ആകാശം കാണണമെങ്കില്‍ കേരളം വിടണമെന്ന് കവി; വിമര്‍ശനവുമായി സൈബര്‍ ലോകം
Kerala News
ആകാശം കാണണമെങ്കില്‍ കേരളം വിടണമെന്ന് കവി; വിമര്‍ശനവുമായി സൈബര്‍ ലോകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd September 2024, 10:51 pm

കോഴിക്കോട്: നോവലിസ്റ്റും ഗാനരചയിതാവുമായ റഫീദ് അഹമ്മദിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. കേരളത്തിലെ അന്തരീക്ഷവുമായി ബന്ധപ്പെട്ട് റഫീഖ് അഹമ്മദ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. ആകാശം കാണണമെങ്കില്‍ കേരളം വിടണമെന്ന് കുറിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

‘ഒരു കോവൈയാത്രക്കിടയില്‍….എന്തൊരാകാശം…,ആകാശം കാണണമെങ്കില്‍ കേരളം വിടണം. കൂറ്റന്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരു കീറാകാശമേ മലയാളിക്ക് ഉള്ളു. മലയാള മനസ് പോലെത്തന്നെ,’ എന്നാണ് റഫീഖ് അഹമ്മദ് പോസ്റ്റില്‍ കുറിച്ചത്.

പോസ്റ്റിന് പിന്നാലെ റഫീഖ് അഹമ്മദ് തന്നെ സോഷ്യല്‍ മീഡിയയില്‍ എയറിലായിരിക്കുകയാണ്.

എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമന്‍ അടക്കമുള്ളവര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ നിരവധി ആളുകളാണ് റഫീഖ് അഹമ്മദിനെ വിമര്‍ശിച്ചുകൊണ്ട് പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ പ്രതികരിക്കുന്നത്.

കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍ കേരളത്തില്‍ എയറില്‍ ആയിരുന്നത് കൊണ്ടായിരിക്കാം കേരളത്തിലെ ആകാശത്തോട് ഇത്ര വിരക്തിയെന്ന് മാധ്യമ പ്രവര്‍ത്തക സംഗീത മാധവ് പോസ്റ്റിനോട് പ്രതികരിച്ചു.

കേരളമാണെന്ന് പറഞ്ഞ് പറ്റിച്ചിട്ട് റഫീഖ് അഹമ്മദിനെ ഏതോ ബേസ്‌മെന്റില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും മറ്റൊരാള്‍ പ്രതികരിച്ചു. ആകാശം കാണാന്‍ പോയി ‘എയറിലാകുന്നത്’ എന്തൊരു കാവ്യനീതിയാണെന്ന് പറഞ്ഞുകൊണ്ട് റഫീഖ് അഹമ്മദിനെ വിമർശകർ പരിഹസിക്കുകയും ചെയ്തു.

കുട്ടിക്കാലത്ത് ആകാശം കാണണം, ആകാശം കാണണമെന്ന് പറയുമ്പോള്‍, ആകാശഗംഗ സിനിമ കാണിച്ചുതരുമായിരുന്നു എന്റെ പൊന്നമ്മച്ചി എന്ന് പറഞ്ഞ് ഡിജിറ്റല്‍ ക്രിയേറ്ററായ അരുണ്‍ കമ്പ്രാത്തും പോസ്റ്റിനെതിരെ പ്രതികരിച്ചു.

വല്ലതും പറഞ്ഞാല്‍ സൈബര്‍ ആക്രമാണെന്ന് പറയും, ശരിയാണ് സാര്‍ കേരളത്തില്‍ ആകാശം ഇല്ലെന്ന് അരുണ്‍ ഗോപി എന്ന പ്രൊഫൈലില്‍ നിന്ന് പ്രതികരണമുണ്ടായി.

Content Highlight: Novelist and lyricist Rafeed Ahmed has been heavily criticized on social media