| Sunday, 28th December 2014, 11:20 am

മെഡിക്കല്‍ ബില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പ് പരിചയപ്പെടാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്ന കുറിപ്പുമായി വേഗം തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പില്‍ കയറി അവര്‍ തരുന്ന മരുന്നും വാങ്ങി തിരിച്ചുപോകുന്നതാണ് നമ്മളില്‍ പലരുടെയും രീതി. ഈ മരുന്നുകളില്‍ മിക്കവയുടെയും വില ഞെട്ടിക്കുന്നതായിരിക്കും. സ്ഥിരമായി ഗുളികകള്‍ കഴിക്കുന്നവരുടെ കാര്യമാണ് കഷ്ടം. ഓരോ ദിവസത്തേക്കുമുള്ള ഗുളികകള്‍ക്കുള്ള ചിലവ് കണ്ടെത്താന്‍ പലരും കഷ്ടപ്പെടുകയാണ്. ഇത്തരം ചിന്തകള്‍ക്കൊപ്പം പറയാന്‍ ഒരു കാരണമുണ്ടാകും, ഈ മരുന്നുകള്‍ക്കൊക്കെ എന്തു വിലക്കയറ്റമായെന്ന്?

എന്നാല്‍ പലഘട്ടത്തിലും വിലകൂടിയ മരുന്നുകള്‍ നമ്മള്‍ തന്നെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നതെന്ന് അധികമാരും മനസിലാക്കുന്നില്ല. നമ്മള്‍ ഉപയോഗിക്കുന്ന അതേ മരുന്നുകള്‍ മറ്റൊരു കമ്പനിയുടേതാകുമ്പോള്‍ വിലയില്‍ വന്‍ വ്യത്യാസം തന്നെ പലപ്പോഴും കാണാന്‍ കഴിയും. ഡോക്ടര്‍മാറുടെ കുറിപ്പില്‍ ജനറിക്നെയിം എന്നതിനു പകരം ബ്രാന്റ് നെയിം ഉപയോഗിക്കുന്നതു കൊണ്ടാണ് ഈ വ്യത്യാസം നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്തത്.

ഈ വ്യത്യാസം ഒരു മൊബൈല്‍ ആപ്പിലൂടെ മനസിലാക്കാന്‍ സാധിച്ചാലോ? അതെ, ഈ വ്യത്യാസം തിരിച്ചറിയാന്‍ സഹായിക്കുന്ന ആപ്പുണ്ട്. ഹെല്‍ത്ത്കാര്‍ട്ട് പ്ലസ് എന്ന മൊബൈല്‍ ആപ്പ്.

ഇനി എങ്ങനെയാണിത് ചെയ്യേണ്ടതെന്നു നോക്കാം.

ആദ്യം വേണ്ടത് ഈ ആപ്പ് നിങ്ങളുടെ ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐ ഫോണിലേക്ക്  healthkartplus ഡൗണ്‍ലോഡ് ചെയ്യുകയാണ്. അതിനുശേഷം ഫൈന്‍ഡ് മെഡിസിന്‍ [find medicine] എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അതില്‍ നിങ്ങള്‍ക്കു തന്ന കുറിപ്പിലെ മരുന്നിന്റെ പേര് സെര്‍ച്ചു ചെയ്യുക.

ആ മരുന്നുമായി ബന്ധപ്പെട്ട സമ്പൂര്‍ണ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാകും. ഇനി അതിനുശേഷമുള്ള സബ്സ്റ്റിറ്റിയൂട്ട് [substitute]എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. അതില്‍ ഈ മരുന്നിനു പകരമായി ഉപയോഗിക്കാന്‍ കഴിയുന്ന, അതേ ഗുണങ്ങള്‍ പ്രദാനം ചെയ്യാന്‍ സാധിക്കുന്ന മരുന്നുകളുടെ പേരും വിലവിവരവും ലഭ്യമാകും.

കുറച്ചുകൂടി വിശദമാക്കാന്‍ നമുക്ക് അപസ്മാര രോഗിയായ സുജാത കൃഷ്ണന്‍ (യഥാര്‍ത്ഥ പേരല്ല) എന്നയാളുടെ കാര്യമെടുക്കാം. അവര്‍ Pfizer എന്ന കമ്പനിയുടെ Lyrica എന്ന കാപ്‌സ്യൂള്‍ വാങ്ങി. 14 എണ്ണത്തിന് 768.56 രൂപയാണ് വില.

സുജാത ഇതിനു പകരമായി ഉപയോഗിക്കാന്‍ കഴിയുന്ന മറ്റൊരു ഗുളിക ഹെല്‍ത്ത്കാര്‍ട്ട് പ്ലസിന്റെ സഹായത്താല്‍ കണ്ടെത്തുന്നു. Ciplaയുടെ Prebaxe. 10 കാപ്‌സ്യൂളിന് Rs59 രൂപ.

We use cookies to give you the best possible experience. Learn more