Advertisement
Daily News
ഇപ്പോള്‍ അഭിനയത്തില്‍ ഉത്തരവാദിത്ത ബോധം വന്നു: മഞ്ജിമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Dec 21, 04:33 am
Sunday, 21st December 2014, 10:03 am

manjima1പതിനൊന്നു വര്‍ഷം മുമ്പു നിഷ്‌കളങ്കമായ ചിരിയിലൂടെ മലയാളി മനസു കീഴടങ്ങിയ ബാലതാരമായ മഞ്ജിമ നായികയായി തിരിച്ചെത്തുകയാണ്. ” ഒരു വടക്കന്‍ സെല്‍ഫി” എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായാണ് മഞ്ജിമ വരുന്നത്. ചിത്രത്തില്‍ ഡെയ്‌സിയെന്ന കഥാപാത്രത്തെയാണ് മഞ്ജിമ അവതരിപ്പിക്കുന്നത്.

” എന്റെ കഥാപാത്രം, ഡെയ്‌സി, നിവിന്‍ പോളി അവതരിപ്പിക്കുന്ന ഉമേഷുമായി പ്രണയത്തിലാണ്. എന്റെ പ്രവേശത്തിനുശേഷം നിവിന്‍ പോളിയുടെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്.” സിനിമയെക്കുറിച്ച് മഞ്ജിമ പറയുന്നു.

തലശ്ശേരിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ” കരിയര്‍ തുടങ്ങാന്‍ പറ്റിയ സ്ഥലമാണ് തലശ്ശേരി. ഇവിടുത്തെ എല്ലാം, ഭക്ഷണം മുതല്‍ ആളുകള്‍ വരെ നല്ലതാണ്. ഷൂട്ടിങ്ങിനുശേഷം ഞങ്ങളുടെ മനസില്‍ ഭക്ഷണമായിരിക്കും. വിനീതേട്ടന്റെ കുക്ക് രുചികരമായ മലബാറി വിഭവങ്ങള്‍ കൊണ്ടുവന്നുതരും. പക്ഷേ ഇപ്പോള്‍ ഞാനൊരു നടിയാണ്, ഭക്ഷണകാര്യത്തില്‍ നല്ല ശ്രദ്ധ വേണം.” മഞ്ജിമ പറയുന്നു.

ബാലതാരമായിരിക്കുമ്പോള്‍ തനിക്ക് വലിയ പ്രശ്‌നമൊന്നുമില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ അഭിനയത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്. കുട്ടിക്കാലത്തെ സിനിമാ മേഖലയിലെ അനുഭവങ്ങള്‍ തന്നെ ഏറെ സഹായിക്കുന്നുണ്ട്. ആളുകള്‍ തന്നെ ഇപ്പോഴും തിരിച്ചറിയുന്നതില്‍ സന്തോഷമുണ്ടെന്നും മഞ്ജിമ വ്യക്തമാക്കി.

അഭിനയസാധ്യതയുള്ള കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യൂവെന്നും മഞ്ജിമ അറിയിച്ചു. കുട്ടിക്കാലത്തും താന്‍ ചിത്രങ്ങള്‍ അഭിനയസാധ്യത നോക്കിയേ തിരഞ്ഞെടുക്കാറുണ്ടായിരുന്നുള്ളൂ. വരുന്ന എല്ലാ റോളുകളും ചെയ്യാന്‍ താല്‍പര്യമില്ലെന്നും താരം വെളിപ്പെടുത്തി.