| Wednesday, 12th December 2018, 2:45 pm

ആരാണ് പപ്പു എന്ന് ഇനി ഞങ്ങള്‍ക്കൊന്ന് പറഞ്ഞു തരാമോ?; മോദിയെ ട്രോളി ബി.ജെ.പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേറ്റ കനത്ത പരാജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ചും ബി.ജെ.പി എം.പിയും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ.

ആരാണ് പപ്പു എന്ന് ഇനി ഒന്നു പറഞ്ഞു തരാമോ എന്നായിരുന്നു മോദിയോടുള്ള ശത്രുഘ്‌നന്‍ സിന്‍ഹയുടെ ചോദ്യം. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ഫേക്കു ആയത് ആരാണെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ട്വീറ്റില്‍ ചോദിച്ചു.

“”സര്‍ ജി

ആരാണ് പപ്പു എന്ന് ഇനി ഞങ്ങള്‍ക്കൊന്ന് പറഞ്ഞു തരാമോ? യഥാര്‍ത്ഥത്തില്‍ ഫേക്കു ആയത് ആരാണെന്നും പറയാമോ? ഊര്‍ജ്ജസ്വലനും ശക്തനും അതിലുപരി ഏവരുടെയും ഹൃദയത്തില്‍ സ്ഥാനം നേടിയെടുക്കുകയും ചെയ്ത ഞങ്ങളുടെ സ്വന്തം രാഹുല്‍ ഗാന്ധി ഒരിക്കല്‍ കൂടി അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം തെളിയിച്ചിരിക്കുന്നു.


മധ്യപ്രദേശിലെ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; കമല്‍നാഥിന് അഭിനന്ദനങ്ങള്‍; രാജിക്ക് പിന്നാലെ ശിവരാജ് സിങ് ചൗഹാന്‍


സര്‍ ജി, കയ്യടി വാങ്ങുന്ന നേതാവിന് ചീത്തവിളിയും കേള്‍ക്കേണ്ടി വരും. നിങ്ങള്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് ചിന്തിക്കേണ്ട”” എന്നായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ ട്വീറ്റ്

രാജസ്ഥാനില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെ സോണിയാ ഗാന്ധിയെ വിധവയെന്ന് വിളിച്ചാക്ഷേപിച്ച മോദിയുടെ നടപടിയേയും ശത്രുഘ്‌നന്‍ സിന്‍ഹ വിമര്‍ശിച്ചു.

“”രാഹുല്‍ ഗാന്ധിയേയും അദ്ദേഹത്തിന്റെ അമ്മയേയും അങ്ങേയറ്റം അധാര്‍മികവും അപകീര്‍ത്തിപരവുമായ ഒരു വാക്കുപയോഗിച്ച് ആക്ഷേപിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? നിങ്ങളുടെ ആ പ്രയോഗത്തിനെതിരെ നിങ്ങളെ അനുകൂലിക്കുന്നവര്‍ തന്നെ രംഗത്തെത്തിയിരുന്നു.

നമ്മുടെ എതിരാളികള്‍ നമ്മുടെ ശുത്രുക്കളല്ല. മറിച്ച് നമ്മുടെ സമൂഹത്തിന്റേയും രാഷ്ട്രത്തിന്റെയും ഭാഗമാണ്. ജനാധിപത്യം നീണാള്‍ വാഴട്ടെ””- ശത്രുഘ്‌നന്‍ സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.

വളരെ മോശം ഭരണം കാഴ്ച്ച വെച്ച സര്‍ക്കാറാണ് യു.പി.എയുടേതെന്നും വിധവാ പെന്‍ഷന്‍ നല്‍കുന്നതില്‍ വരെ സര്‍ക്കാര്‍ അഴിമതി നടത്തിയെന്നും കോണ്‍ഗ്രസിന്റെ ഏത് വിധവയുടെ കീശയിലേക്കാണ് വിധവാ പെന്‍ഷന്റെ പണം പോയതെന്ന് എല്ലാവര്‍ക്കുമറിയാം എന്നുമായിരുന്നു മോദി രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞത്.

We use cookies to give you the best possible experience. Learn more