| Friday, 1st January 2021, 11:55 am

ഇനി ആനവണ്ടിയില്‍ മൂന്നാര്‍ ചുറ്റാം, താമസിക്കാം, ചുരുങ്ങിയ ചെലവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ പ്രകൃതിസൗന്ദര്യം കുറഞ്ഞ ചെലവില്‍ കാണിക്കാന്‍ ഇനി കെ.എസ്.ആര്‍.ടി.സിയും. ഇതിനായി കെ.എസ്.ആര്‍.ടി.സി നടപ്പിലാക്കുന്ന സൈറ്റ് സീയിങ് സര്‍വീസ് ജനുവരി 1 മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. മൂന്നാറില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പുതുവര്‍ഷ സമ്മാനമായാണ് സര്‍ക്കാര്‍ പദ്ധതി കൊണ്ടുവരുന്നത്.

രാവിലെ 9 മണിക്ക് മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടുന്ന ബസ് സര്‍വീസ് ടോപ്പ് സ്റ്റേഷന്‍, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപെട്ടി, ഫ്‌ലോര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ സഞ്ചാരികളെ കൊണ്ടുപോയി വൈകീട്ട് തിരികെ മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷനില്‍ എത്തിക്കും. ഓരോ പോയിന്റുകളിലും ഒരു മണിക്കൂര്‍ വരെ ചെലവഴിക്കാന്‍ അവസരവുമുണ്ടാകും. ഇതിനിടയില്‍ യാത്രികര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കുമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തും.

ഏകദേശം 80 കിലോമീറ്ററോളം ദൂരം സഞ്ചരിക്കുന്നതിന് ഒരാള്‍ക്ക് 250 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. പുതിയ പദ്ധതിയുടെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് ജനുവരി മുതല്‍ 3 ദിവസം മൂന്നാറിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലുള്ള സ്ലീപ്പര്‍ ബസുകളില്‍ താമസിക്കുന്ന സഞ്ചാരികള്‍ക്ക് യാത്ര സൗജന്യമായിരിക്കും. പദ്ധതി വിജയിക്കുന്ന മുറയ്ക്ക് കാന്തല്ലൂരിലും സര്‍വീസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്ലീപ്പറുകളില്‍ താമസിക്കുന്നതിനുള്ള സൗകര്യം നേരത്തെ തന്നെ കെ.എസ്.ആര്‍.ടി.സി ഒരുക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Now you can travel around Munnar in ksrtc bus and stay at low cost

We use cookies to give you the best possible experience. Learn more