കോളേജില്‍ പഠിക്കുമ്പോള്‍, കേരളത്തിലെ പത്ര മാധ്യമങ്ങള്‍ ശ്രദ്ധിച്ചിരുന്ന കാലത്തു, എഡിറ്റര്‍മാരില്‍ പ്രത്യേക തരം ഇസ്‌ലാമോഫോബിയ കണ്ടിട്ടുണ്ട്. മുസ്‌ലിം പക്ഷം പറയാന്‍ അവരെപ്പോഴും വിളിച്ചു കൊണ്ട് വരിക സമുദായത്തിനകത്തു യാതൊരു ഇമ്പാക്റ്റും ഇല്ലാത്ത, വര്‍ഗീയതയും സ്ത്രീ നിന്ദയും മാത്രമുള്ള, ഇരവാദവും സ്വജനപക്ഷപാതവും എത്രയെങ്കിലുമുള്ള ചിലരെയാണ്.
അങ്ങിനെ അവരെ സമുദായത്തിന്റെ വക്താക്കളാക്കി സമുദായത്തെ മറ്റുള്ളവരുടെ മുമ്പില്‍ നാണം കെടുത്തി. മുസ്‌ലിം സമുദായത്തെപ്പറ്റി ഇപ്പോഴുള്ള പല ധാരണകളും ഉണ്ടാക്കിയിട്ടുള്ളത് ഇവരാണ്. ഇസ്‌ലാമിസ്റ്റുകളേയും വിരലിലെണ്ണാവുന്ന വ്യക്തികളായ മുസ്‌ലിം സ്വതന്ത്ര ചിന്തകരെയും മാത്രമേ അവര്‍ പുറത്തു കൊണ്ടുവന്നുള്ളു.
അങ്ങിനെയാണ്, രാഷ്ട്രീയ വിഷയങ്ങളില്‍ മുസ്‌ലിം ബഹുജനത്തിന്റെ നിലപാടുകളെ ഇവര്‍ അദൃശ്യമാക്കിയത്. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഇതിലെ pattern കൃത്യമായി മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്. കൂട്ടുജീവിതത്തില്‍ വിശ്വസിക്കുന്ന, നീതിബോധമുള്ള. വിശ്വാസിയായ സാമാന്യ മുസ്‌ലിം അവര്‍ക്കാലോചിക്കാന്‍ പോലും കഴിയാത്ത എന്തോ ആണ്.
മുസ്‌ലിംകളെല്ലാം തങ്ങള്‍ വിളിച്ചു വരുത്തി സമുദായ നേതാക്കന്മാരായി അവതരിപ്പിക്കുന്ന ആളുകളേപ്പോലെ മോശമാണെന്നു അവര്‍ വിശ്വസിച്ചിരുന്നു; അതിന്റെ ഗുണം കിട്ടിയത് ഹിന്ദുത്വക്കാര്‍ക്കും.
ഇന്ന് മുസ്‌ലിം സമുദായം ഹിന്ദുത്വക്കാരില്‍ നിന്ന് നേരിടുന്ന ആക്രമണങ്ങള്‍ക്ക് എതിരെ പോപ്പുലര്‍ ഫ്രണ്ടിനെയും ഇസ്‌ലാമിക മതരാഷ്ട്രവാദികളെയും പിന്തുണക്കുന്ന ചിലരുടെ പോസ്റ്റുകളില്‍ ആണ് ഈ എഡിറ്റര്‍മാരുടെ മനസ്സ് ഇപ്പോള്‍ കാണുന്നത്. ഇപ്പറഞ്ഞ മുസ്‌ലിം വലതുപക്ഷങ്ങളെമാത്രമേ അവര്‍ മുസ്‌ലിംകളായി കാണുന്നുള്ളൂ.
ബാക്കിയുള്ളവരൊക്കെ സംഘികളുടെ കുഴലൂത്തുകാര്‍. (മുസ്‌ലിം വലതുപക്ഷത്തെ വിമര്‍ശിക്കുന്നവരുടെ കാര്യം പറയുകയും വേണ്ട) അപ്പൊ ഇസ്‌ലാം എന്ന് പറഞ്ഞാല്‍ അമേരിക്കന്‍ പൈസ വാങ്ങിയുണ്ടായ താലിബാന്‍ പോലെയോ ഷിയാസുന്നി പോരില്‍ നിന്ന് ഉണ്ടാക്കിയെടുത്ത ഐസിസ് പോലെയോ ഒരു പുരുഷമേധാവിത്വ പ്രാകൃത ഏര്‍പ്പാടാണ് എന്ന് ഇവരും വിശ്വസിക്കുന്നുണ്ട്.
ഇന്ത്യമഹാരാജ്യം മൊത്തമായി ഒരു ബ്രാഹ്മിണിക്കല്‍ ഹിന്ദുത്വ പ്രൊജക്റ്റ് ആണെന്നൊക്കെ പറഞ്ഞു (ഇത് 2014ല്‍ ആയതല്ല. ഇന്ത്യ ഉണ്ടായത് തന്നെ ഇങ്ങനെയാണ്. നെഹ്രുവും മോദിയും ഒരേ പോലെ വില്ലന്മാരാണ് ഇവര്‍ക്ക്.സി.എച്ച് മുഹമ്മദ് കോയയും പാണക്കാട് തങ്ങളുമൊക്കെ മുസ്‌ലിം സമുദായത്തെ ഒറ്റിക്കൊടുത്തവരും) തങ്ങളുടെ ഇസ്‌ലാമിസ്‌ററ് പിന്തുണക്ക് വ്യാഖ്യാനം ചുമക്കുമെങ്കിലും ഇതര മതദ്വേഷമില്ലാത്ത, ഭരണഘടനദേശീയതയില്‍ വിശ്വസിക്കുന്ന, കാരുണ്യവും സ്‌നേഹവും ആണ് മുഹമ്മദ് നബി പഠിപ്പിച്ചതെന്നും കടുപ്പം ചെയ്യരുതെന്നും വിചാരിക്കുന്ന, നിസ്‌ക്കരിക്കുകയും നോമ്പ് നോല്‍ക്കുകയും ചെയ്യുന്ന മുസ്‌ലിംകളെ ഇവര്‍ക്കു സങ്കല്‍പ്പിക്കാനെ വയ്യ.
മുസ്‌ലിംകളുടെ സാമൂഹ്യ വളര്‍ച്ചയെയും മുസ്‌ലിംകളുടെ ഇടയിലുണ്ടാവുന്ന കലസാംസ്‌കാരിക ഉണര്‍വുകളേയും നശീകരണത്മക ഭീതിയില്‍ കൊണ്ട് ചെന്ന് കെട്ടുന്ന ഇവര്‍ക്ക് പക്ഷെ, ഇതിന്റെയൊന്നും അപകടം നേരിടേണ്ടി വരികയും ഇല്ല. സമയം വരുമ്പോള്‍ അവര്‍ക്കു സ്വന്തം സമുദായത്തിന്റെ സ്വാസ്ഥ്യത്തിലേക്കു അങ്ങ് മാറാം.
കുടുങ്ങാന്‍ പോവുന്നത് ഇവിടുത്തെ മുസ്‌ലിംകളാണ്. ഇസ്‌ലാമിസ്റ്റുകളല്ലാത്ത മുസ്‌ലിംകളില്ലെന്നു വരുത്തല്‍ മുസ്‌ലിം വിരുദ്ധ ഹിന്ദുത്വക്രിസ്ത്യന്‍ imperialist അജണ്ട തന്നെ ആണ്. അതില്‍ ഇപ്പറഞ്ഞ “ഇസ്‌ലാമിസ്റ്റ് സുഹൃത്തുക്കള്‍” നല്ലവണ്ണം സഹായിക്കുന്നുമുണ്ട്.