| Friday, 19th April 2019, 12:39 pm

കാര്‍ഷിക പ്രതിസന്ധിയില്‍ നിന്നും, തൊഴിലില്ലായ്മയില്‍ നിന്നും ശ്രദ്ധ തിരിച്ച് ആളുകളെ ദേശദ്രോഹികളാക്കുന്ന തിരക്കിലാണ് ബി.ജെ.പി; സാം പിത്രോഡ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ പൗരനെന്ന നിലയില്‍ തനിക്ക് ബി.ജെ.പിയെ ചോദ്യം ചെയ്യാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ. എന്നാല്‍ ആ കാരണം ചൂണ്ടിക്കാട്ടി തന്നെ പാകിസ്ഥാന്‍ അനുകൂലിയെന്നോ ദേശവിരുദ്ധനെന്നോ മുദ്രകുത്താന്‍ ബി.ജെ.പിക്ക് അവകാശമില്ലെന്നും പിത്രോഡ പറഞ്ഞു.

ബാലാക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ച് സംശയം ഉന്നയിച്ച പിത്രോഡയ്‌ക്കെതിരെ അരുണ്‍ ജെയ്റ്റിലയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയെന്നോണമായിരുന്നു പിത്രോഡയുടെ പ്രതികരണം. പുല്‍വാമ, ബാലാക്കോട്ട് സംഭവങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്തത് തെറ്റായ രീതിയിലാണെന്നും പിത്രോഡ കുറ്റപ്പെടുത്തി. ബി.ജെ.പി പുറത്തു വിടുന്ന തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറന്തള്ളുകയായിരുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ച് ആളുകളെ ദേശവിരുദ്ധരാക്കുന്നതിന്റെ തിരക്കിലാണ് ബി.ജെ.പിയെന്നും പിത്രോഡ കുറ്റപ്പെടുത്തി. ‘ബി.ജെ.പി നേതാക്കള്‍ എന്നെ പാക് അനുകൂലി എന്ന് വിളിക്കുന്നതില്‍ തനിക്ക് വിഷമമൊന്നുമില്ല. അവരോടെനിക്ക് പുച്ഛമാണ്. അവര്‍ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ’- പിത്രോഡ പറയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിക്കുന്നതില്‍ താന്‍ തൃപ്തനല്ലെന്നും സാം പിത്രോഡ നേരത്തെ പറഞ്ഞിരുന്നു.

‘ഒരു എഞ്ചിനിയര്‍ എന്ന നിലയില്‍, സാങ്കേതിക വിദഗ്ധന്‍ എന്ന നിലയില്‍ ഇ.വി.എമ്മില്‍ ഞാന്‍ തൃപ്തനല്ല. പക്ഷേ അത് ചൂണ്ടിക്കാണിക്കാന്‍ എനിക്കു കഴിയില്ല. കാരണം ഞങ്ങളുടെ പക്കല്‍ ഇ.വി.എം ഇല്ല. പഠനം നടത്താന്‍ ഒരു വര്‍ഷത്തേക്ക് ഇ.വി.എം ആരെങ്കിലും നല്‍കുകയാണെങ്കില്‍ നിങ്ങളോട് ചിലത് പറയാന്‍ ഞങ്ങള്‍ക്കാവും.’ എന്നായിരുന്നു പിത്രോഡ ഇ.വി.എമ്മുകളെക്കുറിച്ച് പറഞ്ഞത്.

‘ ഇതിന്റെ ഡിസൈന്‍ മനസിലാക്കേണ്ടതുണ്ട്. സോഫ്റ്റുവെയര്‍ മനസിലാക്കേണ്ടതുണ്ട്. എല്ലാ ചെറു സിഗ്‌നലുകളും വിശകലനം ചെയ്യേണ്ടതുണ്ട്. എന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് എന്തെങ്കിലും പറയാന്‍ കഴിയൂ. ഇവിടെ ചില പ്രശ്നങ്ങളുണ്ടെന്ന കാര്യം വ്യക്തമാണ്. എന്താണ് പ്രശ്നമെന്നത് നമുക്ക് അറിയില്ല.’ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ട് ഘട്ട വോട്ടെടുപ്പിനിടെ ഇ.വി.എമ്മുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികളാണ് ഉയര്‍ന്നത്. ആന്ധ്രയില്‍ 30% ഇ.വി.എമ്മുകളും തകരാറിലായെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more