ന്യൂദല്‍ഹി : രാജ്യത്ത് കടകളും മാളുകളും ഉള്‍പ്പടെ എല്ലാ സ്ഥാപനങ്ങളും വര്‍ഷത്തില്‍ മുഴുവന്‍ സമയവും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന മാതൃകാ നിയമത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ തീരുമാനം. മോഡല്‍ ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് (റെഗുലേഷന്‍ ഓഫ് എംപ്ലോയ്‌മെന്റ് ആന്‍ഡ് കണ്ടീഷന്‍ ഓഫ് സര്‍വീസസ്) ബില്‍ 2016 എന്നാണ് മാതൃകാ നിയമത്തന്റെ പേര്.
പത്തോ അധിലധികമോ ജീവനക്കാരുളള ഉല്‍പ്പാദക യൂണിറ്റുകളല്ലാത്ത സ്ഥാപനങ്ങളാണ് ഈ നിയമ പരിധിയില്‍ വരിക. അതേ സ,മയം ഐടി, ബയോടെക്‌നോളജി എന്നീ മേഖലകളില്‍ ദിവസേന ഒമ്പത് മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറും ജോലി ചെയ്യുന്നവര്‍ക്ക് ഈനിയമം ബാധകമല്ല.
നിയമം അനുസരിച്ച് കടക്കാര്‍ക്ക് അവരുടെ സൗകര്യം അനുസരിച്ച് കടകള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യാം. എന്നാല്‍ സ്ഥാപനത്തില്‍ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്തല്‍, കുടിവെള്ളം മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കടയുടമ ഒരുക്കണം.
നിയമത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമില്ല. സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ കേന്ദ്രനിയമത്തില്‍ ഭേദഗതി വരുത്താന്‍ അനുമതിയുണ്ട്.