| Thursday, 8th February 2018, 3:18 pm

'പള്ളിയിലെ ബാങ്ക് വിളി ഉറക്കം കളയുന്നത് '; സോനു നിഗത്തിന്റെ ബാങ്ക് വിളി പ്രസ്താവനയെ പിന്തുണച്ച് ജാവേദ് അക്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പള്ളികളില്‍ നിന്നും ഉയരുന്ന ബാങ്ക് വിളിക്കെതിരെ രംഗത്തെത്തിയതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു ഗായകന്‍ സോനു നിഗത്തിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നത്.

വീടിന് അടുത്തുള്ള പള്ളിയില്‍ നിന്നും ബാങ്കുവിളി കേട്ടാണ് മുസ്‌ലീം അല്ലാത്ത തനിക്ക് പുലര്‍ച്ചെ എഴുന്നേല്‍ക്കേണ്ടി വരുന്നത് എന്നായിരുന്നു സോനുവിന്റെ പ്രസ്താവന. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാനുസരണം നിര്‍ത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം സോനു നിഗത്തിന്റെ ഈ അഭിപ്രായപ്രകടനത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗാനരചയിതാവ് ജാവേദ് അക്തര്‍.

പള്ളികളിലും, ആരാധനാലയങ്ങളിലും ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് ആഗ്രഹിക്കുന്ന സോനു നിഗാം ഉള്‍പ്പെടെയുള്ള എല്ലാവരുമായും താന്‍ യോജിക്കുന്നു എന്നായിരുന്നു ജാവേദ് അക്തറിന്റെ ട്വീറ്റ്.

തെറ്റായ എന്തിനുമെതിരെയും ഞാന്‍ ശ്ബദമുയര്‍ത്തും. നിങ്ങളുടെ പ്രശ്‌നം എന്താണെന്നാല്‍ നിങ്ങള്‍ മറ്റുള്ളവരുടെ കുറ്റം മാത്രമേ കാണൂ. സ്വയം കാണില്ല എന്നതാണ്””- എന്നായിരുന്നു ജാവേദ് അക്തറിന്റെ അടുത്ത ട്വീറ്റ്.

എന്നാല്‍ ജാവേദിന്റെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തെത്തി.

“ബാങ്ക് വിളിയെന്നത് നമസ്‌കാരത്തിനായുള്ള ആഹ്വാനമാണ്. എന്നാല്‍ നിങ്ങള്‍ പറയുന്നത് കേട്ടാല്‍ ആളുകളെ വിളിച്ചുണര്‍ത്താന്‍ വേണ്ടിയുള്ള എന്തോ ഒന്നാണ് ഇതെന്ന് തോന്നും. ഇപ്പോള്‍ നിങ്ങള്‍ ഇത് പറയുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും നിങ്ങള്‍ ഇത് തന്നെ പറയുമോ എന്നായിരുന്നു ട്വിറ്ററില്‍ ഒരാളുടെ ചോദ്യം.

എന്തുകൊണ്ടാണ് പള്ളിയിലേയും ആരാധനാലയങ്ങളിലേയും ശബ്ദത്തെ കുറിച്ച് മാത്രം താങ്കള്‍ പറയുന്നതെന്നും രാഷ്ട്രീയ പാര്‍ട്ടി പരിപാടികളിലും വിവാഹ പരിപാടികളിലുമുള്ള ശബ്ദം ആളുകളെ ബുദ്ധിമുട്ടിക്കുന്നതല്ലേയെന്നുമായിരുന്നു മറ്റൊരാളുടെ ചോദ്യം.

“ഒരു മുസ്‌ലീം എന്ന നിലയില് എനിക്ക് ഉച്ചഭാഷിണിയിലോ അല്ലെങ്കില്‍ മതപരമായ പ്രവര്‍ത്തനങ്ങളിലോ പ്രശ്‌നമുണ്ടാവില്ല.ഞാന് എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ട്. എല്ലാ മതത്തിനും ഒരു ചരിത്രമുണ്ട്, അത് ഓരോരുത്തര്‍ക്കും പിന്തുണടരാനുള്ള അവകാശവും ഉണ്ട്.- ഇതായിരുന്നു മറ്റൊരു പ്രതികരണം.

എന്നാല്‍ ജാവേദ് അക്തറിന്റെ പ്രസ്താവനയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി.

താങ്കള്‍പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നും ശബ്ദമലിനീകരണവും വലിയ മലിനീകരണമാണെന്നും മതവുമായി ബന്ധപ്പെട്ട ഒന്നും യഥാര്‍ത്ഥത്തില്‍ അതില്‍ ഇല്ല എന്നുമായിരുന്നു ഒരാളുടെ പ്രതികരണം.

5.30 ന് പള്ളിയില്‍ നിന്നുള്ള ബാങ്ക് വിളി കേട്ട് ഉണരാന്‍ എനിക്ക് താത്പര്യമില്ല. ക്ഷേത്രത്തില്‍ നിന്നും 4.30 ന് ഉയരുന്ന ഭക്തിഗാനം കേട്ടും ഉണരാന്‍ താത്പര്യമില്ല. ഒരു മതത്തിന്റേയും ചരിത്രം പരിശോധിച്ചാല്‍ അവിടെയൊന്നും ലൗഡ് സ്പീക്കറിന്റെ ആവശ്യകത കാണാന്‍ സാധിക്കില്ലെന്നുമായിരുന്നു മറ്റൊരാളുടെ പ്രതികരണം.

പ്രവാചകനായ മുഹമ്മദ് നബി ഇസ്‌ലാം മതം സ്ഥാപിയ്ക്കുമ്പോള്‍ വൈദ്യുതി ഇല്ലായിരുന്നെന്നും തോമസ് ആല്‍വ എഡിസണ്‍ വൈദ്യുതി കണ്ടുപിടിച്ചത് മുതലാണ് ഇത്തരം ആരാധനാ ക്രമങ്ങള്‍ തുടങ്ങിയത് എന്നും സോനു വിമര്‍ശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more