'ഇനി ആര്‍ക്കും സുന്ദരികളായ കശ്മീരി പെണ്‍കുട്ടിയെ വിവാഹം ചെയ്യാം'; വിവാദമായി ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശം
മുസഫര്‍നഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ബി.ജെ.പി എം.എല്‍.എ നടത്തിയ പരാമര്‍ശം വിവാദത്തില്‍.
ഇനി ആര്‍ക്കും സുന്ദരികളായ കശ്മീരി പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്നാണ് ഖട്ടൗലി മണ്ഡലത്തിലെ എം.എല്‍.എയായ വിക്രം സിംഗ് സെയ്‌നി പറഞ്ഞത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ആഘോഷിക്കുന്ന ചടങ്ങില്‍ വെച്ചാണു എം.എല്‍.എയുടെ വിവാദ പരാമര്‍ശം.
‘ബി.ജെ.പിയുടെ അണികള്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതില്‍ സന്തോഷിക്കുന്നുണ്ട്. പ്രത്യേകിച്ചും വിവാഹതിരാകാത്ത യുവാക്കള്‍.അവര്‍ക്ക് കശ്മീരില്‍ നിന്ന് വിവാഹം ചെയ്യാം. ഇപ്പോള്‍ അതിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ല. നേരത്തെ ഒരു കശ്മീരി പെണ്‍കുട്ടി ഉത്തര്‍പ്രദേശുകാരനായ ഒരാളെ വിവാഹം ചെയ്തിരുന്നെങ്കില്‍ അവളുടെ പൗരത്വം നഷ്ടമാകുമായിരുന്നു.
ഇന്ത്യയിലും കശ്മീരിലും രണ്ട് പൗരത്വമാണ് ഉണ്ടായിരുന്നത്. ഇനി പാര്‍ട്ടിയിലെ മുസ്‌ലിം അണികള്‍ക്ക് അവിടെ നിന്ന് സുന്ദരികളായ സ്ത്രീകളെ വിവാഹം ചെയ്യാം. എല്ലാവര്‍ക്കും ആഘോഷിക്കാം. അതിപ്പോള്‍ ഹിന്ദുവോ മുസ്‌ലിമോ ആകട്ടെ. ഇത് രാജ്യം മുഴുവന്‍ ആഘോഷിക്കേണ്ട ഒന്നാണ്’-വിക്രം സിംഗ് സെയ്‌നി പറഞ്ഞു.
ഈ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ‘ഇനി ഒരു പ്രശ്‌നവുമില്ലാതെ കശ്മീരി പെണ്‍കുട്ടിയെ വിവാഹം ചെയ്യാനാകുമെന്നും താന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നുമാണ് വിക്രം സിംഗ് സെയ്‌നി പറഞ്ഞതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഇത് കശ്മീരിലെ ജനങ്ങള്‍ക്ക് സ്വാതന്ത്രം കിട്ടിയതിന്റെ ആഘോഷമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ആഘോഷിച്ചത്’- വിക്രം സിംഗ് സെയ്‌നി പറഞ്ഞു.
ജമ്മു കശ്മീര്‍ പുനസംഘടനാ ബില്‍ ലോക്‌സഭയില്‍ പാസാക്കാന്‍ 367 അംഗങ്ങളാണ് പിന്തുണച്ചത്. 67 പേര്‍ ഇതിനെതിരെ വോട്ട് ചെയ്തു. ജമ്മുകശ്മീരിനെ രണ്ടായി വിഭജിക്കുന്നതാണ് ബില്‍.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതോടെ ജമ്മു കശ്മീരില്‍ ഇ.ഡബ്ല്യു.എസ് റിസര്‍വേഷന്‍ ബില്‍ സ്വപ്രേരിതമായി നടപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ഷാ പറഞ്ഞിരുന്നു.