| Thursday, 13th January 2022, 2:55 pm

ഇപ്പോള്‍ പിന്തുണയുമായെത്തിയ മുന്തിയ നായകന്മാരോടൊക്കെ പോയി പണി നോക്കാന്‍ പറയണം, ദിലീപിനെ ഉടന്‍ അറസ്റ്റു ചെയ്യണം: റിട്ട. എസ്.പി ജോര്‍ജ് ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്ക് പിന്തുണയറിയിച്ച് ഇപ്പോള്‍ രംഗത്തെത്തിയ വലിയ താരങ്ങളെ പരിഹസിച്ച് റിട്ട. എസ്.പി ജോര്‍ജ് ജോസഫ്.

ഇപ്പോള്‍ പിന്തുണയറിയിച്ച് രംഗത്തെത്തിയ വലിയ താരങ്ങളോട് പോയി പണിനോക്കാന്‍ പറയണമെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇത്രയ്ക്ക് ധാര്‍മികതയുള്ളവര്‍ ഇത്രയും നാള്‍ എവിടെയായിരുന്നെന്ന് ജോര്‍ജ് ജോസഫ് ചോദിക്കുന്നു.

‘ഈ വലിയ നടന്മാരെയൊക്കെ പള്ളേകൊണ്ടേകളയണമായിരുന്നു. ഇത്രയ്ക്ക് ധാര്‍മികതയുള്ളവരായിരുന്നെങ്കില്‍ എവിടെയായിരുന്നു ഈ മുന്തിയ നായകന്മാരൊക്കെ. ഇവരെ അംഗീകരിക്കാന്‍ ഡബ്‌ള്യൂ.സി.സി തയ്യാറല്ല. എന്നെപോലുള്ള വ്യക്തികളും ഒട്ടും തയ്യാറല്ല,’ ജോര്‍ജ് ജോസഫ് പറഞ്ഞു.

നടിക്ക് എല്ലാവരും മാനസിക പിന്തുണ കൊടുക്കേണ്ടിയിരുന്നത് നേരത്തെ ആയിരുന്നെന്നും കേസ് സത്യമായിരുന്നെന്ന് നായകന്മാരുള്‍പ്പെടെ എല്ലാവര്‍ക്കും അറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കേസിന്റെ പുരോഗതിയില്‍ അത് എങ്ങനെകൊണ്ടുപോകണമെന്ന് തീരുമാനിക്കേണ്ടത് അതിന്റെ അന്വേഷണ ഉദ്യോഗസ്ഥനാണെന്നും ജോര്‍ജ് ജോസഫ് അഭിപ്രായപ്പെട്ടു.

സത്യത്തില്‍ നിയമോപദേശം പോലും സ്വീകരിക്കാതെ വേണം അന്വേഷണം നടത്താനെന്നും മറിച്ചായാല്‍ അത് പ്രതിഭാഗത്തിന് വാദിക്കാനുള്ള അവസരമായി മാറിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

പറ്റുമെങ്കില്‍ ദിലീപിനെ ഇപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു.

അതേസമയം, ദിലീപിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണകമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സിലും വീട്ടിലും റെയ്ഡ് നടന്നിരുന്നു.

ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് അന്വേഷണം നടത്തുന്നത്.

നിലവില്‍ കമ്പനി പൂട്ടികിടക്കുന്നതിനാല്‍ പരിശോധന വൈകുകയാണ്. ദിലീപിന്റെ വീട്ടില്‍ നടക്കുന്ന പരിശോധന ഒന്നരമണിക്കൂര്‍ പിന്നിട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ തേടിയായിരുന്നു പരിശോധന.

ദിലീപിന്റെ സഹോദരന്‍ അനൂപ്, അഭിഭാഷകന്‍ ഫിലിപ് ടി. വര്‍ഗീസ് എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ദിലീപിന്റെ സഹോദരിയാണ് ആദ്യം സ്ഥലത്തെത്തിയത്. ഇവരാണ് അന്വേഷണ സംഘത്തിന് വീട് തുറന്ന് നല്‍കിയത്. അതിന് മുമ്പേ തന്നെ അന്വേഷണ സംഘത്തില്‍ ചിലര്‍ ദിലീപിന്റെ വീടിന്റെ ഗേറ്റ് ചാടിക്കടന്നിരുന്നു. നിലവില്‍ ക്രൈം ബ്രാഞ്ചിന്റെ 20 അംഗ സംഘമാണ് ദിലീപിന്റെ പത്മസരോവരം വീട്ടിലുള്ളത്.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടുണ്ടെന്ന് കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാബു കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് ആലുവയിലെ അഭിഭാഷകന്റെ വീട്ടിലുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടും ഉന്നത ഉദ്യോര്‍സ്ഥര്‍ അന്വേഷണം വൈകിപ്പിച്ചെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Now go to the top heroes who have come with support and tell them to go to work and arrest Dileep immediately: Rit. SP George Joseph

We use cookies to give you the best possible experience. Learn more