ജൗഹര്‍ മുനവര്‍ എന്ന മലയാളി മുസ്‌ലിം ആണ്‍ അധ്യാപകന്‍ നടത്തിയ സ്ത്രീവിരുദ്ധപരാമര്‍ശങ്ങളെപ്പറ്റിയുള്ള തര്‍ക്കം ഫാറൂഖ് കോളജിലെ ഒരു മുസ്ലിം വിദ്യാര്‍ഥിനി കേസുകൊടുക്കുന്നതിലേക്കും അദ്ദേഹത്തിനെതിരെ പൊലീസ് കേസെടുക്കുന്നതിലേക്കും എത്തിനില്‍ക്കുകയാണല്ലോ. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കു യാതൊരു പഞ്ഞവുമില്ലാത്ത കേരളത്തില്‍ ജൗഹറിനെതിരെ മാത്രം കേസ്സെടുക്കുന്നത് ഇടതുസര്‍ക്കാറിന്റെ മുസ്‌ലിം വിരുദ്ധതയാണെന്ന് പറഞ്ഞ് മുസ്‌ലിം സംഘടനകളും മുമ്പോട്ടു വന്നിട്ടുണ്ട്.
ഒരു സ്ത്രീ പ്രശ്‌നമായി ആരംഭിച്ച വിഷയമിപ്പോള്‍ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും പ്രതിരോധവും കഴിഞ്ഞപ്പോള്‍ ഒരു ഇടതുപക്ഷ-മുസ്‌ലിം പോരാട്ടത്തിന്റെ അവസാന ഉദാഹരണമായി മാറിക്കഴിഞ്ഞു. കേരളീയ മുസ്‌ലീംങ്ങളുടെ പുരുഷാധിപത്യധാരണകളെക്കുറിച്ചും സര്‍ക്കാറിന്റെയോ പൊതുസമൂഹത്തിന്റെയോ ഇസ്‌ലാം വെറുപ്പിന്റെ കാര്യത്തിലും ഉള്ള തീര്‍പ്പുകളെ ഊട്ടിയുറപ്പിക്കാനും ഭീതിയെയോ സംശയത്തെയോ വെറുപ്പിനെയോ കൂട്ടാനും മാത്രമാണ് ആകപ്പാടെ ഈ വിവാദം സഹായിച്ചിട്ടുള്ളത്.
ഫാറൂഖ് കോളജില്‍ നടന്ന ഹോളി ആഘോഷത്തോട് ചില അധ്യാപകരും അനധ്യാപക ജീവനക്കാരും നടത്തിയ മോശമായ പ്രതികരണത്തോടുള്ള വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഇടയില്‍ കയറി വന്നതുകൊണ്ടാണ് വിഷയം ഇത്ര ശ്രദ്ധയാര്‍ജ്ജിച്ചത് എന്നതില്‍ സംശയമില്ല. ആ സംഭവം പോലും മാറിനില്‍ക്കേണ്ട വണ്ണം അനുകൂല പ്രതികൂല നിലപാടുകളുടെ ബഹളമാണ് സമൂഹമാധ്യമങ്ങളില്‍.
എങ്ങിനെയാണിതു സംഭവിച്ചത്?
എന്തുസംഭവിച്ചാലും തങ്ങള്‍ക്കറിയാവുന്ന ഭാഷയിലേക്ക്, തങ്ങള്‍ക്കു പരിചയമുള്ള ചര്‍ച്ചയിലേക്ക് ആ സംഭവത്തെ പരിഭാഷപ്പെടുത്തുക എന്നത് മലയാളിയുടെ സ്ഥിരം സ്വഭാവമാണ്. സ്വന്തം ലോകത്തെ ഒരു ഇഞ്ചും വളര്‍ത്താതെ ചുറ്റുപാടുമുള്ള എല്ലാത്തിനെയും പുച്ഛത്തോടെ തള്ളിക്കളയാനും മാര്‍ക്കിടാനുമുള്ള നമ്മുടെ ആത്മവിശ്വാസം ഈ എക്‌സര്‍സൈസില്‍ നിന്നു കിട്ടുന്നതാണ്.
പ്രശ്‌നം എന്തല്ലാം?
ജൗഹര്‍ മുനവറിന്റേതു മതപ്രബോധനമാണ്, അത് മുസ്‌ലീംകളുടെ ആഭ്യന്തര വിഷയമാണെന്നു അനുകൂലി മുസ്‌ലീംകളും ഇസ്ലാമിന്‍റെ മൊത്തം കുഴപ്പമാണെന്ന് മുസ്‌ലിം വിരുദ്ധരും രണ്ടുവശത്തുനിന്നും പറഞ്ഞു. അദ്ദേഹം പറഞ്ഞത് സദാചാരവാദമാണെന്നു പറഞ്ഞ് ഒരു വശം ബഹളമുണ്ടാക്കിയപ്പോള്‍ സദാചാര സംരക്ഷണത്തില്‍ എന്താണ് തെറ്റെന്നു എതിര്‍വശം ചോദിച്ചു.
കാലികവൈകാരികത (Topical Sensationalism) ഒരു മേനിയായികൊണ്ടു നടക്കുന്ന മലയാളി സമൂഹത്തില്‍ ഒരു കൂട്ടര്‍ ജൗഹര്‍ മുനവറിന്റെ പ്രസംഗത്തെ നിറംപിടിപ്പിച്ച മതഘോഷങ്ങളിലൂടെ ഒറ്റ തിരിച്ച് പ്രതിഷേധിച്ചപ്പോള്‍ എതിര്‍ക്കുന്നവര്‍ സ്ത്രീവിരുദ്ധമോ സദാചാരപരമോ ആയി മറ്റുപലരും നടത്തിയ പ്രസ്താവനകള്‍ ഉപയോഗിച്ച് വിഷയത്തെ സാധാരണവല്‍ക്കരിക്കാനും തള്ളിക്കളയാനും ജൗഹര്‍ അനുകൂലികള്‍ ശ്രമിച്ചു. മറുവശം പാപികളോ അടിമകളോ ആണെന്ന തീര്‍ച്ചയില്‍ നടന്ന ഈ ഏറ്റുമുട്ടലുകളിലുള്ള ഏറ്റവും അടിസ്ഥാനപരമായ പ്രശ്‌നം മതവിശ്വാസം മതപ്രബോധനം, സദാചാരവാദം, സദാചാരവിരുദ്ധവാദം, സമൂഹത്തില്‍ ഒരിക്കലുമില്ലാത്തതും എന്നും നടക്കുന്നതുമായ കാര്യങ്ങള്‍ എന്നിവയൊന്നും ഇവിടുത്തെ വിഷയമേ ആവേണ്ടതില്ല എന്നതാണ്. അല്ലായിരുന്നു താനും.
ഒരു പുരുഷന്‍ സ്ത്രീകളെക്കുറിച്ചോ ഒരു മനുഷ്യന്‍ മറ്റുമനുഷ്യരെക്കൊണ്ടോ ഒരു മുസ്‌ലിം മറ്റു മുസ്‌ലീംകളെക്കൊണ്ടോ ഒരു മലയാളി മറ്റു മലയാളികളെക്കൊണ്ടോ ഒരു അധ്യാപകന്‍ സഹോദരസ്ഥാപനത്തിലെയോ സ്വന്തം സ്ഥാപനത്തിലെയോ കുട്ടികളെപ്പറ്റിയോ അവര്‍ സ്വന്തം ശരീരം കാണിച്ച് പ്രലോഭിപ്പിക്കാന്‍ നടക്കുന്നവരാണെന്നു ഈ ഭാഷയില്‍ പറയാമോ എന്നു മാത്രമായിരുന്നു ചോദ്യം. ആ ചോദ്യത്തെ മറച്ചുപിടിക്കുക എന്നൊരു പണിയാണ് മേല്‍വിസ്തരിച്ച ബഹളങ്ങളെല്ലാം കൂടി ചെയ്തിരിക്കുന്നത്. ശരി എന്ത് തെറ്റെന്ത് എന്നാര്‍ക്കും പ്രശ്‌നമല്ല. ശത്രു ക്യാമ്പിന്റെ നിലപാട് നോക്കി സ്വന്തം നിലപാട് ഉണ്ടാക്കുന്ന എല്ലാവരും ചേര്‍ന്ന് ഇപ്പോള്‍ സാമൂഹ്യനീതിക്കും ആത്മാഭിമാന സംരക്ഷണത്തിനുമായി നമ്മുടെ സ്ത്രീകള്‍ നടത്തിയ ഒരു ചെറുത്തുനില്‍പ്പിനെ കുഴിച്ചുമൂടിക്കഴിഞ്ഞിരിക്കുന്നു. നീതിക്കും ആത്മാഭിമാനത്തിനും വേണ്ടി എഴുന്നേറ്റ് നിന്ന് ശബ്ദിച്ച മിനു ഫര്‍സാനയും ഫാത്തിമ തഹ്്‌ലിയയും ഷംന ഫാത്തിമയുമടക്കമുള്ള ഒരുപാട് സ്ത്രീകളെ അദൃശ്യരാക്കിക്കളഞ്ഞിരിക്കുന്നു.
എന്താവാമായിരുന്നു?
തന്റെ പരാമര്‍ശം സ്വന്തം വിദ്യാര്‍ഥിനികളടങ്ങിയ സ്ത്രീകള്‍ക്ക് വിഷമമുണ്ടാക്കിയതില്‍ ഖേദിക്കുന്നു, ഇനി ആവര്‍ത്തിക്കില്ല എന്നൊരു വാക്ക് ജൗഹര്‍ മുനവറിന് പറയാന്‍ പറ്റിയിരുന്നെങ്കില്‍ ഒരു പ്രതിഷേധയോഗം പോലും ഇക്കാര്യത്തില്‍ നടത്താന്‍ ഒരാള്‍ക്കും കഴിയുമായിരുന്നില്ല. അത്രയൊക്കെ ശ്രദ്ധ, കാരുണ്യം, വിനയം അധ്യാപകര്‍ക്കുണ്ടാവണം.
വംശീയമോ വിദ്വേഷജനകമോ വ്യക്തിഹത്യ നടത്തുന്നതോ ആയ രീതിയില്‍ അധ്യാപകനും അധ്യാപികയും കലാലയത്തിലോ പുറത്തോ സംസാരിക്കരുത് എന്നൊരു നിര്‍ദേശം പ്രിന്‍സിപ്പലുകള്‍ക്കോ മാനേജ്‌മെന്റുകള്‍ക്കോ നല്‍കാമായിരുന്നു. മതപ്രസംഗങ്ങളിലും കുടുംബയോഗങ്ങളിലും സംസാരിക്കുമ്പോള്‍ സ്ത്രീവിരുദ്ധമായതോ ജാതീയമായതോ ഇതരമതവിദ്വേഷമായോ ആയ കാര്യങ്ങള്‍ പറയാനോ മാന്യമല്ലാത്ത ഭാഷ ഉപയോഗിക്കാനോ പാടില്ലെന്ന് മുസ്‌ലിം മതസമുദായ നേതാക്കള്‍ക്ക് ഒരു ധാര്‍മ്മികരേഖ(Code of Ethics) ഉണ്ടാക്കാമായിരുന്നു.
ഇപ്പറഞ്ഞതൊക്കെ മുസ്‌ലീംകള്‍ക്ക് മതിയോ മറ്റുള്ളവര്‍ എന്തൊക്കെ ചെയ്യുന്നു എന്നു ചോദിക്കുന്നവരോട് പറയാനുള്ളത് മറ്റു മതക്കാര്‍ ചെയ്യുന്നു എന്നത് വഷളത്തരം ചെയ്യാനുള്ള ലൈസന്‍സാക്കി എടുക്കരുതെന്നാണ്. അവരേക്കാള്‍ നന്മയും സ്‌നേഹവും മാന്യതയും കാണിക്കാനല്ലേ മുസ്‌ലീംകള്‍ ശ്രമിക്കേണ്ടത്? ശരിയായ പാത എന്നു നിങ്ങള്‍ തന്നെ പറയുന്ന പാതക്ക് മറ്റുള്ളവരുമായി സമയപ്പെടുത്തി ന്യായീകരണം ചമക്കേണ്ട ദൗര്‍ബ്ബല്യം എങ്ങിനെ വന്നുപെടുന്നു?
ഈയടുത്ത കാലത്ത് അങ്ങിനെ മുസ്‌ലിം സമുദായം സ്വന്തം അന്തസ്സ് കാണിച്ച ഒരു സംഭവം പറയാം. മലപ്പുറത്ത് മഫ്തയിട്ട് കുറച്ചുപെണ്‍കുട്ടികള്‍ ഫ്‌ളാഷ് മോബ് നടത്തി. ഇതിനെതിരെ വലിയ തോതില്‍ സാമൂഹ്യമാധ്യമങ്ങളില്‍ അക്രമമുണ്ടായപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളും നേതൃത്വത്തിലും അല്ലാതെയും പ്രതിഷേധം നടന്നു. അതോടെ മോശമായ ഭാഷയില്‍ ചീത്തവിളിക്ക് ആക്കംകൂടി. ഇതില്‍ ജസ്‌ല എന്ന പെണ്‍കുട്ടിയെ തെരഞ്ഞുപിടിച്ചുള്ള അറ്റാക്കും ഉണ്ടായിരുന്നു.
മതവിശ്വാസത്തിന്റെ കാര്യങ്ങളില്‍ സ്വന്തം അഭിപ്രായം പറയാനും വിമര്‍ശിക്കാനും ആര്‍ക്കും അവകാശമുണ്ടെങ്കിലും സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിക്കാനും ഭീഷണി മുഴക്കാനും പാടില്ലെന്ന് പറഞ്ഞുകൊണ്ട് വിവിധ മതസംഘടനകളില്‍പ്പെട്ടവരും അല്ലാത്തവരുമായ മുസ്‌ലീങ്ങള്‍ മുന്നോട്ടുവന്നു.
ഇസ്‌ലാമിനു വേണ്ടിയെന്ന പേരില്‍ നടക്കുന്നതെന്നു പറയുന്ന ഈ മോശം കാര്യങ്ങള്‍ ഇസ്‌ലാമിക വിരുദ്ധമാണെന്നു പറയുക മാത്രമല്ല, മറ്റ് മതവിശ്വാസങ്ങളുടെയും സമുദായങ്ങളുടെയും പേരില്‍ നടക്കുന്ന ഭീഷണികളെയും തെറികളെയും തള്ളിപ്പറയാന്‍ അതാതു വിഭാഗങ്ങള്‍ മുന്നോട്ടുവരണമെന്നും പറഞ്ഞുള്ള പ്രസ്താവനയില്‍ ഒപ്പുവെച്ചവരില്‍ പ്രഫ. മുഹമ്മദ് കട്ടശ്ശേരി, സി.ടി അബ്ദുറഹീം, അമാനത്ത് അബ്ദുസ്സല്ലാം ഫൈസി, ഹുസൈന്‍ കക്കാട്, ഡോ.ഐ.പി അബ്ദുസ്സല്ലാം, അബൂബക്കര്‍ ഫൈസി മലയമ്മ തുടങ്ങിയവരുണ്ടായിരുന്നു.
ഞാന്‍ മനസിലാക്കുന്നത് ശരിയാണെങ്കില്‍ സൈബര്‍ ബുള്ളിയിംഗിനെതിരായും സാമൂഹ്യമാധ്യമങ്ങളില്‍ പെരുമാറുമ്പോള്‍ കാണിക്കേണ്ട മാന്യതയെപ്പറ്റിയും മലയാളത്തില്‍ ഒരു സമുദായത്തിന്റെ ഭാഗത്തുനിന്നു വന്ന ആദ്യത്തെ പ്രസ്താവനയാണ് അത്. ഇത് സമുദായത്തെ മറ്റു സമുദായങ്ങളുടെ മുമ്പില്‍ നടത്തുകയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുകയുമാണ് ചെയ്തത് എന്നാണ് ഞാന്‍ വിചാരിക്കുന്നത്.
അത്തരം ധാര്‍മ്മിക ഇച്ഛാശക്തി കാണിക്കാനുള്ള സമയമായിരുന്നു അത്. ഇതൊക്കെ കീഴടങ്ങലാണെന്നു വിചാരിക്കുന്നവര്‍ക്ക് അധാര്‍മ്മികമായ ഗോത്രബോധമേ ഉള്ളൂ എന്നാണ് എന്റെ പക്ഷം. പറ്റിയ വീഴ്ച, വന്ന തെറ്റ്, വരുത്തിയ പിഴ തിരുത്തുന്നതിലൂടെ ഒരു കമ്മ്യൂണിറ്റിയെന്ന നിലയില്‍ വിദ്യാര്‍ഥി സമൂഹവും അധ്യാപകരും കൊളജ് നേതൃത്വവും വളരുമ്പോള്‍ പുതിയ സ്ത്രീനീതിയുടെ ബോധ്യങ്ങളിലൂടെ മതസമുദായത്തിന്റെ ആഴം വര്‍ധിക്കുമ്പോള്‍, പ്രശ്‌നത്തെ സാമൂഹികമായും രാഷ്ട്രീയപരമായും മനസ്സിലാക്കാനുമുള്ള കഴിവാണ് പൊതുസമൂഹം കാണിക്കേണ്ടിയിരുന്നത്. അങ്ങനെ എന്നും ചീത്തപ്പേരുള്ള ലിംഗനീതിയില്‍ ഒരടി മുന്നോട്ട് വെയ്ക്കാന്‍ നമ്മള്‍ മലയാളികള്‍ക്കാവുമായിരുന്നു.
ഇപ്പോള്‍ ബാക്കിയായത്
ഫാറൂഖ് കോളജിലെ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ പോയതിന് ഞാന്‍ എതിരാണ്. അതുവേണ്ടായിരുന്നു എന്നാണ് എന്റെ പക്ഷം. പക്ഷേ അവരെ ഞാന്‍ കുറ്റംപറയില്ല. കാരണം ഒരു വിദ്യാര്‍ഥിനിക്ക് നീതിതേടി പൊലീസ് സ്റ്റേഷനില്‍ പോവേണ്ടി വരുന്നത് ക്രൂരമോ ധിക്കാരപരമോ അല്ല, ദുരന്തപൂര്‍ണ്ണമാണ്. നീതിയും അഭിമാനവും സംരക്ഷിക്കാനുള്ള വിദ്യാഭ്യാസ വ്യവസ്ഥിതിയിലെ പല തലത്തിലുള്ള ഓഫീസുകളും ജൈവികമായ ഒരു കൂട്ടായ്മയുടെ ഓജ്ജസ്സും പരാജയപ്പെടുത്തുന്നിടത്തേ കുട്ടികള്‍ മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെ പൊലീസ് സ്റ്റേഷനിലെത്തൂ. ഇനി അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധത്തിന്റെ ആത്മവിശ്വാസം ആരു വീണ്ടെടുക്കും?
ഇനി സൈബര്‍ മാധ്യമസഹായികളും മുസ്‌ലിം സമുദായ നേതൃത്വത്തിലുള്ള എല്ലാവരും കൂട്ടിനുണ്ടെന്ന് വന്നാലും ജൗഹര്‍ മുനവര്‍ എന്ന അധ്യാപകന്‍ എങ്ങിനെയാണ് സ്വയം ന്യായീകരിക്കാന്‍ പോവുന്നത്? തന്നെ നോക്കുന്ന ചില കണ്ണുകളിലെങ്കിലുമുള്ള രോഷത്തെ എന്തു ചെയ്ത് ഒതുക്കാമെന്നാണദ്ദേഹം വിചാരിച്ചിരിക്കുന്നത്? തങ്ങളെന അപമാനിച്ചിട്ടും അതിത്ര വിഷയമായിട്ടും, ഗോത്രീയമായ അഭിമാനബോധംകൊണ്ട്, അപമാനിച്ച ആള്‍ക്കൊപ്പം സ്വന്തം സഹോദരിയുടെയോ ഉമ്മയുടെയോ മകളുടെയോ വേദന കണക്കാക്കാതെ നിന്നവരെ എന്തിന്റെ പേരിലാണ് ഈ കുട്ടികള്‍ നില്‍ക്കേണ്ടത്? നാളെ ഗാര്‍ഹികപീഡനമോ സ്ത്രീധനപീഡനമോ ഉണ്ടായാല്‍ നിങ്ങളോടൊക്കെ എന്ത് കണ്ടിട്ടാണിവര്‍ പറയേണ്ടത്?
ഏത് വിഷയമുണ്ടായാലും അതിനെ മുസ്‌ലിം വിഷയമുയര്‍ത്തിപ്പിടിച്ച് ധാര്‍മ്മികവും സാമ്പത്തികവും നിയമപരവുമായ എല്ലാ വശങ്ങളേയും മാറ്റിവെക്കാവുന്ന പ്രകടനം നടത്തി തല്‍പരകക്ഷികളെ രക്ഷിച്ചെടുത്ത് പുരോഗമന ഫാഷന്‍ പരേഡ് നടത്തുന്ന പിണറായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇസ്‌ലാമോഫോബിയാമാനിയ പിടിച്ച കുറേ ഇസ്‌ലാമിസ്റ്റുകളും നടത്തുന്ന പരസ്പരസഹായ സഹകരണ യുദ്ധത്തില്‍ പോയി വീണുകൊടുത്ത ഇസ്‌ലാമിസ്റ്റ് വിരുദ്ധരായ ഭൂരിപക്ഷ മുസ്‌ലിം സമുദായ നേതാക്കന്മാരോട് നിങ്ങള്‍ സ്വയം ശവക്കുഴി കുഴിക്കുക മാത്രമാണ് എന്ന് പറയാന്‍ ഞാനാരാണ്?
നടന്നതൊന്നും ശരിയല്ലെന്നും വേറെ നിവൃത്തിയില്ലാത്തുകൊണ്ടാണെന്ന അസത്യത്തിലേയ്ക്ക് ധാര്‍മ്മികതയുടെ രാഹിത്യത്താല്‍ നിങ്ങളെത്തിപ്പെട്ടതാണെന്നും എപ്പോഴെങ്കിലും നിങ്ങള്‍ക്കാര്‍ക്കെങ്കിലും തോന്നിയോ? വിവാദ പ്രാസംഗികന്‍ സുന്നികള്‍, ശിര്‍ക്കു(ഏകദൈവാരാധനയില്‍ വെള്ളം ചേര്‍ക്കുന്നവര്‍) ചെയ്യുന്ന കാഫിറുകളാണെന്ന് പറഞ്ഞു എന്ന ആരോപണം ചില എ.പി സുന്നിക്കാര്‍ ഉന്നയിച്ചതായിക്കണ്ടു. ഇത് ശരിയാണെങ്കില്‍ ബഹുഭൂരിപക്ഷം വരുന്ന ഇ.കെ സുന്നിക്കാരും മുജാഹിദ് ആശയക്കാരനായ ഇദ്ദേഹത്തെ പിന്താങ്ങാന്‍ വഴിയില്ല. സാമൂഹ്യനീതിയെ അവഗണിച്ച് വിശ്വാസപരതയെയും സംഘടനാപരതെയും ഉയര്‍ത്തിപ്പിടിച്ചുള്ള തര്‍ക്ക-കുതര്‍ക്കങ്ങളില്‍ സമൂഹത്തിനോ സമുദായത്തിന്റെ നേര്‍പകുതി വരുന്ന സ്ത്രീകള്‍ക്കോ എന്താണ് കിട്ടാനുണ്ടാവുക എന്നതാണ് എന്റെ സംശയം.
ഒരു ഭാഗത്തു സലഫിസത്തിനിട്ടുകൊട്ടി തങ്ങള്‍ക്ക് കിട്ടിയ തീവ്രവാദ മൗലികവാദ ചാപ്പ അടിച്ചു
കൊടുക്കുകയും മറുവശത്ത് മുസ്ലിം സമുദായത്തിന്‍റെ പ്രതിരോധക്കാരായി വേഷം കെട്ടി ഫാറൂഖ് കോളജ് സംരക്ഷകരായി വരികയും ചെയ്ത ജമാഅത്തെ ഇസ്‌ലാമിയെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുന്നതില്‍ മുജാഹിദ് പ്രസ്ഥാനത്തിനുപറ്റിയ വീഴ്ചയാണ് എന്നെ അമ്പരപ്പിച്ചത്. വക്കം മൗലവിയും മുഹമ്മദ് അബ്ദുറഹിമാനും അബുസബാഹ് മൗലവിയുമടങ്ങിയ ഒരു മഹാപ്രസ്ഥാനത്തിന്, കേരളീയ സ്ത്രീശാക്തീകരണ ചരിത്രത്തിലെ തന്നെ ജ്വലിക്കുന്ന ഒരു അധ്യായമായ ഫാറൂഖ് കോളജുണ്ടാക്കിയ ഈ പ്രസ്ഥാനത്തിന്, തങ്ങളുടെ പുരോഗമന ധാരയെക്കുറിച്ചുള്ള ഓര്‍മ്മപോലും ഇല്ലാതെയായോ?
അതോ, അവര്‍ അതിനെ ഇന്ന് എറ്റെടുക്കാന്‍ സന്നദ്ധരല്ലാതായിക്കഴിഞ്ഞുവോ?
മുസ്‌ലിം വിരോധത്തിനു പുതിയ കാരണം കിട്ടിയെന്നാഹ്ലാദിക്കുന്നവരോട് പിന്നെ ഒന്നും പറയുന്നില്ല. വെറുപ്പില്‍ മാത്രം അധിഷ്ഠിതമായ രാഷ്ട്രീയബോധവും സാമൂഹിക മനോഭാവവും ആരെ എവിടെയൊക്കെ എത്തിച്ചു എന്നതിനു ചരിത്രത്തില്‍ മറുപടി ഉണ്ടല്ലോ.
ഇത് വിവാദമാക്കിയതാണെന്നും അത് ദുഷ്ടലാക്കോടെയാണെന്നും പറയുന്നവര്‍ക്ക്, ദയവായി ഹിന്ദുത്വവാദികളില്‍ നിന്നു മാത്രം വാദങ്ങള്‍ കടമെടുക്കാതിരിക്കൂ. ഇസ്‌ലാമെന്നു പറയുന്നത് ബ്രിട്ടീഷ് സാമ്രാജ്യം പോലെ എന്തോ ഏര്‍പ്പാടാണെന്നു വിചാരിക്കുന്നവരുടെ പേടികളാണിതൊക്കെ. ഇസ്‌ലാം മതം ആത്മീയവും ധാര്‍മ്മികവുമായ വളര്‍ച്ചയ്ക്കുള്ള ആശയങ്ങളുടെ സഞ്ചയവും ചട്ടക്കൂടുമാണെന്നും വിചാരിക്കുന്നവര്‍ക്കിത്തരം ആശയക്കുഴപ്പം ഉണ്ടാവില്ല. പ്രശ്‌നങ്ങള്‍ അറിഞ്ഞാലും അറിയിച്ചാലുമല്ലേ പരിഹരിക്കാനാകൂ എന്നതാവും അവരുടെ മനോഭാവം.
ഇപ്പോള്‍ നമ്മുടെ അലമാരയില്‍ ഒരസ്ഥിക്കൂടം കൂടി വന്നുവെന്നേയുള്ളൂ. അതിന്റെ വിതുമ്പല്‍ ആര്‍ക്കും ശല്യമാവില്ല. നമുക്ക് അടുത്ത ഉല്ലാസത്തിലേയ്ക്ക് ധാര്‍മ്മികരോഷത്തിലേയ്ക്ക് അടക്കിപ്പിടിച്ച് സംസാരങ്ങളിലേയ്ക്ക് നീങ്ങാം.
പരിശിഷ്ടലിഖിതം
അധ്യാപകനൊപ്പം ഹാഷ്ടാഗ് ട്രെന്റു ചെയ്യിച്ചവരോട് മാത്രമാണ്. ഒരു നബി വചനമുണ്ട്: ” ഒരനീതി കണ്ടാല്‍ നിങ്ങള്‍ ആദ്യം വാക്കുകൊണ്ടു തടയുക, പിന്നെ കൈകൊണ്ട് തടയുക, അതുകഴിഞ്ഞില്ലെങ്കില്‍ മനസുകൊണ്ട് വെടിയുക, ഇതൊന്നുമല്ലാതെ മറുവശത്ത് നിങ്ങളെ കണ്ടുപോകരുത്” ആ ഹാഷ്ടാഗിലൂടെ നിങ്ങള്‍ എവിടെയായിരുന്നു എന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്?