തഥാഗതന്റെ യാത്രകളിലും സ്വപ്നങ്ങളിലും കവിതകള്‍ ഒറ്റപ്പെട്ട കൂട്ടായിരുന്നു. നിറങ്ങള്‍ ആകാശമായിരുന്നു, ചിരികള്‍ പൊട്ടിയ ചങ്ങലകളുടെ കിലുക്കങ്ങളെ ഭേദിച്ചിരുന്നു. യാത്രകളില്‍ ചിരിയുടെ പത്തായങ്ങള്‍ അവന്‍ കൂടെ ചുമന്നിരുന്നു. ചുട്ടുപൊള്ളുന്ന യാത്രകളില്‍ മലരാകുന്ന ചിരികള്‍ അവന്‍ വഴിനീളെ വിതറി. ചിരി കായ്ക്കുന്ന മരങ്ങളെ പ്രതീക്ഷിച്ച് അവന്‍ തിരിഞ്ഞുനിന്നു.
നോവല്‍ ആരംഭിക്കുന്നു….
ഒന്ന്
ഒരിക്കലെങ്കിലും
നീ ഇരുട്ടിനെ
സ്വപ്നം കണ്ടിട്ടുണ്ടോ?
ആ മഹാ ശൂന്യതയിലേക്ക്
ഒരു മിന്നാമിനുങ്ങിനെപോലെ
പറന്നുചെല്ലാന്‍,
അതിന്റെ അനന്തതയില്‍
മറഞ്ഞിരിക്കുന്ന
ഓര്‍മ്മയുടെ വിളക്കുകളില്‍
നാളമാകാന്‍….
കഴിയില്ല…. കാരണം,
നമ്മള്‍ കണ്ണുമഞ്ഞളിയുന്ന
വെളിച്ചത്തിന്റെ
സന്തതികളാണ്.
“ഓര്‍മ്മകള്‍” വ്രണിതമസ്തിഷ്‌കത്തില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന ഒരു പിറന്നാള്‍ ദിനത്തിന്റെ അന്ത്യനിമിഷങ്ങള്‍ ഓര്‍മ്മകളെ ഉറക്കഗുളികകള്‍ക്ക് തിന്നാന്‍ കൊടുത്തുകഴിഞ്ഞു.”
-തഥാഗതന്‍
പൊട്ടിച്ചിരിച്ചുകൊണ്ട് ഉണര്‍ന്ന തഥാഗതന്‍ തന്റെ കാല്‍വണ്ണ മുഖത്തിന് നേരെ പിടിച്ച് സൂക്ഷിച്ച് നോക്കി. അവിടെ ആദിമധ്യാന്തങ്ങളില്ലാത്ത ഒരു കാഴ്ച രൂപം കൊണ്ടു. കാലത്തിന്റെ വടുക്കള്‍ നിറഞ്ഞ കാല്‍വണ്ണയില്‍ നനവിന്റെ യാതൊരു ലാഞ്ചനയും കാണാതെ ഊറിച്ചിരിച്ചു.
വീടിന്റെ കിഴക്കുഭാഗത്തുകൂടി കുന്നിനുതാഴേക്കൊഴുകുന്ന തോടിനരികിലൂടെ അവര്‍ മുകളിലേക്ക് നടന്നു. പുറകില്‍ ജോണും ജീവനും സുരേഷുമുണ്ടായിരുന്നു. കുഞ്ഞിരാമന്‍ വഴി കാണിച്ചുകൊണ്ട് മുന്നിലും കെളുത്തിവലിക്കുന്ന തുടലിമുള്ളുകള്‍ ഇടയ്ക്ക് ദേഹത്ത് മഞ്ചാടിക്കുരുക്കള്‍ തുന്നിചേര്‍ത്തു. തുടലിപ്പഴംകൊണ്ട് അവര്‍ വേദനയകറ്റി. കുഞ്ഞിരാമന്‍ വെട്ടിക്കൊടുത്ത പുല്ലാന്നിവള്ളിയില്‍ നിന്നും അവര്‍ ജീവന്റെ രസനീരു നുകര്‍ന്നു.
അരികിലെ കുറ്റിക്കാടുകളില്‍ ഇരതേടിയിരുന്ന കാട്ടുകോഴി കുടുംബം ചിതറിയോടി. കുഞ്ഞുങ്ങള്‍ കരിയിലകള്‍ക്കിടയില്‍ പതുങ്ങിക്കിടന്നു. കരിയിലകള്‍ക്കിടയില്‍ തങ്ങള്‍ പിടിക്കപ്പെടില്ല എന്ന ധാരണയില്‍ ആ സാധുക്കള്‍ പ്രാര്‍ത്ഥനാനിരതരായി. കരിയിലകളോടുകൂടി ജോണ്‍ പിടികൂടിയ കുഞ്ഞുങ്ങളെ കണ്ട് “അയിനെ വിടപ്പ” എന്ന് പറഞ്ഞ് കുഞ്ഞിരാമന്‍ കലമ്പല്‍കൂട്ടി. വഴികാട്ടിയുടെ പിണക്കം തങ്ങള്‍ക്ക് യാത്രയുടെ ലക്ഷ്യം നഷ്ടപ്പെടുത്തുമെന്ന് കണ്ട് ജോണ്‍ നിശബ്ദനായി കൈവിടര്‍ത്തി. അതില്‍നിന്നും പ്രാണന്റെ മോക്ഷഗതിവേഗം കണ്ട് തഥാഗതന്‍ വായപൊളിച്ചുനിന്നു.
ഇവയിലൊന്നും ആത്മരതി കാണാതെ ജീവന്‍ 8-ബിയില്‍ പഠിക്കുന്ന നിഷയുടെ പേരും തന്റെ പേരും ഒരു ഹൃദയചിഹ്നത്തിലൊതുക്കി. നീരൊഴുക്കിന്റെ തലോടലേറ്റു മിനുങ്ങിയ പാറയുടെ മുകളില്‍ ചുകന്ന കല്ലുകൊണ്ട് പകര്‍ത്തി വച്ചു. ആ ശിലാലിഖിതത്തിനു മുകളില്‍ തെളിഞ്ഞുനിന്ന അവന്‍ വെളുക്കെ ചിരിച്ചു. അച്ഛനും മുത്തച്ഛനുമൊക്കെ കളിയ്ക്കുന്ന ചീട്ടിന്റെ അടയാളത്തിനു മുകളില്‍ ഇങ്ങനെ എഴുതി തെളിയുന്നതെന്തിനാണെന്നറിയാതെ ജോണും തഥാഗതനും പരസ്പരം നോക്കി തങ്ങളുടെ അറിവില്ലായ്മയെ അടക്കിവെച്ചു.
വലതുകൈയ്യില്‍ ഓങ്ങിപ്പിടിച്ച കല്ലും ഇടതുകൈയ്യിലെ ഒരു കൂട്ടം കല്ലുകളുമായി സുരേഷ് പക്ഷികളുടെ ശബ്ദത്തിനുനേര്‍ക്ക് കണ്ണു കൂര്‍പ്പിച്ചു.
അവന്റെ ജീവിതഗതിയില്‍ ലക്ഷ്യങ്ങളം, ഉന്നങ്ങളും ഭക്ഷണമാക്കുമെന്നും, ആയുധം അഭയവും ഭയവുമാക്കുമെന്നും ഏകാന്തമായ മലനിരകളിലും മണല്‍പ്പരപ്പുകളിലും കൈപ്പിടിയിലൊതുക്കി നില്‍ക്കേണ്ടി വരുമെന്നും, അവന്‍ അന്ന് ചിന്തിച്ചിരുന്നു പോലുമില്ല. തഥാഗതന് അന്ന് വെളിപാടുകളെക്കുറിച്ച് അറിയുകയുമില്ലായിരുന്നു.
പൂത്തുലഞ്ഞു നില്‍ക്കുന്ന മരുതിന്റെ കൊമ്പില്‍ തൂങ്ങിയാടിക്കൊണ്ടിരുന്ന ഒരു ഓലേഞ്ഞാലിയെ ഒട്ടിട മുന്നോട്ട് തെറിപ്പിച്ച് താഴേക്കു പതിച്ച കല്ലിനേയും സുരേഷിന്റെ ഇടതുകൈയ്യിലെ കല്ലുകളെയും നോക്കി നിന്ന തന്റെ അന്നത്തെ മനോനിലയുടെ ഗതിയോര്‍ക്കാന്‍ കഴിയാതെ തഥാഗതന്‍ നെടുവീര്‍പ്പിട്ടു. ഒരു നെടുവീര്‍പ്പില്‍നിന്നും… ഉയിര്‍കൊണ്ട കൊടുങ്കാറ്റ് ആരും കാണാതെ ഒരു സ്വസ്ഥമായ ഇടം തേടിയിറങ്ങി. പാഥേയം കിട്ടാതെ പനമുകളില്‍ വിശ്രമിച്ച് മലയിറങ്ങി…
തഥാഗതന്റെ യാത്രകളിലും സ്വപ്നങ്ങളിലും കവിതകള്‍ ഒറ്റപ്പെട്ട കൂട്ടായിരുന്നു. നിറങ്ങള്‍ ആകാശമായിരുന്നു, ചിരികള്‍ പൊട്ടിയ ചങ്ങലകളുടെ കിലുക്കങ്ങളെ ഭേദിച്ചിരുന്നു. യാത്രകളില്‍ ചിരിയുടെ പത്തായങ്ങള്‍ അവന്‍ കൂടെ ചുമന്നിരുന്നു. ചുട്ടുപൊള്ളുന്ന യാത്രകളില്‍ മലരാകുന്ന ചിരികള്‍ അവന്‍ വഴിനീളെ വിതറി. ചിരി കായ്ക്കുന്ന മരങ്ങളെ പ്രതീക്ഷിച്ച് അവന്‍ തിരിഞ്ഞുനിന്നു.
മരുതു പൂക്കുന്ന അരുവിയുടെ തീരത്തുനിന്നും തുടങ്ങിയ യാത്രയുടെ നിഷ്ഫലതയോര്‍ത്ത് അവന്‍ വീണ്ടും പൊട്ടിച്ചിരിച്ചു.
(തുടരും…)
സതീഷ് കെ.കെ:
ചിത്രകാരന്‍. എറണാകുളം കേന്ദ്രമായി സജീവ ചിത്രകലാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു. കണ്ണൂര്‍, തിരുമേനി ചെറുപുഴ സ്വദേശി. ഇപ്പോള്‍ തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ അദ്ധ്യാപകന്‍.
മജ്‌നി തിരുവങ്ങൂര്‍
കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.