|

പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കിയവരുടെ പട്ടികയില്‍ ഒന്നുകൂടി; നടപടി ഗവര്‍ണറുടെ എതിര്‍പ്പ് മറികടന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പോണ്ടിച്ചേരി: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി പോണ്ടിച്ചേരി നിയമസഭ. പശ്ചിമബംഗാള്‍, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന ആറാമത്തെ നിയമസഭയാണ് പോണ്ടിച്ചേരി.

‘പൗരത്വഭേദഗതി നിയമം പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പോണ്ടിച്ചേരി നിയമസഭയില്‍ പാസാക്കി.’ മുഖ്യമന്ത്രി വി.നാരായണ സ്വാമി പറഞ്ഞു.

എ.ഐ.എ.ഡി.എം.കെയുടേയും ഓള്‍ ഇന്ത്യ എന്‍.ആര്‍ കോണ്‍ഗ്രസിന്റേയും എം.എല്‍.എമാര്‍ സഭാ നടപടി ബഹിഷ്‌ക്കരിക്കുകയും നിയമസഭയില്‍ വരാതിരുന്നതോടെയുമാണ് പ്രമേയം പാസാക്കിയത്.

നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനുള്ള പോണ്ടിച്ചേരി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി രംഗത്തെത്തിയിരുന്നു.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്നാലെ ഒരു സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്ത് വരുന്ന ഗവര്‍ണറാണ് കിരണ്‍ ബേദി. ഫെബ്രുവരി 12ന് നിയമസഭ സമ്മേളിക്കുമ്പോള്‍ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാനാണ് പോണ്ടിച്ചരി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പൗരത്വ നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരാനോ അതിനെ ചോദ്യം ചെയ്യാനോ ചര്‍ച്ച ചെയ്യാനോ നിയമസഭകള്‍ക്ക് അധികാരമില്ലെന്ന് കിരണ്‍ ബേദി തന്റെ കത്തില്‍ പറയുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Video Stories