍ രണ്ടു കിലോമീറ്റര്‍ അപ്പുറമുള്ള തറവാട്ടില്‍ വെല്ലിമ്മച്ചിയുടെയും വായിച്ചിയുടെ അനുജന്‍ വിചാപ്പയുടെയും (നടുക്കണ്ടി അബൂബക്കര്‍) വീട്ടില്‍ ചെന്ന് താമസിച്ചു. അവിടുത്തെ ചെറിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി.വിയിലാണ് കളി കാണുന്നത്.

കളി തുടങ്ങിയപ്പോള്‍ മറഡോണ അതാ എന്ന് ഉമ്മച്ചി മറഡോണയെ കാണിച്ചു തന്നു. പത്രത്തില്‍ കണ്ട പോലെ ഒന്നും തോന്നിയില്ല. “ഉരുണ്ടുരുള്ള നടത്തം” എന്നൊക്കെയുള്ള ഉമ്മയുടെ വാക്കുകള്‍ തന്നെയേ ഓര്‍മയുള്ളു. ഏതായാലും കാമെറൂണുമായുള്ള കളി അര്‍ജന്റീന ഒരു ഗോളിന് തോറ്റു.

ടി.വി ഇല്ലാത്തതിനാലും ഒമ്പതു വയസ്സിന്റെ ശ്രദ്ധ അധികം നീണ്ടുനില്‍ക്കാത്തതിനാലും കളി വാര്‍ത്തയില്‍ കണ്ടതല്ലാതെ അധികം ശ്രദ്ധിച്ചില്ല. മൂത്താപ്പയുടെ മക്കള്‍ സാഗറും സാമിറും വന്നപ്പോള്‍ പറഞ്ഞ കാര്യം എന്നെ എടങ്ങേറാക്കുന്നതായിരുന്നു: “മറഡോണയൊന്നുമല്ല ഇപ്പോഴത്തെ ആള്. റുഡ് ഗുള്ളിറ്റ് എന്ന ഹോളണ്ടിന്റെ കളിക്കാരനാണ്”. അവര് ഫോട്ടോയും കാണിച്ചു തന്നു. ഒരു വല്ലാത്ത മുടിയൊക്കെ ആയി ഒരാള്‍. സെമിയില്‍ മറഡോണ പെനാല്‍റ്റി തുലച്ചിട്ടും അര്‍്ജന്റീന ഫൈനലില്‍ എത്തിയെന്നും ഫൈനലില്‍ തൊറ്റെന്നും മാതൃഭുമിയിലൂടെ അറിയുന്നുണ്ടായിരുന്നു.

ഫുട്‌ബോളില്‍ ഒരു താല്പര്യവുമില്ലായിരുന്ന വായിച്ചി മാതൃഭൂമിയിലെ തന്റെ എഡിറ്റര്‍ ആയിരുന്ന വിംസീയുടെ പെലെയെക്കുറിച്ചുള്ള ലേഖനങ്ങളെപ്പറ്റി വിശദീകരിച്ചു പറയും. പെലെ മറഡോണയെന്ന കഥയുടെ ഫ്‌ലാഷ്ബാക്ക് പോലെയാണ് അന്ന് തോന്നിയത്. പെലെ ആണോ മറഡോണ ആണോ വലുത് എന്നൊരു ചോദ്യം കേള്‍ക്കുന്നത് കുറേക്കാലം കഴിഞ്ഞു അമ്മാവന്മാരില്‍ നിന്നാണ്. അതില്‍ അവര്‍ക്കാര്‍്ക്കും ഒരു ആശയക്കുഴപ്പവുമുണ്ടായിരുന്നില്ല താനും (മറഡോണയും പെലെയും കളിച്ചാല്‍ പെലേക്കു ബോള്‍ തൊടാന്‍ കിട്ടിയിട്ട് വേണ്ടേ എന്നൊക്കെയാണ് അമ്മാവന്‍ കാദര്‍ക്കാക്ക ഞങ്ങള്‍ കുട്ടികളോട് പറയുന്നത്).

അടുത്തുള്ള കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ സെവന്‍സ് കാണാന്‍ സാഗറിന്റെയും സാമിറിന്റെയും കൂടെ പോയപ്പോള്‍ ബ്രസീല്‍ ചേന്നമംഗല്ലൂരും ജവഹര്‍ മാവൂരും കേരളാപോലീസും മോഹന്‍ ബഗാനും മുഹമ്മദന്‍ സ്‌പോര്‍ട്ടിങ്ങും അര്‍ജന്റീനയും ബ്രസീലും ചുറ്റുപാടുള്ള ആരൊക്കെയോ ആണെന്നാണ് തോന്നിയിരുന്നത്. തെരട്ടമ്മല്‍ ഷറഫ് അലി കളിക്കാറുണ്ടെന്നു കുനിയില്‍ നിന്നുവന്നിരുന്ന ഫലാഹ് ഷുക്കൂറിനോടും ഷബീറിനോടും എന്നോടും വീമ്പുപറഞ്ഞിരുന്നു.

ലോകകപ്പ് കഴിഞ്ഞപ്പോഴാണെന്നു തോന്നുന്നു എവിടെനിന്നോ മൂന്നു പോസ്റ്ററുകള്‍ വായിച്ചി കൊണ്ടുവന്നു. വാങ്ങിയതോ ആരെങ്കിലും കൊടുത്തതോ.. ഓര്‍മയില്ല… പുഴക്കരയിലെ വീട്ടില്‍ ഞങ്ങള്‍ മൂന്നുപേര്‍ക്കും (പെങ്ങള്‍ നിശ, അനിയന്‍ ഹാരിസ്, ഞാന്‍) ഉണ്ടായിരുന്ന പഠന മേശയുടെ മുകളില്‍ ഒട്ടിച്ചു വെച്ച പോസ്റ്ററുകളില്‍ ഒന്ന് മറഡോണയുടെ വിവിധതരം ഫോട്ടോകള്‍. മറ്റൊന്ന് ജര്‍മനിയുടെ ക്ലിന്‍സ്മാന്റെ ഒറ്റ ഫോട്ടോ. മൂന്നാമത്തേത് ആരുടെതെന്ന് ഓര്‍മയില്ല. ഏതായാലും മറഡോണയെ ഞാന്‍ റേഡിയോക്കു മുകളില്‍ നടുക്ക് എന്റെ മേശക്കുമുകളില്‍ വെക്കാന്‍ ശ്രദ്ധിച്ചു. ബാക്കി രണ്ടാളും ശ്രദ്ധിച്ചതായി തോന്നിയില്ല.

ചെറിയ ഒന്നാം നമ്പര്‍ ബോള്‍ ആയിടക്കെപ്പൊഴോ ആണ് ഉമ്മച്ചി ഓഫീസില്‍ നിന്ന് വരുമ്പോള്‍ കൊണ്ടുവന്നത്. ആ ബോളുമായി അടുത്ത ആളെ വെട്ടിച്ചു മുന്നേറുമ്പോഴൊക്കെ പോസ്റ്ററിലെ ഭാവത്തെ അനുകരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു (അത്യാവശ്യം മോശം ഫുട്‌ബോള്‍ കളിക്കാരനായത് കൊണ്ട് അത് അധികം വേണ്ടി വന്നില്ല താനും. ഓടിയാല്‍ അപ്പൊ ഞാന്‍ വീഴും. പിന്നെ അത് വെച്ചുള്ള നാടകം കളിയാണ് എന്റെ വക).

മാട്ടുമ്മല്‍ കളിക്കുമ്പോള്‍ നന്നായി കളിച്ചിരുന്ന ശിഹാബിന്റെ കളി കാണുമ്പോള്‍ എനിക്ക് മറഡോണയെ ഓര്‍മവരുമായിരുന്നു. കളികളില്‍ ലോങ്ങ് ജമ്പ്, ഹൈ ജമ്പ്, ക്രിക്കറ്റ്, കള്ളനും പോലീസും, യുദ്ധം (അത് മഹാഭാരതം സീരിയല്‍ എഫ്ക്റ്റ് ആയിരുന്നു) ഇതിനൊക്കെ ഒപ്പം ഉണ്ടായിരുന്ന ഒരു കളി മാത്രമായിരുന്നു ഫുട്‌ബോള്‍. പിന്നെ ക്രിക്കറ്റു കേറി വന്നു. അതായി ഞങ്ങളുടെ “സേവനം” ക്ലബ്ബിന്റെ പ്രധാന ഏര്‍പ്പാട്. പെങ്ങള്‍ നിശയാണ് എല്ലാത്തിന്റെയും സൂത്രധാര. അവധിക്കു തലശ്ശേരിയില്‍ നിന്ന് വന്നിരുന്ന റിഷാദ് ആണ് നേതാവ്.

1992 ഇല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്വാര്‍ട്ടേഴ്‌സിലേക്ക് ഞങ്ങള്‍ താമസം മാറി. അവിടെ വെച്ചപ്പോഴോ ആണ് എന്റെ താല്പര്യപ്രകാരമോ താല്പര്യം മനസ്സിലാക്കിയിട്ടോ മാതൃഭൂമി സ്‌പോര്‍ട്‌സ് മാസിക വീട്ടില്‍ വരുത്തുന്നത് (അനിയന്‍ ഹാരിസ് ചെസ്സായാലും ബാഡ്മിന്റനായാലും ഉഷാറായി കളിക്കും. ജില്ലാതലത്തിലൊക്കെയുണ്ട്. പക്ഷെ കളി പറയാന്‍ നില്‍ക്കാറില്ല). സ്‌പോര്‍ട്‌സ് പേജും സ്‌പോര്‍ട്‌സ് മാസികയും ഞാന്‍ രണ്ടും മൂന്നും വട്ടം വായിച്ചിരുന്നു. അങ്ങിനെ ഫിഫ വേള്‍ഡ് കപ്പിനെപ്പറ്റി എനിക്കത്യാവശ്യം ധാരണ അന്ന് ഉണ്ടായിരുന്നു. ക്‌ളബ് ഫുട്‌ബോള്‍ ഒന്നും അന്ന് കാര്യമായി മാതൃഭൂമി സ്‌പോര്‍ട്‌സ് മാസിക കവര്‍ ചെയ്തതായി ഓര്‍മയില്ല.

അത് കൊണ്ട് മറഡോണ 1986ലെ മാന്ത്രികനായിരുന്നു എനിക്ക്. സെമിഫൈനലില്‍ രണ്ടാം ഗോളിനെപ്പറ്റി ഞാന്‍ പിന്നെയും പിന്നെയും വായിച്ചു. കേരളാപോലീസിന്റെയോ കേരളത്തിന്റേയോ കളിയുടെ റേഡിയോ കമന്ററിയില്‍ പോലും (പാപ്പച്ചനായിരുന്നു എന്റെ ഹീറോ) വായിച്ചു മാത്രം അറിഞ്ഞിരുന്ന മറഡോണയുടെ വട്ടം കറക്കല്‍ എനിക്ക് കേള്‍ക്കാന്‍ പറ്റി.

1994 ലോകകപ്പ് ആവുമ്പോള്‍ വീട്ടില്‍ ടി വി ഉണ്ട്. ഞാന്‍ ക്രിക്കറ്റിലേക്കു വീണ സമയമാണ്. വേള്‍ഡ് കപ്പ് എന്നെ തിരിച്ചു ഫുട്‌ബോളില്‍ എത്തിച്ചു. ഉമ്മച്ചിയോടുള്ള ഫുട്ബാള്‍ വര്‍ത്തമാനം തിരിച്ചു വന്നു. അര്‍ജന്റീനയുടെ ഗ്രീസുമായുള്ള ആദ്യകളിയില്‍ അര്‍്ജന്റീന 4-0 നു ജയിച്ച മത്സരം കാണാതെ ഞാന്‍ കിടന്നുറങ്ങി. ഉമ്മച്ചി ഇരുന്നു കളി കണ്ടു. ബാറ്റിസ്റ്റിയൂട്ടായുടെ ഹാട്രിക്കും മറഡോണയുടെ ഗോളും പത്രത്തില്‍ ആണ് വായിച്ചത്. ആകെ വിഷമമായി. അടുത്ത നൈജീരിയയുമായുള്ള കളി ഞാന്‍ ഉമ്മച്ചിയുടെ കൂടെ ഉറക്കമൊഴിഞ്ഞിരുന്നു കണ്ടു എന്ന് മാത്രമല്ല രാവിലെ ആറു മണിക്ക് ബസ് സ്റ്റോപ്പില്‍ ചെന്ന് കാത്തുനിന്നു പത്രം വാങ്ങി ആ വാര്‍ത്ത നോക്കി: “മറഡോണക്കും ടീമിനും ഉജ്വല വിജയം”. മറഡോണ ഒരുക്കിക്കൊടുത്ത അവസരങ്ങള്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ അരഡസന്‍ ഗോളിനെങ്കിലും അര്‍ജന്റീന ജയിച്ചേനെ എന്നൊക്കെ റിപ്പോര്‍ട്ടര്‍ എഴുതിയത് വായിച്ചു സന്തോഷിച്ചു. ഈ വേള്‍ഡ് കപ്പ് 1986ന്റെ ആവര്‍ത്തനമാവും എന്ന് ഞാന്‍ ഉറപ്പിച്ചു. പഴയ സ്പോര്‍ട്‌സ് മാസികകള്‍ വീണ്ടുമെടുത്തു വായിച്ചു.

അര്‍ജന്റീനയുടെ അടുത്ത മാച്ചിനു തൊട്ടുമുമ്പുള്ള ദിവസത്തെ വാര്‍ത്തയിലാണ് ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് മറഡോണയെ ലോകകപ്പില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ച വിവരം അറിയുന്നത്. എനിക്കും ഉമ്മച്ചിക്കും ലോകം തീര്‍ന്നപോലെയാണ്. സ്‌കൂളില്‍ പിറ്റേന്നു കണക്കിന്റെ ക്ലാസ് ടെസ്റ്റുണ്ട്. ഞാനും ഉമ്മച്ചിയും ഭക്ഷണം പോലും കഴിക്കാതെ സങ്കടം പറഞ്ഞിരിക്കുകയാണ്. ഉത്തേജകം എന്തോ ഭീകര ഏര്‍പ്പാടാണ്. മറഡോണയെ കുടുക്കിയതാണെന്നാണ് ഞങ്ങള്‍ ആദ്യം വിശ്വസിച്ചത്. അതിനു പറ്റിയ വാര്‍ത്തകള്‍ എഴുതുന്ന മറഡോണപ്രേമികള്‍ അന്ന് മാതൃഭുമിയിലുണ്ട്. പരിശോധനക്കു പോകുമ്പോള്‍ മറഡോണ ചിരിച്ചുകൊണ്ട് പോകുന്ന ടി.വി ദൃശ്യം പത്രത്തില്‍ കണ്ടതോര്‍മയുണ്ട്. ഏതായാലും ആ ലോകകപ്പ് അവിടെ തീര്‍ന്നു. ബ്രസീല്‍ ജയിച്ചതൊക്കെ അങ്ങ് ചടങ്ങായി കണ്ടു തീര്‍ത്തതാണ്.

1998 ല്‍ മറഡോണയെ തോന്നിക്കുന്ന ഒര്‍ട്ടേഗ ആയിരുന്നു ഞങ്ങളുടെ ഹീറോ. അപ്പോഴേക്കും ഉമ്മ ബ്രിട്ടന്റെ മൈക്കല്‍ ഓവന്‍, റൊമാനിയയുടെ ഹാജി (1994 ഇല്‍ തന്നെ പറഞ്ഞു തുടങ്ങിയിരുന്നു ഹാജിയുടെ കളി നല്ലതാണെന്ന വാദം) എന്നിവരിലേക്കുപോയിരുന്നു- എനിക്ക് മറഡോണയെ വിട്ടു കളിയില്ല. ഡ്രിബിളിംഗില്‍ ഒര്‍ട്ടേഗ കാണിച്ച മിടുക്കു മറഡോണയുടെ തുടര്‍ച്ചയാണെന്നു തോന്നി. ആ ലോകകപ്പില്‍ എപ്പോഴും ഫൗള്‍ കിട്ടി മടുത്ത ഒര്‍ട്ടേഗ ഫൗള്‍ ചെയ്തു പുറത്തുപോയപ്പോള്‍ 1982 ഇല്‍ മറഡോണ പുറത്തു പോയപോലെയാണെന്നു ഞാന്‍ വിചാരിച്ചു. 2002 ഒര്‍ട്ടേഗയുടേതാവുമെന്നും. ഒന്നുമുണ്ടായില്ല. ഒര്‍ട്ടേഗ നിറം മങ്ങി അവസാനിച്ചു പോയി.

2006 ല്‍ മറഡോണയെപ്പറ്റിയുള്ള ഗൃഹാതുരത്വം പറയാന്‍ മാത്രമായി എനിക്ക് ഫുട്‌ബോള്‍- ചുറ്റുമുള്ള കൂട്ടുകാരും കുടുംബക്കാരും ഒക്കെ മറഡോണ ഫാന്‍സ്. അതുകൊണ്ടു തന്നെ അര്ജന്റീന ഫാന്‍സ്. എതിരില്ലാതെ ഞങ്ങളില്‍ മിക്കവരും കണ്ടിട്ട് കൂടിയില്ലാത്ത മറഡോണയുടെ കളിയെപ്പറ്റി നൊസ്റ്റാള്‍ജിയ പറഞ്ഞു.

ഇതിനിടയ്ക്ക് ഞങ്ങള്‍ സുഹൃത്തുക്കള്‍ ഇന്‍ക്രിമെന്റ് ലാംഗ്വേജ് സൊല്യൂഷന്‍സ് എന്ന പേരില്‍ ഒരു ലാംഗ്വേജ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം തുടങ്ങിയിരുന്നു ഹൈദരാബാദില്‍. സ്പാനിഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളില്‍ ട്രെയിനിങ് കൂടി കൊടുത്തിരുന്നു (കച്ചവടമിടുക്ക് അപാരമായിരുന്നതു കൊണ്ട് നഷ്ടം വന്നു മൂടി നിര്‍ത്തിയതാണ് പിന്നെ). സ്പാനിഷ് പഠിപ്പിക്കലിലെ പുലി ഹാമിദ് ഹുസെയ്ന്‍ ആണ് ട്രൈനെര്‍.

ആദ്യം കമ്പനികളില്‍ എന്തുകൊണ്ട് സ്പാനിഷ് പഠിക്കണം എന്ന് പറഞ്ഞു ഞാന്‍ ഒരു സെഷന്‍ എടുക്കണം. അങ്ങിനെ അവര്‍ക്കു ട്രെയിനിങ് പ്രൊജക്റ്റ് ഏറ്റെടുക്കാന്‍ തോന്നണം. എന്റെ പ്രെസെന്റെഷനില്‍ സ്പാനിഷിന്റെ ജോലി-കച്ചവട സാധ്യതകള്‍ക്കൊപ്പം അതിന്റെ കലാ-സാഹിത്യ പ്രാധാന്യത്തെപ്പറ്റിയും ഞാന്‍ പറയും. അവസാനത്തെ സ്ലൈഡ് ഇങ്ങനെയാണ്: “ഫുട്‌ബോളിന്റെ, ഫിഫയുടെ ഭാഷയാണ് സ്പാനിഷ്. ഒരു പക്ഷേ ലോകത്തേറ്റവും സ്‌നേഹിക്കപ്പെട്ട ഈ മനുഷ്യന്‍ സംസാരിക്കുന്ന ഭാഷയും” എന്ന് പറഞ്ഞു മറഡോണ 1986 ഇലെ വേള്‍ഡ് കപ്പുയര്‍ത്തുന്ന ഗൂഗിളില്‍ നിന്ന് കിട്ടിയ ചിത്രം കാണിക്കും.

2010ല്‍ മറഡോണ കോച്ച് ആയിവന്നതും മറഡോണയെപ്പോലെ കളിക്കുന്ന മെസ്സിയെ കിട്ടിയതും വീണ്ടും എന്നെ ഫുട്ബാളില്‍ എത്തിച്ചു. രണ്ടും പരാജയപ്പെട്ടു. തിരിച്ചുകിട്ടിയ മറഡോണ കണക്ഷനുമായി ഞാന്‍ ഫുട്‌ബോള്‍ വീണ്ടും കണ്ടു തുടങ്ങി. മെസ്സിയെ പിന്തുണക്കുന്നത്, അര്‍ജന്റീനയെ പിന്തുണക്കുന്നത് മറഡോണയോടുള്ള കൂറ് കാണിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. ഇപ്പോഴും തോന്നുന്നതും.

എന്താണ് ഈ മനുഷ്യനോട് ഇത്ര ഇഷ്ടം? ഞാന്‍ ആലോചിക്കാന്‍ ശ്രമിക്കാറുണ്ട്. ഇതെന്റെ മാത്രം കാര്യമാണോ? അര്‍ജന്റീനക്ക് ഉള്ള ഫാന്‍സില് വലിയൊരു ഭാഗം മറഡോണക്കുള്ളതാണെന്നു തോന്നിയിട്ടുണ്ട്. മുപ്പത്തിരണ്ട് വര്‍്ഷം മുമ്പ് നടന്ന ഒരു വേള്‍ഡ് കപ്പിലെ കളിയെപ്പറ്റിയാണ് പലരും ഇപ്പോഴും പറയുന്നതും. കളി കണ്ടുണ്ടായതിനേക്കാള്‍ വായിച്ചും കേട്ടും പറഞ്ഞും വളര്‍ന്ന, വളര്‍ത്തിയ ഇഷ്ടമാണത്. ഇത്രയും കടുത്ത മറഡോണ ആരാധകനായ ഞാന്‍ ഏറ്റവും കൂടുതല്‍ മറഡോണയുടെ കളികണ്ടത് യൂട്യൂബില്‍ ഹൈ ലൈറ്റ്സ് ആണ്. അവിടെ അദ്ദേഹത്തിന്റെ ഗംഭീരം പ്രകടനങ്ങള്‍ മാത്രമല്ലേ കാണുകയുള്ളു.

ഞാന്‍ ഓര്‍ക്കാറുണ്ട്: മറഡോണക്ക് ഇപ്പോള്‍ 58 വയസ്സായി. എന്റെ മനസ്സില്‍ ഇന്നും മറഡോണ ഒരു ചെറുപ്പക്കാരന്‍ തന്നെ. വയസ്സനാണെന്നു തോന്നുകയേ ഇല്ല. “എടുത്തു വയറ്റിലിടാന്‍ തോന്നും” എന്ന് വാത്സല്യത്തോടെ പറഞ്ഞിരുന്ന എന്റെ ഉമ്മച്ചിയുടെ ആറു വയസ്സിനിളപ്പമേയുള്ളു ഈ കുറിയ മനുഷ്യന്.

നിര്‍വചനം കൊണ്ട് ആജാനുബാഹുക്കളുടെതായ കളിയില്‍ ആര്‍ക്കും പാവം തോന്നുന്ന ശരീരം , ഫൗള്‍ ചെയ്തുകൊണ്ടിരിക്കുന്ന എതിരാളികള്‍ക്കിടയില്‍ നിസ്സഹായനായി എണീറ്റ് പോവേണ്ടിവരുന്ന ആ ഭാവം, ചിലനിമിഷങ്ങളില്‍ ഗൂഢമായി, മറ്റൊരാള്‍ക്കും ഇടയില്ലാത്ത വിധം പന്തിനോട് സ്ഥാപിക്കുന്ന ബന്ധം- അത് പോസ്റ്റിലെത്തിക്കുന്നതു വരെയുള്ള ഒരു കുട്ടിയുടെ ഏകാഗ്രത, ഗോള്‍ അടിയ്ക്കുന്നവനെപ്പോലും എന്‍.എസ് മാധവന്‍മാഷുടെ ഹിഗ്വിറ്റഭാഷയില്‍ പറഞ്ഞാല്‍ ഓര്‍ക്കസ്ട്രയിലെ ഒന്നാം വയലിനിസ്റ്റ് ആക്കുന്ന മിഡ്ഫീല്‍ഡറുടെ കാല്‍മിടുക്ക്, മുടിയനായ ധൂര്‍ത്തപുത്രന്റെ അശ്രദ്ധയോടെയെങ്കിലും ജീവിതത്തിലും കളയാത്ത കുട്ടിത്തം (മാധവിക്കുട്ടി എം.ടി യെക്കുറിച്ചുള്ള ലേഖനത്തില്‍ പറഞ്ഞപോലെ, ഒട്ടും വെറുപ്പിക്കാത്ത വീരവാദം – ചെറിയ കുട്ടി കളിപ്പാട്ടങ്ങള്‍ മുതിര്‍ന്നവര്‍ക്ക് കാണാനായി നിരത്തിവെക്കും പോലെ). ചൂതുകളിച്ചു എല്ലാം നശിപ്പിച്ചു ഭാര്യക്കുമുമ്പില്‍ മാപ്പപേക്ഷിച്ചു നില്‍ക്കുന്ന ഡോസ്റ്റോയെവ്‌സ്‌കിയിലും വശീകരിക്കാവുന്ന സൗന്ദര്യമുള്ളപ്പോഴും കുട്ടിത്തമുള്ള ഒരു മുഖത്തിന്റെ നിസ്സഹായത നിലനിര്‍ത്തിയ മറിലിന്‍ മണ്‍റോയിലും ആണോ പെണ്ണോ മുതിര്‍ന്നയാളോ കുട്ടിയോ ആകാതെ വേദനയുടെ അതിഭാവുകത്വത്തില്‍ ജീവിച്ച മൈക്കല്‍ ജാക്സണിലും എനിക്ക് മറഡോണയെ തോന്നിയിട്ടുണ്ട്. വിജയത്തിന്റെ, മിടുക്കിന്റെ എല്ലാ അളവ് കോലുകളേയും വെറുതെയാക്കി ഈ “ചെറുപ്പക്കാരന്‍”…

ലാറ്റിന്‍ അമേരിക്കയുടെ സംസ്‌കാരത്തില്‍ എന്തിലും അസത്യത്തിന്റെ ചെറിയ കൂട്ടിനു, അതിന്റെ കുസൃതിക്കു വലിയ സ്ഥാനമുണ്ടെന്ന് അഭിലാഷ് എന്‍.യു എഴുതിയ ഒരു ഇംഗ്ലീഷ് ലേഖനത്തില്‍ വായിച്ചതോര്‍ക്കുന്നു. മറഡോണയുടെ “ദൈവത്തിന്റെ കയ്യിനെ” അര്ജന്റീനക്കാര്‍ കാണുന്നതെങ്ങിനെ എന്ന് പറയുകയായിരുന്നു ലേഖനം. മറഡോണ എന്ന ചോദ്യമില്ലാത്ത കഥയില്‍, സമയം മറന്ന ഓര്‍മയില്‍, നമ്മളിലൊക്കെയുമുള്ള വളരാത്ത ആ കുട്ടിയാണുള്ളത് എന്ന് ആലോചിച്ചു പോവുകയാണ്. ചുറ്റുപാടുകള്‍ മാറുമ്പോഴും, ലോകം ചെറുതായിത്തുടങ്ങുമ്പോഴും ഒരിക്കലും ചെറുതാകാത്ത ആ പന്തില്‍ മാത്രം ശ്രദ്ധിച്ചു ലോകത്തോട് വാശി പിടിച്ചു നിന്ന ഒരു കുട്ടി. ഓമനത്വത്തിന്റെ ഇമേജിനോട് ഇഷ്ടത്തിനു ആദ്യാവസാനങ്ങളുണ്ടാവാമോ?

എന്‍.പി. ആഷ്‌ലി

ഡല്‍ഹി സെയിന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകന്‍

We use cookies to give you the best possible experience. Learn more