ന്യൂദല്‍ഹി: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രാജ്യത്തിനു പുറത്തേക്കും. ഇന്ത്യയില്‍ രജപുത്ര കര്‍ണിസേനയുടെ വിലക്കുകളെ അതിജീവിച്ച പ്രദര്‍ശനം തുടരുന്ന ചിത്രത്തിനു മലേഷ്യയില്‍ വിലക്ക്. ഇസ്‌ലാം വിരുദ്ധമെന്ന് ആരോപിച്ചാണ് മലേഷ്യയിലെ നാഷണല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ബോര്‍ഡ് (എല്‍.പി.എഫ്.) സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്.
മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ പദ്മാവതിന്റെ കഥ ആശങ്കയുണ്ടാക്കുന്നതാണെന്ന് എല്‍.പി.എഫ്. ചെയര്‍മാന്‍ മുഹമ്മദ് സാംബെരി അബ്ദുള്‍ അസീസ് പറഞ്ഞു. ഇന്ത്യയില്‍ കോടതി ഉത്തരവിന്റെ പിന്‍ബലത്തിലിറങ്ങിയ ചിത്രം വിജയപ്രദര്‍ശനം തുടരുന്നതിനിടെയാണ് മലേഷ്യയിലെ വിലക്ക്.
അതേസമയം ചിത്രത്തിനു പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ അപ്പീല്‍ പോകാനൊരുങ്ങുകയാണ് മലേഷ്യയിലെ വിതരണക്കാര്‍. നേരത്തെയും മറ്റുരാജ്യങ്ങളില്‍ പ്രദര്‍ശനവിജയം നേടിയ ചിത്രങ്ങള്‍ക്ക് മലേഷ്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസ്നിയുടെ “ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ്” കഴിഞ്ഞവര്‍ഷം രാജ്യത്ത് നിരോധിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ചിത്രത്തിന് വിലക്കുണ്ട്. വിദേശത്തും ചിത്രം മികച്ച കളക്ഷനാണ് നേടുന്നത്. അമേരിക്കയില്‍ ആദ്യ മൂന്നുദിവസങ്ങള്‍കൊണ്ട് 22 കോടി രൂപ നേടിയിരുന്നു.
അതേസമയം ഇന്ത്യയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ അഭിഭാഷകന്‍ കഴിഞ്ഞദിവസം സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. രാജ്യത്തെ 4000 തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ആദ്യ ആഴ്ച തന്നെ 100 കോടി രൂപ കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ദിനം തന്നെ ചിത്രം 19 കോടി രൂപയുടെ കളക്ഷന്‍ നേടിയിരുന്നു.