കൊച്ചി: വിധവകള്‍ക്കും വിവാഹമോചിതരായവര്‍ക്കും ഇനി മുതല്‍ കന്യാസ്ത്രീകളാകാമെന്ന് യാക്കാബായ സുറിയാന സഭ. പരമ്പരാഗതമായി വിവിധ സഭാ വിശ്വാസമനുസരിച്ച് വിവാഹം കഴിക്കാത്ത സ്ത്രീകള്‍ക്ക് മാത്രമേ കന്യാസ്ത്രീയാവാന്‍ സാധിക്കുമായിരുന്നുള്ളൂ. []
ഓര്‍ത്തഡോക്‌സ് രീതി പിന്തുടരുന്ന 250ഓളം കന്യാസ്ത്രീകള്‍ ഈ സഭയുടെ ഭാഗമായുണ്ട്. വിവാഹമോചിതര്‍ക്കും വിധവകള്‍ക്കും കന്യാസ്ത്രീയായി സ്ഥാനാരോഹണം നടത്താന്‍ അനുമതി നല്‍കുന്നതിലൂടെ കന്യാസ്ത്രീകളുടെ എണ്ണം വര്‍ധിപ്പിക്കാനാകുമെന്നാണ് സഭയുടെ പ്രതീക്ഷ.
കേരളത്തില്‍ ഈ സഭ 10 കോണ്‍വെന്റുകള്‍ നടത്തുന്നുണ്ട്. പുതിയതായി നിരവധി ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്. ഇതിന് കൂടുതല്‍ ആളുകളുടെ സഹായം ആവശ്യമുണ്ടെന്നും അധികൃതര്‍ പറയുന്നു.
“വിധവകള്‍ക്കും വിവാഹിമോചിതര്‍ക്കും പരിശീലനം നല്‍കുകയും അവരെ കന്യാസ്ത്രീകളാക്കുകയും ചെയ്യും. സഭ നടത്തുന്ന അനാഥാലയങ്ങളുടെ ചുമതല ഇവര്‍ക്ക് നല്‍കും.” യാക്കോബായ സഭ വക്താവ് ഫാദര്‍ വര്‍ഗീസ് കല്ലാപ്പാറ പറഞ്ഞു.
സാമ്പത്തിക പ്രശ്‌നം കാരണം 30, 40 വയസുകഴിഞ്ഞും വിവാഹം കഴിക്കാത്ത സ്ത്രീകളെയും സഭയിലേക്ക് സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ കാത്തോലിക്കാ പള്ളികളിലൊന്നായ സീറോ മലബാര്‍ സഭ കോണ്‍വെന്റുകളില്‍ വിധവകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. വിവാഹം വിശുദ്ധമായ ജീവിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിധവകള്‍ക്ക് പ്രവേശനാനുമതി നല്‍കിയത്.
” വിവാഹമോചിതര്‍ക്ക് സഭയുടെ പ്രത്യേക അനുമതിയുണ്ടായാല്‍ മാത്രമേ സേവന മേഖലയിലേക്ക് വരാന്‍ കഴിയൂ. അര്‍പ്പണബോധത്തിനും നന്മയ്ക്കുമാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്.” സീറോ മലബാര്‍ സഭാ വക്താവ് ഫാദര്‍ പോള്‍ തലക്കാട്ട് പറഞ്ഞു. 30,000ത്തോളം കന്യാസ്ത്രീകള്‍ ഈ സഭയുടെ കീഴിലുണ്ട്.