ശൈലജ ടീച്ചര്‍ ജയിച്ചതിലും കെ.കെ. രമ ജയിച്ചതിലും ഒരുപോലെ സന്തോഷം പ്രകടിപ്പിക്കുന്നത് തട്ടിപ്പാണെന്നു രണ്ടു ഭാഗത്തുമുള്ള കുറെ മലയാളി ആണുങ്ങള്‍ പറയുന്നു. ആണോ? ഈ രണ്ടാളുടെ വിജയത്തിലും സന്തോഷമുള്ള ആളാണ് ഞാന്‍. എന്റെ കാരണം വിശദീകരിക്കാം.
ലോകാസകലമുള്ള എല്ലാവരെയും ഞെട്ടിച്ച കൊറോണക്കു മുമ്പ് നിപ്പ എന്ന എത്രയോ കൂടുതല്‍ മരണകരമായ വൈറസ് തടുത്തു നിര്‍ത്തുന്നതിനു ശൈലജ ടീച്ചര്‍ കൊടുത്ത നേതൃത്വം കൊണ്ട് തന്നെ മനസ്സിലായതാണ് ഇവരില്‍ ജാഗ്രതയും ആരോഗ്യ സംവിധാനത്തെക്കുറിച്ചുള്ള ധാരണയും വിദഗ്ധരെ കേള്‍ക്കാനുള്ള സന്നദ്ധതയും പ്രതിസന്ധി നേരിടാനുള്ള കഴിവും നന്നായി ഉണ്ട് എന്നത്. കോറോണയോടെ അത് വീണ്ടും വ്യക്തമായി. പെണ്ണുങ്ങളെ വീട്ടിലിരുത്തണം എന്ന് പറഞ്ഞിരുന്ന ആണുങ്ങളുടെ സാമൂഹിക-സാമ്പത്തിക ലോകബോധത്തെ തിരുത്താന്‍ അവര്‍ നമ്മെ നിര്‍ബന്ധിതയാക്കി.
കേരള രാഷ്ട്രീയത്തിന്റെ ഒരു തമോഗര്‍ത്തമാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍. കണ്ണൂരിലെ മാത്രം കൊലപാതകങ്ങള്‍ക്ക് 53 വര്‍ഷത്തെ പഴക്കമുണ്ട്. കുടിപ്പകയും പാര്‍ട്ടി ശത്രുവിനെ ഉന്മൂലനം ചെയ്യുക തുടങ്ങിയ എന്ന സോഷ്യല്‍ ഫാസിസ്റ്റ് രീതിയും കൊണ്ട് കേരളത്തില്‍ കുറെ സി.പി.ഐ.എമ്മും ആര്‍.എസ്.എസും ആയ മനുഷ്യരുടെ ജീവനെടുത്തിട്ടുണ്ട്.
കോണ്‍ഗ്രസ്സുകാരും ലീഗുകാരും എല്ലാവരും പലയിടങ്ങളിലും വീണു മരിച്ചിട്ടുണ്ട്. എപ്പോള്‍ ആര് കൊല്ലപ്പെടുമെന്നു അറിയാത്ത ഭീതിയില്‍ ജീവിക്കുന്ന ഗ്രാമങ്ങള്‍ കേരളത്തില്‍ ഇപ്പോഴുമുണ്ട്. ആക്രമണ-പ്രത്യാക്രമണങ്ങളുടെ വ്യാസം വര്‍ധിച്ചു വരുന്ന ഹീനമായ ഒരു ചക്രമാണത്. ആ നിരയില്‍ മതപരിത്യാഗിയെ ഗോത്രശത്രുവായിക്കാണുന്നപോലെ പാര്‍ട്ടിയെവിട്ട ഒരാളെക്കണ്ടു കൈകാര്യം ചെയ്ത സംഭവമാണ് ടി.പി. വധം.
വധം മാത്രമല്ല, വധിച്ച രീതിയും. ആണുങ്ങളുടെ അഹന്തയ്ക്കും സ്ത്രീയെ വിധവയാക്കിയാല്‍ അവരുടെ ജീവിതം അവസാനിച്ചു എന്ന കാഴ്ചപ്പാടിനെയും പാടെ തിരുത്തി എഴുതിക്കൊണ്ടാണ് കെ.കെ. രമ ഒരു നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ചിരിക്കുന്നത്. ഒരു അടയാളം എന്ന നിലക്ക്, ഒരു രാഷ്ട്രീയ പ്രസ്താവന എന്ന നിലക്കു തന്നെ അവരെ പിന്തുണക്കുക ഒരു ധാര്‍മിക ഉത്തരവാദിത്വമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ആണുങ്ങള്‍ ആണുങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി ആണുങ്ങളാല്‍ നടത്തുന്ന കേരളീയ രാഷ്ട്രീയം എന്ന അനുഷ്ഠാനത്തിന് കാര്യമായ മാറ്റങ്ങള്‍ വേറെയും വരാന്‍ പോകുന്നുണ്ട്: സ്ത്രീകള്‍ ഒരു വോട്ടുബാങ്കാവുന്നു. ഇപ്രാവശ്യം പിണറായി വിജയന്‍ ജയിച്ചത് എല്ലാ കമ്മ്യൂണിറ്റിയിലെയും സ്ത്രീകളുടെ പിന്തുണ നേടിയെടുക്കാന്‍ കഴിഞ്ഞത് കൊണ്ട് കൂടിയാണ്. മാത്രമല്ല, ജനസംഖ്യയുടെ അമ്പത് ശതമാനം വരുന്ന അവരെ അഡ്രസ് ചെയ്യാതെ ഒരു രാഷ്ട്രീയ കക്ഷിയും ഇനി ജയിക്കാന്‍ പോകുന്നില്ല. അങ്ങിനെ ഒരു രാസമാറ്റം തെരഞ്ഞെടുപ്പില്‍ നടന്നു കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ട് മതത്തിന്റെ പേരിലായാലും പാര്‍ട്ടിയുടെ പേരിലായാലും സ്ത്രീകളെ പരസ്പരം തല്ലാന്‍ വിട്ടു സ്വന്തം കാര്യം നടത്തുന്ന ആണ്‍കുറുക്കത്തരം വിജയിക്കാന്‍ പാടാണ്.
ഇനി ടി.പി. വധത്തില്‍ പങ്കുള്ളവര്‍ കൂടി ഉണ്ടായിരുന്ന ഒരു പാര്‍ട്ടിയുടെ അംഗമാണ് എന്നതു കൊണ്ട് ശൈലജ ടീച്ചറെ ഒരിക്കലും പിന്തുണക്കില്ല എന്ന് പറഞ്ഞാല്‍ രാഷ്ട്രീയകൊലപാതകം നടത്താത്ത ഏതു പാര്‍ട്ടിയാണ് കേരളത്തില്‍ ഉള്ളത്? ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ട കലാപം ഇന്നും 1984 ഇലെ സിഖ് വിരുദ്ധ കലാപമാണ്. അതിനു എല്ലാ നിലക്കും കാരണമാവുകയും കുറ്റവാളികളെ മൂന്നര ദശകങ്ങളില്‍ അധികം സംരക്ഷിക്കുകയും ചെയ്ത കോണ്‍ഗ്രസിനോട് എന്താണ് പറയേണ്ടത്? സഫ്ദര്‍ ഹാഷ്മിയുടെ പേരുള്ള ഒരു സാംസ്്കാരികവേദിയുണ്ട് ആര്‍.എം.പി ക്ക് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്? സഫ്ദറിനെ കൊന്നത് കോണ്‍ഗ്രസ്സുകാരാണ് എന്നത് കൊണ്ട് കോണ്‍ഗ്രസ്സുമായി ആര്‍.എം.പി പാര്‍ട്ടിക്കാരിയായ രമ സഖ്യമുണ്ടാക്കരുത് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ?
ഇനി മാര്‍ക്‌സിസ്റ്റ് വിരോധം, പിണറായി വിരോധം മാത്രമാണ് രമ എന്നുള്ള പാര്‍ട്ടിക്കാരുടെ വാദവും ഇത് പോലെ പിഴച്ചതാണ്. അവര്‍ എന്ത് പറയുന്നു, അവര്‍ എന്ത് ചെയ്യുന്നു എന്നുള്ളത് പറയുമ്പോഴും ചെയ്യുമ്പോഴും മാത്രം മനസ്സിലാവുന്ന കാര്യമാണ്. അതിനു മുമ്പെയുള്ള ചിലരുടെ പുച്ഛം തികഞ്ഞ ആണ്‍ അഹന്തയാണ്. ഇപ്പോഴുള്ള ഈ തെറിവിളി വിജയന്മാഷ് മുമ്പ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ പറഞ്ഞപോലെ, ഉറപ്പില്‍ നിന്ന് വരുന്നതല്ല, ഉറപ്പില്ലായ്മയില്‍ നിന്ന് വരുന്നതാണ്. രമയോടും കേരള ജനതയോടും ചെയ്തത് വലിയ തെറ്റാണ്. അത് തിരുത്താന്‍ ചെയ്യാവുന്നത് രാഷ്ട്രീയമാന്യതയോടും മാനവികശ്രദ്ധയോടും മാത്രം അവരോടു പെരുമാറുക എന്നതാണ്.
ശൈലജ ടീച്ചറും കെ.കെ. രമയും രാഷ്ട്രീയ നേതൃത്വത്തിലേക്കുയര്‍ന്ന് വരുമ്പോള്‍ പെണ്ണുങ്ങളെ അടിച്ചിരുത്തലും അടച്ചിരുത്തലും നിര്‍ത്തുക, അക്രമരാഷ്ട്രീയം അവസാനിപ്പിക്കുക എന്നീ രണ്ടു പാഠങ്ങള്‍ എന്നെന്നേക്കുമായി പഠിക്കുക മാത്രമാണ് നമ്മള്‍ ആണുങ്ങള്‍ക്കുള്ള ഓപ്ഷനുകള്‍!
(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക