| Monday, 27th February 2023, 7:26 pm

റൊണാൾഡോ പോയതോടെ യുണൈറ്റഡ് രക്ഷപ്പെട്ടു; ലിവർപൂൾ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

നീണ്ട ആറ് വർഷത്തെ ഇടവേളക്ക് ശേഷം യുണൈറ്റഡ് ഒരു ട്രോഫി വിജയിച്ചിരിക്കുകയാണ്. 2017ൽ യൂറോപ്പാ വിജയിച്ചതിന് ശേഷം തുടരെ തകർച്ച നേരിട്ട യുണൈറ്റഡ് ഒടുവിൽ പുതിയ പരിശീലകൻ ടെൻ ഹാഗിന് കീഴിലാണ് ഒരു ട്രോഫി സ്വന്തമാക്കിയത്.

ഇതോടെ ടെൻ ഹാഗ് ചുമതലയേറ്റെടുത്ത് ക്ലബ്ബ് കളിച്ച ആദ്യ ഫൈനൽ തന്നെ വിജയിക്കാൻ മാൻ യുണൈറ്റഡിന് സാധിച്ചു.
എന്നാലിപ്പോൾ റൊണാൾഡോ ക്ലബ്ബ്‌ വിട്ടതോടെ യുണൈറ്റഡിന്റെ കളിക്കാർക്ക് അവരുടെ ക്വാളിറ്റിയിലേക്ക് തിരിച്ചെത്താൻ സാധിച്ചു എന്നും റൊണാൾഡോ പോയത് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗുണകരമായെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ലിവർപൂളിന്റെ ഇതിഹാസ താരമായിരുന്ന ജോൺ ബാർനെസ്.

കഴിഞ്ഞ നവംബറിലായിരുന്നു ക്ലബ്ബിനുള്ളിലെ സ്വരച്ചേർച്ചയില്ലായ്മയിലും ക്ലബ്ബ്‌ തന്നെ അവഗണിക്കുന്നു എന്നും ആരോപിച്ച് റോണോ മാൻ യുണൈറ്റഡ് വിട്ടത്.

പിന്നീട് പ്രതിവർഷം 225 മില്യൺ ഡോളർ പ്രതിഫലം വാങ്ങി സൗദി ക്ലബ്ബായ അൽ നസറിലേക്ക് റൊണാൾഡോ ചേക്കേറുകയായിരുന്നു.
ബോണസ് കോഡ് ബെറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ പോയതോടെ ബ്രൂണോ ഫെർണാണ്ടസിനും റാഷ്ഫോർഡിനും സ്വതന്ത്രമായി കളിക്കാൻ അവസരം ലഭിച്ചെന്നും റൊണാൾഡോ പോയത് യുണൈറ്റഡിന് നല്ലതാണെന്നും അഭിപ്രായപ്പെട്ടത്.

“റൊണാൾഡോ പോയതിന് ശേഷം മറ്റുള്ള കളിക്കാർക്കൊക്കെ അവരുടെ ക്വാളിറ്റിക്കനുസരിച്ച് കളിക്കാനുള്ള അവസരം ലഭിച്ചു. റൊണാൾഡോയുള്ളപ്പോൾ മൈതാനത്ത് അദ്ദേഹം ആധിപത്യം സ്ഥാപിക്കുകയും മറ്റ് കളിക്കാർക്ക് റൊണാൾഡോക്ക് യോജിച്ച രീതിയിൽ കളിക്കേണ്ടി വരികയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ എല്ലാ പ്ലെയേഴ്സും അവർക്ക് എത്ര നന്നായി കളിക്കാൻ സാധിക്കുമെന്ന് നമുക്ക് കാണിച്ചു തരികയാണ്. ബ്രൂണോയും റാഷ്ഫോർഡും സാഞ്ചസുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്,’ ജോൺ ബാർനെസ് പറഞ്ഞു.

‘റൊണാൾഡോ പോയതോടെ ക്ലബ്ബിന്റെ കളിയുടെ ഒത്തിണക്കം കൂടി,’ ബാർനെസ് കൂട്ടിച്ചേർത്തു.

അതേസമയം അൽ നസറിൽ മിന്നും ഫോമിലാണ് റൊണാൾഡോ കളിക്കുന്നത്. ആറ് മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് അൽ നസറിനായി റൊണാൾഡോ ഇതുവരെ സ്വന്തമാക്കിയത്. കൂടാതെ ക്ലബ്ബിനായി രണ്ട് ഹാട്രിക്കുകൾ നേടിയ റോണോ അൽ അലാമി നേടിയ അവസാന പത്ത് ഗോളിലും പങ്കാളിയുമായി.

മാർച്ച് മൂന്നിന് അൽ ബത്തീനെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം. മാർച്ച് രണ്ടിന് എഫ്.എ കപ്പ് അഞ്ചാം റൗണ്ടിൽ മാൻ യുണൈറ്റഡ് വെസ്റ്റ് ഹാമിനെ നേരിടും.

Content Highlights:Now they are showing how good they are” John Barnes claims Cristiano Ronaldo blocked Manchester United players from showing their qualities

We use cookies to give you the best possible experience. Learn more