പ്രണയത്തിന്റെ അദ്ധ്യായം- ഭാഗം ഏഴ്
Daily News
പ്രണയത്തിന്റെ അദ്ധ്യായം- ഭാഗം ഏഴ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th April 2015, 7:20 pm

niv

satheesh-kk


– ഏഴ് –

പ്രണയത്തിന്റെ അദ്ധ്യായം


കഥകളേക്കാള്‍ ആകസ്മികത ജീവിതത്തിനുണ്ട്. അതിന്റെ ചുരുളുകളുടെ ഗതിവിഗതികളില്‍ നമ്മള്‍ നിശ്ചലരാകും. ശബ്ദങ്ങള്‍; നിശബ്ദമാകും. ആപേക്ഷികതയുടേയും നൈമിഷികതയുടേയും പാരസ്പര്യമാണ് ജീവിതം.
-തഥാഗതന്‍-

കഥകളാല്‍ ഞാന്‍ അത്ഭുതപ്പെടുത്തിയവള്‍. കണ്ണുകളില്‍ നക്ഷത്രങ്ങളെ വളര്‍ത്തിയവള്‍, അവള്‍ക്ക് ഞാന്‍ പറഞ്ഞുകൊടുത്ത നൂറുകണക്കിന് നുണക്കഥകള്‍ക്ക് പകരം തിരിച്ചുതന്നത് മറ്റൊരു കഥയായിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം നഗരത്തിലെ ബിരുദപഠനകാലത്ത്  നടത്തിയിരുന്ന യാത്രകള്‍ എല്ലാംതന്നെ യാന്ത്രികതയില്‍ നിന്നുള്ള ഒളിച്ചോട്ടങ്ങളായിരുന്നു. പഠനത്തിനുവേണ്ടി നഗരത്തില്‍ കുടിയേറിയതിനുശേഷം, കാഞ്ഞിരംതോടിന്റെ ഒഴുക്ക് എന്റെയുള്ളില്‍ അണകെട്ടിനിന്നു.
ഒഴുക്കിന്റെ തടവറയില്‍ ഓര്‍മ്മകള്‍ക്ക് കനംവെച്ചു. അവ പെറ്റുപെരുകി തടയണനിറഞ്ഞു കവിഞ്ഞു. പഴക്കത്തിന്റെ പൂതലിമയില്‍ തടയണ തകര്‍ന്നു. കാഞ്ഞിരംതോട് എന്റെ സിരകളിലേക്ക് വീണ്ടും ഒഴുകിയെത്തി.
വെറ്റിലപ്പാറയില്‍ ബസ്സിറങ്ങി കൂരങ്കലിലേക്കുള്ള ബസ്സുകാത്തുനില്‍ക്കുമ്പോള്‍, ചുറ്റും പരിചയമുള്ള കണ്ണുകള്‍ എന്നെ അവ്യക്തതയോടെ നോക്കുന്നതു കണ്ടപ്പോള്‍ മാത്രമാണ് കാലം എന്നെ അപരിചിതനാക്കി എന്ന് മനസ്സിലാക്കുന്നത്. നാലു വര്‍ഷങ്ങള്‍ ഒരിക്കലും തിരിച്ചുവരില്ല എന്ന് തീരുമാനിച്ച ദിവസങ്ങളില്‍ നിന്നും എന്നെ വലിച്ചുകൊണ്ടുവന്നതെന്തിനാണ്? പരിചയത്തിന്റെ വാതിലുകള്‍ തുറന്നുകൊണ്ടുവരുന്ന കണ്ണുകള്‍ നോട്ടങ്ങള്‍, ചോദ്യങ്ങള്‍ എല്ലാം എന്നെ എന്നിലേക്ക് വലിച്ചുകൊണ്ടുപോകും പോലെ.
ഒരു ചുളിവീണു തുടങ്ങിയ കണ്ണുകള്‍ സംശയത്തോടെ നോക്കി ചോദിച്ചു.
“മാധവന്റെ മോനല്ലേ..?”
“അതേ….”
“തോന്നി…”
“ആ…..”
“വല്ല്യമ്മാവന്‍ മരിച്ചപ്പോള്‍ കണ്ടിലാലോ..?”
“വന്നിരുന്നില്ല…”
“എന്തേ….?”
“കഴിഞ്ഞില്ല….”
novelചോദ്യങ്ങള്‍ വിവരങ്ങള്‍ ആഗ്രഹിച്ചെങ്കിലും, ഉത്തരങ്ങള്‍ ചോദ്യങ്ങളെ അവഗണിച്ചതുകൊണ്ടാകാം, അതിന്റെ തുടര്‍ച്ചകള്‍ ഉണ്ടാകാതിരുന്നത്. അപരിചിതത്വം കനംവെച്ചു നിന്നവര്‍ക്കിടയില്‍ വിടര്‍ന്ന് തിളക്കം നഷ്ടപ്പെട്ട രണ്ടുകണ്ണുകള്‍ എന്നെ തുറിച്ചുനോക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.
എന്റെ ഓര്‍മ്മകളിലെവിടെയോ ഒരു ഉറവ് പൊടിയുന്നതും, ഹൃദയത്തിന്റെ ഏതോ കോണിലിരുന്ന് ആരോ വിളിക്കുന്നതും ഞാന്‍ അവഗണിക്കാന്‍ ശ്രമിച്ചുകൊണ്ട് തൊട്ടടുത്ത പീടികയില്‍ തൂങ്ങിക്കിടന്ന ആനുകാലികങ്ങളുടെ പുറംചട്ടകളിലെ സുന്ദരിമാരുടെ മുഖങ്ങളിലേക്കും ചുണ്ടുകളിലേക്കും ശ്രദ്ധയെ തിരിച്ചുവിടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
ഗതന് എന്നെ ഓര്‍മ്മയുണ്ടോ…? ഒരു പതിഞ്ഞസ്വരം, ഞാന്‍ തിരിഞ്ഞുനോക്കി; തിളക്കം നഷ്ടപ്പെട്ട ആ രണ്ടുകണ്ണുകള്‍… അത് എന്നെ ഓര്‍മ്മയുടെ പൂതലിമയിലേക്ക് വലിച്ചുകൊണ്ടുപോയി.
വര്‍ഷങ്ങള്‍ക്കു പുറകില്‍ ആ കണ്ണുകള്‍ക്ക് തിളക്കം വെച്ചു. ചുണ്ടുകള്‍ക്കിടയിലെ കൊച്ചുപല്ലുകളുടെ നിരയില്‍ ഒരു മുടംപല്ല് വൈരക്കല്ലുകള്‍ പോലെ തിളങ്ങി. മണിക്കിലുങ്ങും പോലുള്ള ചിരിക്കിടയിലൂടെ ഒരു നനുത്ത സ്പര്‍ശം എന്റെ വിരല്‍ത്തുമ്പിലൂടെ ഇരച്ചുകയറി. ഹൃദയത്തിന്റെ മിടിപ്പിനെ തൊട്ടു….
“മണിക്കുട്ടീ…. നീ….”
“ഇപ്പോള്‍ എന്തു ചെയ്യുന്നു…?”

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ഒരു മഴ ദിനത്തില്‍ സ്‌കൂളില്‍ നിന്നും ഞങ്ങള്‍ ഒന്നിച്ചായിരുന്നു മടക്കം. ഞങ്ങളുടെ വഴക്കിനും കലമ്പലിനും, കളികള്‍ക്കുമിടയിലേക്ക്, ഒരു വിരാമമെന്നപോലെ ഒരു ആംബുലന്‍സ് വന്നു നില്‍ക്കുകയും, അതില്‍നിന്നും അവളുടെ മുത്തശ്ശനിറങ്ങി കയറ്റിക്കൊണ്ടുപോയതും എനിക്ക് ഇപ്പോഴും ഒരു സ്വപ്നംപോലെയാണ്.

നിസ്സംഗമായ ഒരു ചിരി – അത് ലോകത്തിലെ സര്‍വ്വമര്യാദകളെയും ചോദ്യങ്ങളെയും പുച്ഛിക്കുന്നതുപോലെ…..
“സുഖം… ഞാനിപ്പോള്‍ ഇവിടെയാണ്… മുത്തശ്ശന്റെ കൂടെ….”
അവളുടെ അടുത്ത് റോഡിലെ തിരക്കിലേക്ക് കൗതുകത്തോടെ നോക്കിനിന്നിരുന്ന കുട്ടി പെട്ടെന്ന് എന്റെ മുഖത്തേക്കു നോക്കി അവളോട് ചോദിച്ചു… ഇതാരാ അമ്മേ….?
“ഇതമ്മയുടെ പഴയ ഒരു കൂട്ടുകാരന്‍… അല്ല ഒരേ ക്ലാസില്‍ പഠിച്ച ചേട്ടന്‍”. അവള്‍ തുടര്‍ന്നു. “ഞാന്‍ ആരോടും സംസാരിച്ച് അവള്‍ കണ്ടിട്ടില്ല…. അതാണ്….”
ആ കുട്ടിയുടെ മുഖം മണിക്കുട്ടിയുടെ ബാല്യത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. വിടര്‍ന്ന കണ്ണുകള്‍ നിറയെ കൗതുകങ്ങള്‍, കുസൃതികളുടെ തിളക്കം….
ഞാനവളുടെ കവിളുകളില്‍ പതുക്കെ തൊട്ടു…
നിഷ്‌ക്കളങ്കമായ പൊട്ടിച്ചിരി…
കാലത്തിന്റെ പുറകിലേക്ക് ഓടിപ്പോയി ഒരു കുഞ്ഞാകാന്‍ ഞാന്‍ ആഗ്രഹിച്ചു.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ഒരു മഴ ദിനത്തില്‍ സ്‌കൂളില്‍ നിന്നും ഞങ്ങള്‍ ഒന്നിച്ചായിരുന്നു മടക്കം. ഞങ്ങളുടെ വഴക്കിനും കലമ്പലിനും, കളികള്‍ക്കുമിടയിലേക്ക്, ഒരു വിരാമമെന്നപോലെ ഒരു ആംബുലന്‍സ് വന്നു നില്‍ക്കുകയും, അതില്‍നിന്നും അവളുടെ മുത്തശ്ശനിറങ്ങി കയറ്റിക്കൊണ്ടുപോയതും എനിക്ക് ഇപ്പോഴും ഒരു സ്വപ്നംപോലെയാണ്. അവളുടെ അമ്മയുടെ ശരീരം ആ വാഹനത്തില്‍ ചലനമറ്റ് കിടക്കുന്നതും ഞാന്‍ കണ്ടിരുന്നില്ല. അന്ന് അവളുടെ മുഖത്ത് എന്തായിരുന്നു ഭാവം എന്നുപോലും എനിക്ക് ഓര്‍ക്കുവാനാകുന്നില്ല…. പാവം കരഞ്ഞിരിക്കാം. പ്രായത്തിന്റെ തിരിച്ചറിവില്‍ നിന്നും ഞാന്‍ അവളുടെ അന്നത്തെ മനോനിലയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച് ഇടറി നിന്നു. അന്ന് കണ്ടതില്‍പിന്നെ ഇന്നാണ്… പത്തു പതിനൊന്നുവര്‍ഷങ്ങള്‍…. കാലങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍…
ഞാന്‍ ഈനേരമത്രയും അവളുടെ മുഖത്തേക്ക് തുറിച്ചുനോക്കി നിശബ്ദനായി നില്‍ക്കുകയായിരുന്നു, എന്ന തിരിച്ചറിവില്‍ അവളുടെ കുട്ടിയുടെ മുഖത്തേക്ക് കണ്ണുകള്‍ തിരിച്ചു.
“മോളുടെ പേരെന്താണ്?”
“ഉത്തര…” കുട്ടി ചിരിച്ചുകൊണ്ട് എന്നോട് ലോഹ്യം കൂടി.
“ഗതനിപ്പോഴും പഠനം തന്നെയാണോ….? ജോണിനെ കണ്ടപ്പോള്‍ പറഞ്ഞിരുന്നു… നിങ്ങള്‍ തമ്മില്‍ കത്തിടപാടുകള്‍ പോലുമില്ല എന്ന്.
ഇല്ല….. ആരുമായും ഇപ്പോള്‍ ഒന്നും തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയുന്നില്ല. എല്ലാം ജീവിതത്തിന്റെ ഒഴുക്കില്‍ നഷ്ടപ്പെട്ടിരിക്കുന്നു.
നിന്റെ വിശേഷങ്ങള്‍ എന്താണ്…? അച്ഛന്‍ എന്തു പറയുന്നു…?
തൂങ്ങി മരിച്ചു…
ഒരു നിമിഷം ഞാന്‍ പതറി നിന്നു. ഉത്തരങ്ങള്‍…. വീണ്ടും ചോദ്യങ്ങള്‍ ആഗ്രഹിക്കാതാകുന്നോ? എന്താണ് പറയേണ്ടത്? ചോദ്യങ്ങളുടെ ഗതിമാറണോ…? അതോ നിശബ്ദമാകണോ…?
ഞാന്‍ ചോദിച്ചു.
“നിന്റെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു…. ല്ലേ..?
“വിവാഹം….. ഇല്ല… കഴിഞ്ഞിട്ടില്ല…
“കുട്ടി……?
“അച്ഛന്റേയാണ്….”
ബസ്സ് വളവുതിരിഞ്ഞ് വരുന്നുണ്ടായിരുന്നു. ഞാന്‍ ഉത്തരങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വെമ്പല്‍കൊണ്ടു പറഞ്ഞു… ബസ്സ് വരുന്നു. പോകണം…. അടുത്ത ബസ്സ്…. എപ്പോഴാണ്?
“ഗതന്‍ പോയ്‌ക്കോളൂ… ബസ്സ് എപ്പോഴും വരണമെന്നില്ല…. ഇത് നഗരമല്ല…. ഗ്രാമമാണ്….

(തുടരും…)


സതീഷ് കെ.കെ:
ചിത്രകാരന്‍. എറണാകുളം കേന്ദ്രമായി സജീവ ചിത്രകലാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു. കണ്ണൂര്‍, തിരുമേനി ചെറുപുഴ സ്വദേശി. ഇപ്പോള്‍ തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ അദ്ധ്യാപകന്‍.

മജ്‌നി തിരുവങ്ങൂര്‍

Majni-thiruvangoor

കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.