| Wednesday, 13th June 2018, 4:49 pm

താജ്മഹല്‍ കേവലമൊരു പ്രണയകഥയല്ല, സാമ്പത്തിക വ്യവസ്ഥ കൂടിയാണ്

എന്‍.പി. ആഷ്‌ലി

പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യന്‍ സഞ്ചാരികള്‍ താജ്മഹല്‍ കണ്ടു അത്ഭുതപ്പെട്ടു സംസാരിക്കാതിരിക്കാന്‍ പോലുമാവാതെ നിന്നുപോയിട്ടുള്ളതിനെപ്പറ്റി ആദ്യം കേട്ടത് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകന്‍ പ്രമോദ് നായരുടെ ക്ലാസ്സില്‍ വെച്ചാണ്.

പലരോടും ഒപ്പം പലപ്പോഴും താജ്മഹലില്‍ എത്തിയപ്പോഴും കൗതുകം തോന്നിയിട്ടുള്ളത് അവിടെയുള്ള വിദേശി സാന്നിധ്യത്തോടാണ്. രാവിലെ താജ് തുറക്കുന്ന സമയത്തായാലും വൈകീട്ട് അടക്കുന്ന നേരത്തായാലും ഇത്രയും വിദേശികളെ ഇന്ത്യയില്‍ വേറെ ഒരിടത്തും കണ്ടിട്ടില്ല. (നമ്മളെപ്പോലെ 40 രൂപയല്ല 1000 രൂപയാണ് വിദേശിയായ ഒരാള്‍ക്ക് ഇപ്പോള്‍ ടിക്കറ്റ് വില).

രണ്ടര നൂറ്റാണ്ടിലധികമായി അവര്‍ താജ്മഹല്‍ കാണാന്‍ വന്നു കൊണ്ടിരിക്കുന്നു. ഡല്‍ഹിയില്‍ നിന്ന് രാവിലെ പോകുന്ന ജനശതാബ്ദിയിലും മറ്റു ടൂറിസ്റ്റ് ട്രെയിനുകളിലും ഉള്ള നിറഞ്ഞ വിദേശി സാന്നിധ്യം പോരാഞ്ഞിട്ട് ആഗ്രയിലുള്ള ഒരു പാട് ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലുകള്‍, വിമാനത്താവളം, ടൂറിസവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന നിരവധി മനുഷ്യര്‍- എനിക്ക് തോന്നിയിട്ടുണ്ടു ഈ നാട് ജീവിക്കുന്നത് തന്നെ ഈ ഒരു കെട്ടിടത്തിന് ചുറ്റുമാണ്. വേറെ എന്താണ് ഇവിടേയ്ക്ക് മനുഷ്യരെ എത്തിക്കുന്നത്? തണുപ്പിലും ചൂടിലും റിക്ഷ ചവിട്ടിത്തളരുന്ന വയസ്സന്മാര്‍ മുതല്‍ മാര്‍ബിളിന്റെ പൊട്ടിലും പൊടിയിലും കുട്ടിത്താജ് ഉണ്ടാക്കുന്ന പയ്യന്മാര്‍ വരെ ഉള്‍പ്പെടുന്ന ഈ സാമ്പത്തികവ്യവസ്ഥിതിയെകൂടി കാണണം താജ്മഹലില്‍.

“പ്രണയത്തിന്റെയും കാല്പനികതയുടെയും മഹാ സൗധത്തിനു മുമ്പില്‍ വരവ് ചിലവിന്റെ കണക്കു പറയാമോ” എന്നൊരാള്‍ക്കു ചോദിക്കാം. ഈ ചോദ്യം തന്നെയാണ് നാം താജ്മഹലിനോട് ചെയ്ത ഏറ്റവും വലിയ തെറ്റ്. ഒന്നുകില്‍ നാമതിനെ കാല്പനികവല്‍ക്കരിച്ചു (മകന്‍ ഔറംഗസീബിനാല്‍ ആഗ്ര കോട്ടയില്‍ തടവിലാക്കപ്പെട്ടു താജ്മഹല്‍ അടുത്ത് കാണാവുന്ന കല്ലില്‍ നോക്കി വിലപിച്ചു കൊണ്ട് മരിച്ചുപോയ ഷാജഹാനെപ്പറ്റി നാം ഗദ്ഗദകണ്ഠരായി) ; അല്ലെങ്കില്‍ ഒരു രാജാവിന്റെ വിഭ്രാന്തമായ കൈത്തെറ്റായി കാണാം: മാര്‍ബിളില്‍ തീര്‍ത്ത ഭരണത്തിന്റെ വെളുപ്പില്‍ മാത്രമല്ല യമുനക്കു കുറുകെ കറുപ്പ് മാര്‍ബിളിലും താജ്മഹല്‍ ഉണ്ടാക്കി അവയെ ബന്ധിപ്പിച്ചു സ്വര്‍ണം കൊണ്ട് ഒരു പാലം കെട്ടാന്‍ ഉണ്ടായിരുന്ന പദ്ധതിയുടെ പേരില്‍ മൂക്കത്തു വിരല്‍ വെക്കാം. അനുഭവത്തിലും പ്രയോഗികതയിലും അധിഷ്ഠിതമായ ചോദ്യങ്ങള്‍ ചോദിച്ചതേ ഇല്ല.

ഇത് രണ്ടും ചരിത്രബോധമുള്ള പ്രതികരണങ്ങളല്ല. ചരിത്രം ഒരനിവാര്യതയാണ്. അന്ന് ഷാജഹാന്‍ താജ്മഹല്‍ ഉണ്ടാക്കിയത് ധൂര്‍ത്തായിരുന്നു എന്ന് പറയാം (അന്നത്തെ മൂല്യവ്യവസ്ഥിതിയില്‍ രാജാവിന് ചെയ്യാവുന്ന കാര്യം). എന്നാല്‍ ഇക്കണ്ട കാലത്തൊക്കെ കിട്ടിയ ടൂറിസ്റ്റ് വരുമാനം നോക്കിയാല്‍ അത് നന്നായി എന്നും പറയാം. ഒരു കാര്യം നിസ്സംശയം പറയാം: ഇനി ഒരു താജ്മഹല്‍ ഉണ്ടാക്കാന്‍ കഴിയില്ല. അതിന്റെ കാര്യവുമില്ല. ബുര്‍ജ് ഖലീഫയും എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിനും മറ്റു സ്‌കൈ സ്‌ക്രപേഴ്‌സിനും ശേഷം താജ്മഹലിനു വല്ലാതെ ഒന്നും ചെയ്യാനുമില്ല. ആഖ്യാനങ്ങളിലൂടെ, പുനരാവിഷ്‌കാരങ്ങളിലൂടെ താജ്മഹല്‍ നേടിയ ഖ്യാതി യാത്രകളുടെ ലോകത്തു ഇന്നും അതിനെ സവിശേഷമാക്കി നിര്‍ത്തുന്നുവെന്ന് മാത്രം.

ലോകത്തെ ഹിന്ദുവെന്നും ഹിന്ദു വിരുദ്ധരെന്നും മാത്രം മനസ്സിലാക്കി, സ്വന്തം അധമബോധം കൊണ്ട് (inferiority complex) താജ്മഹല്‍ തകര്‍ക്കാനും അതിന്റെ കഥ മാറ്റിയെഴുതാനും നടക്കുന്ന ഹിന്ദുത്വക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഒരു സാമ്പത്തികവ്യവസ്ഥയെയും ഒരനുഭവമണ്ഡലത്തെയും തന്നെയാണ്. വിനോദയാത്ര വരുന്ന വിദേശിയെപ്പോലും അടുപ്പിക്കാന്‍ കഴിയാത്ത മാടമ്പിത്തരം ഈ നാട്ടിലെ നിയമവാഴ്ചയെ എവിടെ എത്തിക്കും എന്ന് ആലോചിച്ചാല്‍ മതി. ഈ അക്രമികളെ എല്ലാവരും പിന്നെപ്പിന്നെ സഹിക്കേണ്ടി വരും.

അവര്‍ക്കിങ്ങനെ ചെയ്യാന്‍ കഴിയുന്നതില്‍ ചരിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശത്തോടു നാം കാണിച്ച ഉദാസീനത കൂടി ഇല്ലേ? 20000 മനുഷ്യര്‍ 19 വര്‍ഷം ജോലി ചെയ്തു കെട്ടിടരൂപകല്പനയിലും സ്ഥലസങ്കല്‍പനത്തിലും നിറങ്ങളുടെ, വരകളുടെ ഉപയോഗത്തിലും എവിടെനിന്നു നോക്കിയാലും തൊട്ടടുത്തെന്നു തോന്നിക്കുന്ന എഞ്ചിനീയറിംഗ് വൈഭവത്തിലും അമ്പരപ്പിക്കുന്ന symmetry യിലും മനുഷ്യാദ്ധ്വാനത്തിന്റെ മഹാസ്മാരകം ആയി മനസ്സിലാക്കപ്പെടേണ്ടിയിരുന്ന താജ്മഹലിനെ ഒരാളുടെ പ്രണയകഥയായി അവസാനിപ്പിച്ചതില്‍ നമ്മുടെ ചരിത്രകാരന്മാരുടെ അലസതക്ക് നല്ല പങ്കില്ലേ? ചരിത്ര പുസ്തകങ്ങള്‍ക്ക് പുറത്തു തൊഴിലാളിയെയും കലാകാരന്മാരെയും നാം കണ്ടിട്ട് കൂടി ഉണ്ടോ? അവരുടെ ലഭ്യമായ ചരിത്രങ്ങളേക്കൂടി ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? അങ്ങിനെയൊരു രീതി സ്ഥാപിക്കപ്പെട്ടിരുന്നുവെങ്കില്‍ ഷാജഹാന്‍ താജ്മഹലിന്റെ നിര്‍മിതിയില്‍ ഒരാള്‍ മാത്രമാണെന്ന ശരിയായ ചരിത്രബോധം ബാക്കിയാവുമായിരുന്നു. ആ കാഴ്ചപാട് ഈ ഗംഭീരശില്‍പ്പത്തിന് വേണ്ടി അടിമപ്പണിചെയ്ത അമ്പരപ്പിക്കുന്ന മനുഷ്യരുടെ കൂടി ഓര്‍മക്കല്ലറകളെ സങ്കല്പിക്കുന്നതിലേക്കു നമ്മെ എത്തിക്കുമായിരുന്നു.

പിന്നെ ഇതൊക്കെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കണമെങ്കില്‍ 73 മീറ്റര്‍ ഉയരമുള്ള, മുന്നൂറ്റമ്പതിലധികം പ്രായമുള്ള ആ വെള്ളക്കെട്ടിടം അവിടെ ബാക്കിയാവണം എന്ന് കൂടിയുണ്ട്…പൊളിഞ്ഞു കഴിഞ്ഞാല്‍ എന്താണ് ചെയ്യേണ്ടതെന്ന് ആര്‍ക്കുമറിയാത്ത ഒരു ശൂന്യതയുടെ പേരായിരിക്കും…

എന്‍.പി. ആഷ്‌ലി

ഡല്‍ഹി സെയിന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകന്‍

We use cookies to give you the best possible experience. Learn more