| Monday, 30th April 2018, 1:06 pm

'25 വര്‍ഷത്തെ ഭരണം, മണിക് ദായുടെ നഷ്ടമെന്തെന്ന് ഇപ്പോള്‍ നാം തിരിച്ചറിയുന്നു'; ബിപ്ലവ് ദേവിന്റെ പരിഹാസ്യപ്രസ്താവനയ്ക്കിടെ ത്രിപുരയിലെ ഇടത് ഭരണം ഓര്‍മ്മിച്ച് രജദീപ് സര്‍ദേശായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തുടര്‍ച്ചയായി അബദ്ധ പ്രസ്താവനകളും മണ്ടത്തരങ്ങളും വിളിച്ചുപറഞ്ഞ് വാര്‍ത്തകളില്‍ ഇടംനേടി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് ” മുന്നേറുമ്പോള്‍” ദീര്‍ഘകാലം ത്രിപുര മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിലനിന്ന ഇടതുപക്ഷ സര്‍ക്കാരിനെ ഓര്‍മ്മിച്ച് മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ്.

” ഇരുപത്തഞ്ച് വര്‍ഷത്തെ ത്രിപുരയിലെ ഇടതുഭരണം; ഇപ്പോള്‍ നാം തിരിച്ചറിയുന്നു എന്താണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന്. മണിക് ദായെ നമുക്ക് നഷ്ടമായിരിക്കുന്നു, ബിപ്ലബിന്റെ സാമ്പത്തികശാസ്ത്രമാണ് ഇപ്പോഴിവിടെ നിലനില്‍ക്കുന്നത്”- സര്‍ദേശായി കുറിച്ചു.

തുടര്‍ച്ചയായ അബദ്ധ പ്രസ്താവനകള്‍ നടത്തിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനോട് തന്നെ നേരിട്ട് വന്നു കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. മെയ് 2ന് പ്രധാനമന്ത്രിയെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും നേരിട്ട് കാണാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഭരണത്തിലേറി ഒരു മാസം പിന്നിടും മുമ്പേ തുടര്‍ച്ചയായ അബദ്ധ പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധി നേടിയിട്ടുണ്ട് ബിപ്ലബ് ദേബ്. മഹാഭാരത കാലഘട്ടം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുന്നെന്ന് അവകാശപ്പെട്ട് ബിപ്ലവ് ദേബ് അപഹാസ്യനായിരുന്നു.


Dont Miss ‘കേരളത്തിലെ എന്നല്ല ലോകത്തിലെ ഒരു പെണ്ണും ദുല്‍ഖര്‍ സല്‍മാനെ വിട്ടുപോകില്ല’: നടി കാര്‍ത്തിക


വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍ തന്റെ പ്രസ്താവന വീണ്ടും ആവര്‍ത്തിച്ചാണ് ത്രിപുര മുഖ്യമന്ത്രി പ്രതികരിച്ചത്. ഒരുവര്‍ഷം 104 സാറ്റലൈറ്റുകള്‍ ശൂന്യാകാശത്തേക്ക് അയക്കുകയെന്ന മോദി സര്‍ക്കാറിന്റെ നേട്ടം ഇതിനു തെളിവാണെന്നും അദ്ദേഹം വാദിച്ചു.

ബിപ്ലബ് ദേബിന്റെയും മറ്റ് ബി.ജെ.പി നേതാക്കളുടെയും അബദ്ധവും വര്‍ഗ്ഗീയവുമായ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ ആഘോഷിച്ച് തുടങ്ങിയപ്പോള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കാന്‍ നരേന്ദ്രമോദിക്ക് ആവശ്യപ്പെടേണ്ടി വന്നു. നമ്മള്‍ തെറ്റുവരുത്തുകയും മാധ്യമങ്ങള്‍ക്ക് മസാല നല്‍കുകയുമാണ്. ക്യാമറ കണ്ടാലുടന്‍ വലിയ സാമൂഹ്യ ശാസ്ത്രജ്ഞരും വിദഗ്ധരുമാണെന്ന ഭാവത്തില്‍ അബദ്ധങ്ങള്‍ പറയുകയും മാധ്യമങ്ങള്‍ക്കാവശ്യമായ മസാലകള്‍ നല്‍കുകയുമാണ് പലരും ചെയ്യുന്നത്.. ഈ വിവരംകെട്ട പ്രസ്താവനകളാണ് മാധ്യമങ്ങള്‍ വിമര്‍ശനത്തിനായി ഉപയോഗിക്കുന്നത്. ഇത് മാധ്യമങ്ങളുടെ കുറ്റമല്ലെന്നും നമോആപ്പിലൂടെ നടത്തിയ കോണ്‍ഫറന്‍സില്‍ ബി.ജെ.പി എം.പിമാരോടും എം.എല്‍.എമാരോടും മോദി പറഞ്ഞിരുന്നു.

എന്നാല്‍ അതിന് ശേഷവും വിവാദപ്രസ്താവനകളുമായി ബിപ്ലവ് ദേബ് രംഗത്തെത്തി. ഇന്ത്യന്‍ സൗന്ദര്യത്തിന്റെ പ്രതീകം ഐശ്വര്യ റായിയാണ്, ഡയാന ഹെയ്ഡനല്ലെന്നും മമത ബാനര്‍ജിക്ക് മനോരോഗമാണെന്നും ബിപ്ലബ് ദേബ് പ്രസ്താവനയിറക്കിയിരുന്നു.

അതിനിടെ, ത്രിപുരയില്‍ 14 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ 54 കാരന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ അടുത്ത സുഹൃത്തും ബി.ജെ.പി അനുയായിയുമാണെന്ന വാര്‍ത്ത പുറത്ത് വന്നതും ബിപ്ലബിന്റെ പ്രതിഛായ തകര്‍ത്തു.

കോവൈ ജില്ലക്കാരനായ മനോജ് ദേബ് എന്നയാളാണ് കേസില്‍ അറസ്റ്റിലായത്. ഇയാള്‍ നാല് തവണയാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.

സിവില്‍ സര്‍വീസിന് മെക്കാനില്‍ക്കല്‍ എജിനീയര്‍മാര്‍ അപേക്ഷിക്കരുതെന്നും സിവില്‍ എഞ്ചിനിയര്‍മാരാണ് അപേക്ഷിക്കേണ്ടതെന്നുമുള്ള ബിപ്ലവ് ദേബിന്റെ പ്രസ്താവനയും വിവാദമായിരുന്നു.

തൊഴിലിന് വേണ്ടി രാഷ്ട്രീയപാര്‍ട്ടികളുടേയും നേതാക്കളുടേയും പിന്നാലെ പോകാതെ സ്വന്തമായി പാന്‍ കട തുടങ്ങാനാണ് കഴിഞ്ഞ ദിവസം ബിപ്ലബ് ആഹ്വാനം ചെയ്തത്. ത്രിപുര വെറ്റിനറി കൗണ്‍സിലില്‍ നടത്തിയ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

We use cookies to give you the best possible experience. Learn more