| Thursday, 6th December 2018, 1:29 pm

സുബോധ് കുമാര്‍ ഹിന്ദുക്കളെ ദ്രോഹിച്ചിരുന്നു; വിചിത്രവാദവുമായി അജ്ഞാത കേന്ദ്രത്തില്‍ നിന്ന് പ്രതിയുടെ വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.പിയില്‍ സംഘപരിവാര്‍ വെടിവെച്ചു കൊന്ന പൊലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങ് ഹിന്ദുക്കളെ ദ്രോഹിച്ച ഉദ്യോഗസ്ഥനായിരുന്നെന്ന വിചിത്ര വാദവുമായി കേസിലെ പ്രതി ശിഖര്‍ അഗര്‍വാള്‍. യുവമോര്‍ച്ചയുടെ നേതാവു കൂടിയായ ഇയാള്‍ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് പുറത്തു വിട്ട വീഡിയോയിലാണ് സുബോധ് കുമാറിനെതിരെ ഹിന്ദു വിരുദ്ധത ആരോപിക്കുന്നത്.

സുബോധ് കുമാര്‍ സിങ് അഴിമതിക്കാരനായിരുന്നു. ബുലന്ദ് ശഹറില്‍ സംഘര്‍ഷം നടക്കുമ്പോള്‍ അവിടെ എത്തിയ സുബോധ് വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ശിഖര്‍ അഗര്‍വാള്‍ വീഡിയോയില്‍ പറയുന്നു. ദാദ്രി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ കൂടിയായ സുബോധ് കുമാറിന്റെ കൊലപാതകം ആസുത്രിതമാണെന്ന ആരോപണം ശക്തമായിരിക്കെയാണ് മുഖ്യപ്രതിയുടെ വീഡിയോ വന്നിരിക്കുന്നത്.

Read Also : സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ മുറിയില്‍ മോദിയുടെ അപ്രതീക്ഷിത സന്ദര്‍ശനം; 60 വര്‍ഷത്തിനിടെ ആദ്യം

കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് അഗര്‍വാള്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ താന്‍ പോലീസ് സ്റ്റേഷന്റെ ഉള്ളിലായിരുന്നു പ്രതിഷേധക്കാര്‍ കൊണ്ടുവന്ന പശുക്കളുടെ അവശിഷ്ടങ്ങള്‍ റോഡില്‍ നിന്ന് മാറ്റി അടക്കം ചെയ്തില്ലെങ്കില്‍ വെടിവെക്കുമെന്ന് സുബോധ് കുമാര്‍ പറഞ്ഞതായും ശിഖര്‍ ആരോപിക്കുന്നു.

ഒളിവിലുള്ള മുഖ്യപ്രതിയായ യോഗേഷ് രാജും കഴിഞ്ഞ ദിവസം സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് പറഞ്ഞ് വീഡിയോ പുറത്തുവിട്ടിരുന്നു. ബുലന്ദ്ശഹറില്‍ ഗോവധമാരോപിച്ച് കലാപം നടത്തിയ സംഭവത്തില്‍ ശിഖര്‍ അഗര്‍വാളടക്കം 26 ഓളം പേര്‍ പ്രതികളാണ്.

Read Also : ഹിന്ദുത്വ അക്രമികള്‍ കൊലചെയ്ത സുബോധ് സിങ്ങിന്റെ അനുസ്മരണ യോഗത്തിന് യു.പി സര്‍ക്കാര്‍ വിലക്ക്: ക്ഷണം സ്വീകരിച്ചെത്തിയവര്‍ മടങ്ങി

അതേസമയം യു.പിയില്‍ കൊല്ലപ്പെട്ട പൊലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിന്റെ അനുസ്മരണം സംഘടിപ്പിക്കാന്‍ യു.പി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. അനുസ്മരണ യോഗത്തില്‍ പങ്കെടുക്കാന്‍ ബുലന്ദ്ശഹര്‍ പൊലീസ് ആളുകളെ ക്ഷണിച്ചിരുന്നു. യോഗി സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ യോഗം റദ്ദാക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെ പത്തു മണിക്ക് ബുലന്ദ്ശഹര്‍ പൊലീസ് സ്റ്റേഷനിലെത്താന്‍ ഉത്തര്‍പ്രദേശിന്റെ പൊലീസ് സ്റ്റേഷനുകളുടെ ചുമതലയുള്ളയാള്‍ മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നു. പൊലീസ് ഇന്‍സ്പെക്ടര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു ഇത്. സുബോധ് സിങ്ങിന്റെ അനുശോചന യോഗത്തില്‍ പങ്കെടുക്കാനും മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച് മാധ്യമപ്രവര്‍ത്തകരും ക്ഷണിക്കപ്പെട്ട ചില അതിഥികളും പൊലീസ് സ്റ്റേഷനിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഉന്നത കേന്ദ്രത്തില്‍ നിന്നും അനുമതി നിഷേധിച്ചതോടെ അനുശോചന യോഗം റദ്ദാക്കിയെന്ന് പൊലീസ് ഓഫീസര്‍ അറിയിക്കുകയായിരുന്നു. ഡിപ്പാര്‍ട്ട്മെന്റിലെ എല്ലാ ഓഫീസര്‍മാരുടെയും ശമ്പളത്തില്‍ നിന്ന് ഒരു ദിവസത്തെ ശമ്പളം കുറയ്ക്കുമെന്നും അവരെ അറിയിച്ചതായി ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതലയുള്ളയാള്‍ പറയുന്നു.

We use cookies to give you the best possible experience. Learn more