മാഗിക്ക് പിന്നാലെ നെസ്‌ലേയുടെ പസ്തയും ഭക്ഷ്യയോഗ്യമല്ലെന്ന് ലാബ് റിപ്പോര്‍ട്ട്
Daily News
മാഗിക്ക് പിന്നാലെ നെസ്‌ലേയുടെ പസ്തയും ഭക്ഷ്യയോഗ്യമല്ലെന്ന് ലാബ് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th November 2015, 8:00 am

pastaorഉത്തര്‍പ്രദേശ്: ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗി നൂഡില്‍സിനെ വിപണിയില്‍ നിന്ന് പിന്‍വലിച്ചത് അടുത്തിടെയായിരുന്നു. എന്നാല്‍ കോടതിയില്‍ നിന്നും അനുകൂലവിധി നേടിയ മാഗി വീണ്ടും വിപണിയില്‍ എത്തിത്തുടങ്ങുകയും ചെയ്തിരുന്നു.

എന്നാല്‍ മാഗി പിന്നാലെ തന്നെ നെസ്ലേയുടെ പസ്ത ഉത്പന്നവും ഇപ്പോള്‍ വിവാദത്തില്‍പെട്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ പസ്തയില്‍ അനുവദിനീയമായതിലും കൂടുതല്‍ അളവില്‍ ഈയത്തിന്റെ അംശം കണ്ടെത്തിയതായി ഭക്ഷ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നെസ്ലേയുടെ വിതരണക്കാരായ ശ്രിജി ട്രേഡേഴ്‌സാണ് പാസ്ത വിപണിയില്‍ എത്തിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 10 ാം തിയതിയാണ് ലക്‌നൗവിലെ സര്‍ക്കാര്‍ ലാബില്‍വെച്ച് പാസ്തയുടെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ അര്‍വിന്ദ് യാദവ് പറഞ്ഞു.

മാഗിയുടെ നിരോധനത്തിന് ശേഷമാണ് പസ്തയും പരിശോധയ്ക്ക് വിധേയമാക്കണമെന്ന ആവശ്യം വരുന്നത്. തുടര്‍ന്ന് ദേശീയഭക്ഷ്യ പരിശോധനാ ലാബോറട്ടറിയില്‍ പാസ്തയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചെന്നും പരിശോധനയില്‍ അനുവദിനീയമായതിലും കൂടുതല്‍ അളവില്‍ ലെഡ്ഡിന്റെ അംശം പസ്തയില്‍ കണ്ടെത്താനായെന്നും അദ്ദേഹം വ്യക്തമാക്കി.

2.5 PPM ഈയം മാത്രമേ ഇത്തരം ഭക്ഷ്യവസ്തുക്കളില്‍ അനുവദിച്ചിട്ടുള്ളൂ. എന്നാല്‍ പസ്തയില്‍ ഇത് 6 PPm ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. യു.പിയില്‍ വിതരണത്തിനായെത്തിയ പസ്തയുടെ എല്ലാ പാക്കയ്റ്റുകളും തിരിച്ചെടുക്കണമെന്ന് കാണിച്ച് നെസ്ലേക്ക് കത്തയച്ചതായും എന്നാല്‍ കത്ത് അവര്‍ കൈപ്പറ്റിയില്ലെന്നും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.

പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പസ്തയെ ഭക്ഷ്യയോഗ്യമല്ലാത്ത വിഭാഗത്തില്‍ പെടുത്തിയതായും യാദവ് പറഞ്ഞു. പരിശോധനാഫലം ലക്‌നൗവിലെ എഫ്.ഡി.എ കമ്മീഷണര്‍ക്ക് അയച്ചുകൊടുത്തതാും സി.ജെ.എം കോടതിയില്‍ കേസ് വൈകാതെ തന്നെ ഫയല്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

വിഷയത്തെ കുറിച്ച് നെസ്ലേ കമ്പനിയെ ധരിപ്പിച്ചതാണെന്നും എന്നാല്‍ അവര്‍ അപ്പീല്‍ കൊടുക്കാന്‍ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടെന്നും. എഫ്.ഡി.എ അയച്ച കത്ത് തങ്ങള്‍ക്ക് കിട്ടിയില്ലെന്നാണ് നെസ്ലേ അവകാശപ്പെടുന്നതെന്നും യാദവ് വ്യക്തമാക്കി.

അതേസമയം ഇത്തരമൊരു ലാബ് പരിശോധനയെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും തങ്ങളുടെ ഉത്പ്പന്നം സൂരക്ഷിതമാണെന്നും നെസ്ലേ അറിയിച്ചു. ഈയത്തിന്റെ അംശം അനുവദിച്ചതിലും കൂടുതല്‍ പസ്തയില്‍ അടങ്ങിയിട്ടില്ലെന്നും ലാബ് റിപ്പോര്‍ട്ട് കണ്ടതിനുശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുകയുള്ളൂവെന്നും നെസ്ലേ അറിയിച്ചു.