| Wednesday, 2nd December 2020, 9:14 am

തൃശൂരില്‍ നോവലിസ്റ്റിന് നേരെ സംഘപരിവാര്‍ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുരുവായൂര്‍: തൃശൂരില്‍ സാഹിത്യകാരന് നേരെ ബി.ജെ.പി ആക്രമണം. പേരകം സ്വദേശിയും നോവല്‍ രചയിതാവുമായ മനോഹരന്‍ വി പേരകത്തിനെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസമാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്നും ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണെന്നും മനോഹരന്‍ ഫേസ്ബുക്ക് വഴി അറിയിച്ചു. മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

എന്റെ ദേശത്തുതന്നെയുള്ള ഏതാനും താമരഗുണ്ടകളുടെ കൊടിയ മര്‍ദ്ദനത്തിനിരയായി ആശുപത്രിയിലായിരുന്നു. പാവങ്ങളുടെ ജീവിതപ്പാടിനെ ചൂഷണം ചെയ്യുന്ന പലിശക്കാരനും ഗുണ്ടയുമായ കളത്തില്‍ ബാബു എന്നയാളുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് മനോഹരന്‍ പറയുന്നു.

രണ്ട് മാസം മുന്‍പ് നടന്ന സംഭവത്തിന്റെ പേരിലാണ് മനോഹരനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. അക്രമികളിലൊരാളുടെ മകന്റെ വിവാഹം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്ത ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് താന്‍ സുഹൃത്തുക്കള്‍ക്ക് അയച്ച ജാഗ്രതാനിര്‍ദ്ദേശമാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്ന് മനോഹരന്‍ പറയുന്നു.

‘രണ്ടുമാസം മുമ്പ് ഇതില്‍ ഒരാളുടെ മകന്റെ വിവാഹം, കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് കൊഴുപ്പിച്ചുനടന്നപ്പോള്‍ അതില്‍ പങ്കെടുത്ത ഒരാള്‍ക്ക് പിറ്റേന്ന് കോവിഡ് പോസറ്റീവാണെന്ന് തെളിഞ്ഞിരുന്നു.എന്റെ മക്കളും ആ വീട്ടില്‍ വിരുന്നിന് പോയിട്ടുണ്ടായിരുന്നു. അവിടെ വന്ന ഒരു സുഹൃത്തിന്, നിര്‍ഭാഗ്യവശാല്‍ പിറ്റേന്ന് കോവിഡ് പോസറ്റീവായ വിവരം മക്കള്‍ വീട്ടില്‍ വന്ന് പറയുകയുണ്ടായി. ‘ആയതിനാല്‍ വിരുന്നില്‍ പങ്കെടുത്ത സുഹൃത്തുക്കള്‍ ശ്രദ്ധിക്കുക’ എന്ന് ഞാനെന്റെ പല സുഹൃത്തുക്കള്‍ക്കും വാട്‌സ്ആപ്പ് മെസേജിടുകയുണ്ടായി. രണ്ടുമാസം മുന്‍പ് നടന്ന ഈ മെസേജിനെ മുന്‍നിര്‍ത്തിയായിരുന്നു ചോദ്യം ചെയ്യലും മര്‍ദ്ദനവും.’ മനോഹരന്‍ പറഞ്ഞു.

ഇവര്‍ക്കൊക്കെ നാട് ഭരിക്കാനുള്ള അധികാരം കൈവന്നാലുള്ള സ്ഥിതിയെക്കുറിച്ച് നമുക്ക് ഓര്‍ത്തു നോക്കാവുന്നതേയുള്ളൂ. എഴുത്തുകാരേയും കലാകാരന്മാരേയും വെട്ടിയൊതുക്കുന്ന ഇവര്‍ക്കെതിരെ സമൂഹ രോഷം ഉണരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മനോഹരന്‍ ഫേസ്ബുക്കിലെഴുതി.

സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് എസ്. ഹരീഷ് അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Novelist  Manoharan attacked by Sangh Parivar in Kerala, writers starts protest

We use cookies to give you the best possible experience. Learn more