തൃശൂര്‍: നോവലിസ്റ്റ് പി. ജിംഷാറിന് നേരെ ആക്രമണം. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ പെരുമ്പിലാവിന് സമീപം കൂറ്റനാട് വെച്ചാണ് മര്‍ദനേമേറ്റത്. നാലംഗം സംഘമാണ് അക്രമണം നടത്തിയത്. പുറത്തിറങ്ങാനിരിക്കുന്ന “പടച്ചോന്റെ ചിത്രപ്രദര്‍ശനം” എന്ന പുതിയ പുസ്തകത്തിന്റെ പേരില്‍ ജിംഷാറിന് നേരെ ഭീഷണികളുണ്ടായിരുന്നു.
ഇന്നലെ രാത്രി ഉപ്പയുടെ ഉമ്മയെ കണ്ടശേഷം കൂനംമൂച്ചിയില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങി വരികയായിരുന്ന ജിംഷാര്‍ ബസ് ഇല്ലായിരുന്നതിനാല്‍ മറ്റൊരാളുടെ ബൈക്കിലാണ് കൂറ്റനാട് എത്തിയത്. തുടര്‍ന്ന് ബസ് കാത്തു നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് പരിചയ ഭാവത്തില്‍ സംസാരിച്ചു തുടങ്ങി. പിന്നീട് മൂന്നു പേര്‍കൂടി പെട്ടെന്ന് വരുകയും നീ പടച്ചോനെ കുറിച്ച് എഴുതുമല്ലേടാ എന്ന് ചോദിച്ച് അക്രമിക്കിക്കുയായിരുന്നു.
സംഘം ജിംഷാറിനെ നിലത്തിട്ട് മര്‍ദിക്കുകയായിരുന്നു. ചവിട്ടി നടുവിനാണ് പരിക്കേല്‍പ്പിച്ചത്. തളര്‍ന്നു വീണ ജിംഷാറിനെ അവിടെയുപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് ജിംഷാറിനെ കൂറ്റനാട് മോഡേണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത രൂപത്തിലാണ് ആക്രമണമുണ്ടായിരിക്കുന്നതെന്ന് ജിംഷാറിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.
“പടച്ചോന്റെ ചിത്ര പ്രദര്‍ശനം” പുസ്തകത്തിന്റെ കവര്‍ ജിംഷാര്‍ വാട്ട്‌സപ്പ് ഡിപിയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വാട്ട്‌സപ്പില്‍ ഭീഷണിയുണ്ടായിരുന്നതായി ജിംഷാര്‍ പറഞ്ഞിരുന്നു. ഡി.സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.