ദമാസ്‌കസ്/ അങ്കാറ: തുര്‍ക്കി-സിറിയ ഭൂകമ്പത്തിലെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാന മണിക്കൂറുകളാണിതെന്നും ഇനി രക്ഷാപ്രവര്‍ത്തനത്തിന് ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും ഇരുരാജ്യങ്ങളും അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ പുനരധിവാസത്തിന് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ലെന്നും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് വന്നവര്‍ക്ക് മരുന്നും ഭക്ഷണവും നല്‍കുന്നതില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചുവെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ലോകരാജ്യങ്ങള്‍ നല്‍കുന്ന സഹായം കൃത്യമായി വിനിയോഗിക്കുന്നില്ലെന്ന പ്രശ്‌നവും ഇരു രാജ്യങ്ങളും അഭിമുഖീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയിരിക്കുന്നത്.
ഇതിന്റെ പിന്നാലെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നിരവധി പേരെ രക്ഷിക്കാനായത് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും ഒരു ദമ്പതികളെ രക്ഷിക്കാനായത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഭൂകമ്പം നടന്ന് 15ാം ദിവസം രക്ഷാപ്രവര്‍ത്തന ദൗത്യം അവസാനിപ്പിക്കുകയാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.