യാത്രകളെ തിരികെ വിളിക്കുന്ന കാഞ്ഞിരംതോട്- ഭാഗം എട്ട്
Discourse
യാത്രകളെ തിരികെ വിളിക്കുന്ന കാഞ്ഞിരംതോട്- ഭാഗം എട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th April 2015, 11:19 am

deee

satheesh-kk


–  എട്ട് –

യാത്രകളെ തിരികെ വിളിക്കുന്ന കാഞ്ഞിരംതോട്


തിരിച്ചുവരവുകള്‍ ആകസ്മികങ്ങളാണ്…. അത് ജീവിതത്തെ തിരിച്ചറിഞ്ഞവരുടെ വെളിപ്പെടലുകളുമാകാം… മറ്റു ചിലപ്പോള്‍ ദുഃഖങ്ങളുടെ മരണദിനവും ആഘോഷങ്ങളുടെ ജന്മദിനവുമാകാം…. നീണ്ട കാലത്തിനുശേഷം പെയ്ത ആദ്യമഴപോലെ….
-തഥാഗതന്‍-

കാലങ്ങള്‍ക്കുശേഷം വീട്ടിലേക്കുള്ള കല്‍പ്പടവുകള്‍ കയറുമ്പോള്‍ ചുറ്റും വരിവരിയായി പൂത്തുനില്‍ക്കുന്ന തെച്ചിയില്‍ നിന്നും ചെമ്പരത്തിയില്‍ നിന്നും പൂമ്പാറ്റകളും കുരുവികളും ഭയത്തോടെ പറന്നുപൊങ്ങി… അപരിചതത്വം പ്രകൃതിക്കു കിട്ടിയിരിക്കുന്നു. പഴയ പാനാസോണിക്കിന്റെ ടേപ്പ് റിക്കോര്‍ഡറിനു പകരം ടെലിവിഷന്‍, ഫോണ്‍ അങ്ങനെ… അങ്ങനെ.. .ഞാന്‍ അറിയാതെ പോയവ….
“അച്ഛന്‍ അമ്മയോട് പറഞ്ഞു…. അവന് കഴിക്കാനെന്തെങ്കിലും കൊട്…”
സംഭാഷണം അത്രമാത്രം… ചോദ്യങ്ങള്‍… പറച്ചിലുകള്‍ ഒന്നുമില്ല.
കണ്ടു… മനസ്സിലായി… എല്ലാം പരസ്പരം പറയാതം അറിയാതെ അറിയുന്നു.
മഴക്കാറുകള്‍ മൂടിനിന്ന അന്തരീക്ഷത്തില്‍ ഞാന്‍ കൂരങ്കല്ലിന്റെ ഇടവഴിയിലൂടെ നടന്നു. കാഞ്ഞിരംതോടിനു കുറുകെ ഒരുപാലം വന്നിരിക്കുന്നു…. വഴികള്‍ പഴയ ഇടവഴികളുടെ അതിരുകള്‍ കൈയ്യടക്കിയിരിക്കുന്നു. പറങ്കിമാവിന്‍ തോട്ടം പകുതിയിലേറെയും റബ്ബര്‍തൈകള്‍ കൈയ്യടക്കിയിരിക്കുന്നു.
പഴയ കൂട്ടുകാരെയൊക്കെ കാണണം. ജോണിന്റെ ചാച്ചനെ കണ്ടിരുന്നു. അവന്‍ പഠനമൊക്കെ നിര്‍ത്തി കാറ്ററിങ്ങ് സര്‍വ്വീസിന് പോകുന്നു; മൊബൈല്‍ നമ്പര്‍ കിട്ടി… വരുമെന്നു പറഞ്ഞ സമയമായി. ഞാന്‍ ജെയിംസേട്ടന്‍ തൂങ്ങിക്കിടക്കാറുള്ള പൂവ്വത്തിനരികിലേക്ക് ചെന്നു. അതിന് മാറ്റങ്ങള്‍ ഒന്നും തന്നെയില്ല. കാലത്തിന്റെ ജരാനിരകള്‍ ഒന്നും ബാധിക്കാതെ ഓര്‍മ്മകളുടെ ശവകുടീരത്തിനരികിലുള്ള കല്ലില്‍ കാഞ്ഞിരം തോടിന്റെ വരള്‍ച്ചയിലേക്ക് നോക്കി ഞാന്‍ നിശബ്ദനായി.
പലരും കടന്നുപോയി എന്തൊക്കെയോ ചോദിച്ചു. ഉത്തരങ്ങള്‍ ആവര്‍ത്തിച്ചു.
എന്താണ് ഇങ്ങോട്ട് വരുവാനുള്ള കാരണം? അത്… ഉള്ളിലെവിടെയോ ഇരുന്ന് തികട്ടുന്നു. അംഗീകരിക്കുവാന്‍ മനസ്സുവരുന്നില്ല; മനം പിരട്ടല്‍….

novel
മഴ ചാറിത്തുടങ്ങിയിരുന്നു. ഒരു ബൈക്കിന്റെ ഹോണ്‍, ജോണ്‍ വന്നു…. അവന്‍ വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. സുരേഷിന് പട്ടാളത്തിലാണ് ജോലി കിട്ടിയത്. ജീവന്‍ കൃഷികളൊക്കെയായി കഴിഞ്ഞു കൂടുന്നു. അവന്റെ വിവാഹം കഴിഞ്ഞു. പഴയ പ്രണയിനി നിഷയെയാണ് വിവാഹം ചെയ്തത്. ഒരു കുട്ടിയുണ്ട്.
ജീവനെ വിളിച്ചു ഞങ്ങള്‍ മൂന്നുപേരുകൂടി നടന്നു. ചാറ്റല്‍ മഴയില്‍ പുതുമണ്ണിന്റെ ഗന്ധം ഞങ്ങള്‍ക്കു ചുറ്റും നിറഞ്ഞു.
നിശബ്ദരായി ഞാനും ജോണും ജീവനും…
ജീവിതത്തിലാദ്യമായി ഞങ്ങള്‍ക്കിടയില്‍ നിശബ്ദത കൂട്ടുകാരായി. ഞങ്ങള്‍ ചാത്തന്‍ കടവിലെത്തിയിരുന്നു.
ചാത്തന്‍കടവില്‍ തകരകള്‍ പൂത്തു നിന്നു. ഒഴുക്കു നഷ്ടപ്പെട്ട പന്നിത്തോട്ടില്‍ തകരയുടെ പുതുനാമ്പുകള്‍ പടര്‍ന്നുകയറി. കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പനിനീര്‍ചാമ്പ കായ്ച്ചു നിന്നു. ചന്ദ്രേട്ടന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ കേരളത്തിന്റെ വടക്കന്‍ ജില്ലകളിലെവിടെക്കോ താമസം മാറ്റിയിരുന്നു. അവരുടെ തൊടിയില്‍ നിറയെ മുല്ലകള്‍ പടര്‍ന്നു നിറഞ്ഞിരുന്നു. മുല്ലകളുടെ ഒരു കാട്- …….നുമുപേക്ഷിച്ച പൂന്തോട്ടം പോലെ. എന്തായിരുന്നു ഇവിടെ ഉപേക്ഷിച്ച് പോകുവാനുള്ള കാരണമെന്നത് നാട്ടുകാരുടെ ഇടയില്‍ നിഗൂഢമായ ചര്‍ച്ചാവിഷയമായിരുന്നു. അഭ്യൂഹങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ആ തൊടിയില്‍ പച്ചിലക്കുടുക്കയും അണ്ണാനും പാമ്പും കീരിയും ഉള്‍പ്പെട്ട ഒരു ജൈവശൃംഖലതന്നെ രൂപപ്പെട്ടിരുന്നു.
ഉപേക്ഷിക്കപ്പെടുന്നത് നല്ലതാണ്. വെട്ടിയൊതുക്കലുകള്‍ക്ക് വിധേയമാകാതെ  നിയന്ത്രണങ്ങളേറെ വിലക്കുകളേറെ ഇല്ലാതെ ആര്‍ക്കും എന്തിനും എപ്പോഴും കടന്നു ചെല്ലാവുന്ന ഒരിടം. ആര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരിടം അതായിരിക്കുക എന്നതാണ് നല്ലത്.
ജീവന്‍ ചോദിച്ചു “ഗതനെന്നാന് തിരിച്ചുപോക്ക്?”
ഉടന്‍തന്നെ – ഇന്നദിവസം, അങ്ങനെയില്ല. തോന്നുമ്പോള്‍ അല്ലെങ്കില്‍ മടുക്കുമ്പോള്‍….
“നിനക്കിവിടം മടുക്കാറുണ്ടോ?”
അവന്റെ ചോദ്യം ഒരു നിമിഷം എന്നെ നിശബ്ദനാക്കി; സത്യമാണ് ഇവിടെ താല്‍ക്കാലികമായി മാത്രമെ മടുക്കാറുള്ളൂ. മാറിനില്‍ക്കുമ്പോഴൊക്കെ എന്നെ എന്തൊക്കെയോ തിരിച്ചു വിളിക്കും. എത്ര തടഞ്ഞുനിര്‍ത്തിയാലും ആ തോന്നല്‍ പുറത്തുവരും. അസ്വസ്ഥതകള്‍ പെരുകും. ഒറ്രപ്പെടലിനേക്കുറിച്ച്; തനിച്ചായിരിക്കുന്നതിനെക്കുറിച്ചുള്ള വെളിപ്പെടലുകള്‍; തല പെരുക്കും. പിന്നെ എങ്ങോട്ടെന്നില്ലാതെയിറങ്ങും. യാത്രകളുടെ ഇടയ്ക്ക് എല്ലാം മറക്കും. അങ്ങനെ മറക്കാന്‍ കഴിയാതെ എന്തോ ഉറക്കത്തില്‍പോലും അലട്ടിയപ്പോഴാണ് ഈ വരവ്.
ഇവിടെ എന്തൊക്കെയോ സ്വന്തമായി ഉള്ളതുപോലെ. സ്വസ്ഥത, തിരക്കുകളില്ല. ബുദ്ധിജീവികളുടെ മദ്യലഹരിയിലുള്ള താത്വികപുലമ്പലുകളില്ല. മൊബൈല്‍   ഓഫാക്കിയാല്‍ പിന്നെ ഞാന്‍ ഏകനാണ്. ഇവിടെയുള്ളതൊക്കെ എനിക്കുമാത്രം.
ജീവന്‍ ചിരിച്ചുകൊണ്ടു തുടര്‍ന്നു…. നീ ഇപ്പോഴും സങ്കല്‍പ്പങ്ങളുടെയും, സാഹിത്യങ്ങളുടേയും ലോകത്താണ്…
അല്ല, ഇപ്പോഴാണ് നിങ്ങളുടെ, അല്ല… നമ്മുടെ ലോകത്തെ, നാടിനെ അറിഞ്ഞു തുടങ്ങിയത്. പുറത്തുനില്‍ക്കുമ്പോഴാണ് നമ്മള്‍ നമ്മുടെ സ്വത്വത്തെക്കുറിച്ച് ചിന്തിക്കുന്നത്.
നീ… ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കൂ…; നിന്റെ സങ്കല്‍പ്പങ്ങളെല്ലാം തിരുത്തും. കുറേക്കൂടി മനുഷ്യന്റെ, വ്യക്തികളുടെ മനസ്സിനെക്കുറിച്ച് മനസ്സിലാക്കും. സ്ത്രീയെക്കുറിച്ചായാലും പ്രണയബന്ധങ്ങള്‍കൊണ്ട് നിനക്ക് ഒന്നും അറിയാന്‍ കഴിയില്ല.
സ്ഥാനങ്ങളാണോ, ജീവന്‍ ബന്ധങ്ങളുണ്ടാക്കുന്നത്? അത് സ്വയം ഉണ്ടായി തീരേണ്ടതല്ലേ? സ്ഥാനങ്ങള്‍ നല്‍കപ്പെടുന്നിടത്ത് ബന്ധങ്ങളുണ്ടാകണമെന്നുണ്ടോ? ബന്ധങ്ങള്‍ തീവ്രമാകുന്നിടത്ത് സ്ഥാനങ്ങള്‍ക്ക് ഒരു പ്രസക്തിയും ഉണ്ടാകില്ല.
നിനക്കറിയില്ല ഗതന്‍, സ്ത്രീകള്‍ ഒരു താമരക്കുളം പോലെയാണ്. നിറയെ പൂക്കളും മൊട്ടുകളും നിറഞ്ഞ് എന്നെന്നും നിലനില്‍ക്കുമെന്ന് നമ്മെ വിശ്വസിപ്പിക്കുന്ന സുന്ദരമായ താമരക്കുളം പോലെ. അടിത്തട്ടുകള്‍ നിറയെ ചളിയും വേരുപടലങ്ങളും നിറഞ്ഞ സുന്ദരമായ ഒരു ജലസംഭരണി.
ദൂരെനിന്നും വെറ്റിലപ്പാറപ്പള്ളിയുടെ മണിയൊച്ച മുഴങ്ങിക്കൊണ്ടിരുന്നു. ഞങ്ങള്‍ തിരിച്ചു നടന്നു.

(തുടരും…)


സതീഷ് കെ.കെ:
ചിത്രകാരന്‍. എറണാകുളം കേന്ദ്രമായി സജീവ ചിത്രകലാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു. കണ്ണൂര്‍, തിരുമേനി ചെറുപുഴ സ്വദേശി. ഇപ്പോള്‍ തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ അദ്ധ്യാപകന്‍.

മജ്‌നി തിരുവങ്ങൂര്‍

Majni-thiruvangoor

കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.