| Thursday, 27th June 2019, 10:33 am

കസ്റ്റഡിയിലെടുത്ത സുഹൃത്തുക്കളെ വിട്ടില്ലെങ്കില്‍ മൂന്ന് ദിവസത്തിനകം ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കും ; പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബി.ജെ.പി എം.എല്‍.എയുടെ മകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കസ്ഗഞ്ച്: ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചിലെ സോറോണ്‍ ഗേറ്റ് പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബി.ജെ.പി എം.എല്‍.എയുടെ മകന്‍. കസ്റ്റഡിയിലെടുത്ത തന്റെ സുഹൃത്തുക്കളെ വെറുതെ വിട്ടില്ലെങ്കില്‍ സ്ഥലംമാറ്റിക്കളയുമെന്നായിരുന്നു ബി.ജെ.പി എം.എല്‍.എ ദേവേന്ദ്ര സിങ് രജപുതിന്റെ മകന്‍ ജസ്‌വീറിന്റെ ഭീഷണി.

പൊതുയിടത്ത് അടിപിടിയുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട് എം.എല്‍.എയുടെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലായ ഇരുവരും ആംബുലന്‍സ് ഡ്രൈവര്‍മാരായിരുന്നു. ഇവരെ പുറത്തിറക്കാനായി പൊലീസ് സ്റ്റേഷനിലെത്തിയ എം.എല്‍.എയുടെ മകനാണ് പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയത്.

എസ്.പി സിങ്ങ് എന്ന ഉദ്യോഗസ്ഥനെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. റോഡില്‍ അടിപിടി ഉണ്ടാക്കിയതിനെ തുടര്‍ന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. ഇവരില്‍ ഒരാള്‍ എം.എല്‍.എയുടെ മകനെ ഫോണ്‍ ചെയ്ത് വിളിച്ചുവരുത്തുകയായിരുന്നു. ഇവരെ വെറുതെ വിട്ടില്ലെങ്കില്‍ മൂന്ന് ദിവസത്തിനകം ട്രാന്‍സ്ഫര്‍ ചെയ്യിച്ചിരിക്കുമെന്നായിരുന്നു അദ്ദേഹം ഭീഷണി മുഴക്കിയത്”- പൊലീസുകാരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ബി.ജെ.പി എം.എല്‍.എയും മുതിര്‍ന്ന ബി.ജെ.പി നേതാവായ കൈലാഷ് വിജയ് വര്‍ഗിയയുടെ മകനുമായ ആകാശ് വിജയ്‌വര്‍ഗിയ നഗരസഭാ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത സംഭവം വിവാദമായിരുന്നു.

നഗരസഭയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരുമായി ഇന്‍ഡോര്‍ എം.എല്‍.എയായ ആകാശ് വിജയ്‌വര്‍ഗിയ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ ആകാശ് വിജയ്‌വര്‍ഗിയ സമരം സംഘടിപ്പിച്ചിരുന്നു. അഞ്ച് മിനിറ്റിനുള്ളില്‍ നിങ്ങള്‍ ഇവിടെ നിന്ന് പോയില്ലെങ്കില്‍ അതിന് ശേഷം സംഭവിക്കുന്ന എന്തിനും നിങ്ങള്‍ ഉത്തരവാദിയായിരിക്കുമെന്ന് പറഞ്ഞ ശേഷമായിരുന്നു എം.എല്‍.എ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ഉദ്യോഗസ്ഥനെ തല്ലിയത്. എം.എല്‍.എയുടെ സഹായികളും ഉദ്യോഗസ്ഥനെ ആക്രമിച്ചു.

സംഭവത്തിന് ശേഷം ബിജെപി നേതാക്കളോടൊപ്പം ആകാശ് വിജയ്‌വര്‍ഗിയ പോലീസ് സ്റ്റേഷനില്‍ എത്തി. ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിച്ചതിനാണ് ഇത്തരത്തില്‍ മര്‍ദ്ദിച്ചതെന്നായിരുന്നു ബി.ജെ.പിയുടെ വാദം.

We use cookies to give you the best possible experience. Learn more