| Sunday, 23rd August 2020, 9:58 am

മാധ്യമ വാര്‍ത്തകളൊക്കെ തെറ്റ്; ദാവൂദ് ഇവിടെയില്ല; ഒറ്റദിവസം കൊണ്ട് വാദം തിരുത്തി പാകിസ്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന വാദം തെറ്റാണെന്ന് പാകിസ്താന്‍. ദാവൂദ് പാകിസ്താനില്‍ ഉണ്ടെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രി  പറഞ്ഞിരിക്കുന്നത്.

പാകിസ്താനില്‍ ദാവൂദ് ഇബ്രാഹീം ഉണ്ടെന്ന് തരത്തില്‍ പ്രചരിക്കുന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പാകിസ്താന്‍ പറഞ്ഞു.

എന്നാല്‍ നേരത്തെ ദാവൂദ് രാജ്യത്ത് ഉണ്ടെന്ന് പാകിസ്താന്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍, ഇപ്പോള്‍ പാകിസ്താന്‍ വാദങ്ങളൊക്കെ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ദാവൂദ് കറാച്ചിയില്‍ ഉണ്ടെന്ന വാദം പൂര്‍ണമായും നിഷേധിച്ച പാകിസ്താന്‍ ഇയാള്‍ക്ക് പാകിസ്താനിലേക്ക് കടക്കാന്‍ അനുമതിയില്ലെന്നും പറഞ്ഞു. ദാവൂദ് പാകിസ്താനിലുണ്ടെന്ന ഇന്ത്യയുടെ വാദത്തെ നേരത്തെ പല തവണ പാകിസ്താന്‍ തള്ളിയിരുന്നു.

കറാച്ചിയിലെ വെറ്റ് ഹൗസ് എന്ന കെട്ടിടത്തില്‍ ദാവൂദ് കഴിയുകയാണെന്നാണ് പാകിസ്താന്‍ പുറത്തുവിട്ട വിവരങ്ങളില്‍ നിന്നും വ്യക്തമാവുന്നത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശനിയാഴ്ച പുറത്തുവന്നിരുന്നു.

തീവ്രവാദ സംഘടനകളെ സാമ്പത്തികമായി പിന്തുണ നല്‍കുന്നതിനെ ചെറുക്കാനും ഇതിനെതിരെ നടപടി ക്രമങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന നിരീക്ഷണ സംഘടനയായ ഫിനാന്‍ഷ്യന്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന് പാകിസ്താന്‍ നല്‍കിയ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന തീവ്രവാദികളുടെ പട്ടികയില്‍ ദാവൂദ് ഇബ്രാഹിമിന്റെ പേരും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

ഈ പട്ടിക പുറത്തുവിട്ടതോടെയാണ് ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്ന് വാര്‍ത്തകള്‍ വന്നത്.

ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടാനാണ് പാക് തീരുമാനമെന്നും ദാവൂദിനൊപ്പം മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകര സംഘടനകളായ ലഷ്‌കറെ തയ്ബ, ജമാ അത്തുദ അവ എന്നിവയുടെ സ്ഥാപകനായ ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് ചീഫ് അസര്‍ എന്നിവരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്‍ ദാവൂദ് പാകിസ്താനില്‍ ഉണ്ടെന്ന് തരത്തില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയിരിക്കുന്നത്.

പാരീസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എഫ്.എ.ടി.എഫ് തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ പേരില്‍ പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ നിന്നും പുറത്തു കടക്കാനുള്ള നീക്കത്തിലാണ് പാകിസ്താന്‍. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 88 അനധികൃത തീവ്രവാദ സംഘടനകളുടെ വിവരങ്ങള്‍ എഫ്.എ.ടി.എഫിന് പാകിസ്താന്‍ കൈമാറിയിട്ടുണ്ട്.

എഫ്.എ.ടി.എഫ് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെട്ടതു മൂലം പാകിസ്താന് ഐ.എം.എഫ്, വേള്‍ഡ് ബാങ്ക്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയില്‍ നിന്നും സാമ്പത്തിക പിന്തുണ ലഭിക്കുക ദുഷ്‌കരമാവുന്ന സാഹചര്യത്തിലാണ് ഇതില്‍ നിന്നും പുറത്തു കടക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലുള്ള വിശ്വാസക്കുറവിന്റെ ശക്തമായ സൂചനയാണ് എഫ്.എ.ടി.എഫിന്റെ് നെഗറ്റീവ് മാര്‍ക്ക് നല്‍കുക.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

CONTENT HIGHLIGHTS:  Pakistan denies presence of Dawood Ibrahim in Karachi

We use cookies to give you the best possible experience. Learn more