| Friday, 17th April 2015, 10:55 am

പി.കെ യുടെ കഥ മോഷണമാണെന്ന് ആരോപണം; നോവലിസ്റ്റ് 1 കോടിരൂപ ആവശ്യപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആമിര്‍ ഖാന്‍ നായകനായ പി.കെ എന്ന ചിത്രം തന്റെ നോവല്‍ കോപ്പിയടിച്ചതാണെന്നാരോപണവുമായി നോവലിസ്റ്റ് രംഗത്ത് . ഹിന്ദി നോവലിസ്റ്റായ കപില്‍ ഇസാപൂരിയാണ് തന്റെ നോവലായ “ഫരിഷ്ത”യുടെ പകര്‍പ്പാണ് പികെ എന്നാരോപിച്ച് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

വിഷയത്തില്‍ സിനിമയുടെ നിര്‍മ്മാതാക്കളുടെ വിശദീകരണം കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. നിര്‍മ്മാതാക്കളായ വിധു വിനോദ് ചോപ്ര, രാജ്കുമാര്‍ ഹിരാനി എന്നിവര്‍ സെപ്റ്റംബര്‍ നാലിനാണ് മറുപടി സമര്‍പ്പിക്കേണ്ടത്. നോവലില്‍നിന്നും കഥാപാത്രങ്ങളേയും ആശയവും സന്ദര്‍ഭങ്ങളുമെല്ലാം ഇവര്‍ മോഷ്ടിക്കുകയായിരുന്നുവെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്.

അതേസമയം പി.കെയുടെ തിരക്കഥ ജൂലൈ 29 2010 ന് “ഗര്‍ ജാനാ ഹെ” എന്ന പേരില്‍ മുംബൈ റൈറ്റേഴ്‌സ് അസോസിയേഷനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരുന്നതായി നിര്‍മ്മാതാക്കളുടെ അഭിഭാഷകര്‍ പറഞ്ഞു. തിരക്കഥയുടെ അഞ്ച്  പതിപ്പുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ അവസാനത്തേത് രജിസ്റ്റര്‍ ചെയ്തത് 2012ലാണ്. 2014ലാണ് ചിത്രം പുറത്തിറങ്ങിയത്

എന്നാല്‍ 2009ല്‍ തന്നെ താന്‍ നോവല്‍ സമര്‍പ്പിച്ചിരുന്നതായും 2013ലാണ് നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടതെന്നും നോവലിസ്റ്റ് പറയുന്നു. കേസിലെ എല്ലാ കക്ഷികളെയും ജസ്റ്റിസ് നജ്മി വാസിരി ചോദ്യം ചെയ്തു.

We use cookies to give you the best possible experience. Learn more