തുറന്ന കണ്ണുകളുമായി സ്വപ്നങ്ങളില്‍ ഗുല്‍മോഹറിന്റെ പൂക്കള്‍ വിതറിയ ചരല്‍മുറ്റത്തുകൂടി, ഓര്‍മ്മകളുടെ നനുത്ത ഇളംകൈയ്യില്‍ പിടിച്ച് കാലത്തിന്റെ പുറകിലേക്ക് ഓടിപ്പോയി. പൂക്കള്‍ വിരിയുന്നതും കൊഴിയുന്നതും, തുമ്പികളും ശലഭങ്ങളും പറക്കുന്നതും നമ്മള്‍ക്കുവേണ്ടിയാണെന്നും പറഞ്ഞു തന്ന കൂട്ടികാരിയുടെ കൊച്ചു കൈകളുടെ സ്‌നിഗ്ധത അയാളെ അരനൂറ്റാണ്ട് പുറകിലേക്ക് വലിച്ചുകൊണ്ടുപോയി. ഗുല്‍മോഹറിന്റെയും ഇലഞ്ഞിയുടേയും ഗന്ധം അയാളുടെ മറവിയുടെ ചുളിവുകളെ നിവര്‍ത്തി.
ആറ്
പ്രണയം പൂക്കുന്ന ചാത്തന്‍കടവ്
അവളുടെ കൈകള്‍ നിറയെ
ഞാന്‍ ഞാവല്‍പ്പഴങ്ങളും
നെല്ലിക്കയും കൊടുത്തു
വളപ്പൊട്ടുകളും മഞ്ചാടിക്കുരുവും
നിറച്ചചെറിയ കുപ്പികള്‍
സമ്മാനിച്ചു.
കാറ്റത്ത് പറന്നുനടന്ന അപ്പൂപ്പന്‍ താടികള്‍
പിടിച്ചുകൊടുത്തു.
പുസ്തകത്താളുകള്‍ക്കിടയില്‍
വയ്ക്കുന്ന മയില്‍പ്പീലികള്‍
പെറ്റുപെരുകുന്ന നുണക്കഥകള്‍
പറഞ്ഞുകൊടുത്തു.
ഞാന്‍ കണ്ടുവെന്ന് പറഞ്ഞ്
പ്രേതങ്ങളുടേയും ചാത്തന്മാരുടേയും
കഥകള്‍ പറഞ്ഞ് എന്റെ ഭാവനയുടെ
വിരുതുകാട്ടി…
ആരും കാണാതെ അവളുടെ കവിളില്‍ തൊടാന്‍……
അന്നെനിക്ക് അറിയില്ലായിരുന്നു
അത് പ്രണയമാണെന്ന്….
-തഥാഗതന്‍-
സെല്‍ഫോണില്‍ മെസ്സേജ് അലര്‍ട്ട് കേട്ടാണ് തഥാഗതന്‍ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നത്. പഴയ കാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടക്ക് തന്നെ തിരയുക മാത്രമാണ് തനിക്കിനി കഴിയൂ എന്ന് ശരീരത്തിന്റെ ഓരോ അണുവിലേക്കും അരിച്ചു കയറുന്ന വേദനയുടെ കണങ്ങളെയും താലോലിച്ചുകൊണ്ട് തഥാഗതന്‍ ഓര്‍ത്തു.
തുറന്ന കണ്ണുകളുമായി സ്വപ്നങ്ങളില്‍ ഗുല്‍മോഹറിന്റെ പൂക്കള്‍ വിതറിയ ചരല്‍മുറ്റത്തുകൂടി, ഓര്‍മ്മകളുടെ നനുത്ത ഇളംകൈയ്യില്‍ പിടിച്ച് കാലത്തിന്റെ പുറകിലേക്ക് ഓടിപ്പോയി. പൂക്കള്‍ വിരിയുന്നതും കൊഴിയുന്നതും, തുമ്പികളും ശലഭങ്ങളും പറക്കുന്നതും നമ്മള്‍ക്കുവേണ്ടിയാണെന്നും പറഞ്ഞു തന്ന കൂട്ടികാരിയുടെ കൊച്ചു കൈകളുടെ സ്‌നിഗ്ധത അയാളെ അരനൂറ്റാണ്ട് പുറകിലേക്ക് വലിച്ചുകൊണ്ടുപോയി. ഗുല്‍മോഹറിന്റെയും ഇലഞ്ഞിയുടേയും ഗന്ധം അയാളുടെ മറവിയുടെ ചുളിവുകളെ നിവര്‍ത്തി.
തന്റെ നിറം പിടിപ്പിച്ച കഥകളുടെ വര്‍ണ്ണപ്പകര്‍ച്ചകള്‍ക്കനുസരിച്ച് അവളുടെ കണ്ണുകളില്‍ നിറങ്ങള്‍ പകര്‍ന്നാട്ടം നടത്തുന്നത്- തന്റെ ഭാവനകളിലെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി. ഓരോ ദിവസങ്ങളിലും ഓരോ കഥകള്‍, എല്ലാ കഥകളുടേയും പശ്ചാത്തലങ്ങള്‍ തന്റെ വീടും പരിസരവും ആയിരുന്നു എന്നതും, അവളുടെ കുഞ്ഞുമനസ്സിന്റെ ആകാംക്ഷകളെ തന്നിലേക്കടുപ്പിച്ചിരുന്നു എന്ന് വര്‍ഷങ്ങള്‍ക്കുശേഷം അതിഥിയോട് മണിക്കുട്ടിയുടെ കഥ വിസ്തരിക്കുമ്പോള്‍ അതിഥിയും അതുപോലെ തന്നിലേക്ക് അടുക്കുന്നത് ഓര്‍ത്തുകൊണ്ട് തഥാഗതന്‍ കാലത്തിലേക്ക് വലിച്ചെറിഞ്ഞ കഥകളെ തിരിച്ചെടുക്കാന്‍ ശ്രമിച്ചു. ആ കഥകളിലെല്ലാം തന്റെ നാടിന്റെ ഹൃദയത്തുടിപ്പുകള്‍ വര്‍ണ്ണങ്ങള്‍ക്കുള്ളില്‍ ഒളിച്ചിരിപ്പുണ്ടെന്ന് അയാള്‍ക്ക് തോന്നി.
യാത്രകള്‍ തന്റെ ജീവിതമാക്കിയ നാളുകളില്‍ കാഞ്ഞിരംതോടിന്റെ ആത്മാവ് തന്റെയുള്ളില്‍ കുടിയേറിയിരുന്നു എന്നറിഞ്ഞ നിമിഷംപോലെ അയാളെ തിരിച്ചറിഞ്ഞു.
മണിക്കുട്ടിയുടെ കണ്ണുകള്‍ക്ക് ഈ ലോകത്തിലെ എല്ലാ കാഴ്ചകളെയും വലിച്ചെടുക്കാനുള്ള കഴിവുണ്ടായിരുന്നു എന്നു തോന്നിയ നിമിഷങ്ങളില്‍ ഒരു തൊഴിലാളിയുടേയും സമരചരിത്രത്തിന്റെയും പ്രണയത്തിന്റെയും കഥ തികട്ടി വന്നു. നാടിന്റെ കഥച്ചെപ്പിലേക്ക് നുഴഞ്ഞു കയറിയ ഒരു കഥ.
ഒരു ഓണാവധിക്കുശേഷമുള്ള സ്‌കൂള്‍ ദിനത്തില്‍ പതിവുപോലെ ഒരു പാടുകഥകളുടെ കെട്ടുകള്‍ ചുമന്നാണ് ഞാന്‍ ക്ലാസ്സിലേക്ക് ചെന്നത്. അതിലെ ഏറ്റവും ഭാരമുള്ള കഥയുടെ കെട്ട് ഉച്ചയൂണിനുശേഷം ഞാന്‍ അവളുടെ മുന്‍പില്‍ തുറന്നു. അത് കേട്ട് ഇത് നേരാണോ ചെറുകഥ എന്ന് ചോദിച്ച് വായ്‌പൊളിച്ചു. എന്നിട്ട് പതിവുപോലെ “നീ പുളു പറയുകാ” എന്നു പറഞ്ഞ് അവിശ്വാസം പ്രകടിപ്പിച്ചു.
എന്നാല്‍ഞാന്‍ അവളോട് പറഞ്ഞതില്‍ കുറച്ചെങ്കിലും സത്യസന്ധമായത് ഈ കഥയായിരുന്നു അതിന്റെ നേരുകളെ ഞാന്‍ പിന്നീടാണ് അറിയുന്നത്.
കാഞ്ഞിരംതോടിനും അതിലേക്ക് വന്നു ചേരുന്ന പന്നിതോടിനും ഇടക്ക് ഏക്കറുകളോളം പരന്നു കിടക്കുന്ന ഒരു റബ്ബര്‍തോട്ടമുണ്ട്. അവിടെയാണ് ഈ കഥ നടന്നത്. ചന്ദ്രേട്ടന്റെ ആ തോട്ടത്തില്‍ പൊടുന്നനെ ഒരു ദിവസം ചാത്തന്റെ ശല്യം. അതും “ഏറിന്റെ” രൂപത്തില്‍ കാഞ്ഞിരംതോടിനേക്കാള്‍ സാമാന്യം ചെറുതായ പന്നിത്തോട്ടിലെ ചെറിയ കടവിലാണ് ആദ്യത്തെ ഉപദ്രവം തുടങ്ങുന്നത്. അതിനുശേഷം ആ കടവ് ചാത്തന്‍കടവ് ആയിമാറി.
പൂത്തുനില്‍ക്കുന്ന തകരകളാല്‍ ആ കടവ് ചുറ്റപ്പെട്ടിരുന്നു. കിഴക്കുവശത്ത് റബ്ബര്‍തോട്ടത്തിലെ ഇരുട്ടാണ് മറുഭാഗത്ത് ചന്ദ്രേട്ടന്റെ വീട്. നാട്ടിലെ വലിയ കുടുംബക്കാര്‍ അവരുടെ സഹോദരന്‍മാരുടെ വീടുകളാണ് ചുറ്റിലും. ചന്ദ്രേട്ടന് അഞ്ച് പെണ്‍മക്കള്‍ ഒരാണ്‍കുട്#ിയും. അഞ്ചുപെണ്‍മക്കളും കൂടി അവരുടെ തൊടിയാകെ മുല്ലകള്‍ നട്ടുവളര്‍ത്തി. വീട്ടുമുറ്റമാകെ വിവിധതരം പൂച്ചെടികള്‍. അക്ഷരാര്‍ത്ഥത്തില്‍ അവിടെ ഒരു പൂന്തോട്ടമായിരുന്നു.
പൂക്കാലങ്ങള്‍ എല്ലാ നിയമങ്ങളെയും മതില്‍ക്കെട്ടുകളെയും ലംഘിക്കും എന്നപോലെ അടുത്തവര്‍ഷത്തെ ഓണക്കാലത്ത് ചന്ദ്രേട്ടന്റെ രണ്ടാമത്തെ മകള്‍ സുജിതയുമായ, തോട്ടത്തിലെ ടാപ്പിങ്ങ് തൊഴിലാളി സലിം ഒളിച്ചോടി. എല്ലാ ഒളിച്ചോട്ടങ്ങളും ആഗ്രഹങ്ങളിലേക്കും, സ്വപ്നങ്ങളിലേക്കുമുള്ള തിരിഞ്ഞോട്ടങ്ങളായിരുന്നു എന്ന് തനിക്ക് തിരിച്ചറിവുണ്ടായത് എന്നാണെന്നോര്‍ത്ത് തഥാഗതന്‍ ഓര്‍മ്മകളിലേക്ക് ഓടിപ്പോയി.
കടവിനക്കരെ ചന്ദ്രേട്ടന്റെ പുരയിടത്തിനിറമ്പില്‍ ഒരു പനിനീര്‍ ചാമ്പമരമുണ്ട്. നവംബര്‍ മാസമാകുമ്പോഴേക്കും അത് പിങ്ക് നിറമുള്ള പൂക്കളാല്‍ നിറയും. സൂര്യനെപ്പോലെ വിരിഞ്ഞു നില്‍ക്കുന്ന പൂക്കള്‍ പച്ചിലചാര്‍ത്തിനുള്ളില്‍ ഒളിഞ്ഞുനില്‍ക്കും. കുരുവികളും, പച്ചിലക്കുടുക്കയും, കുയിലുമൊക്കെ കലമ്പല്‍കൂട്ടി അതില്‍ പാറി നടക്കും. കാറ്റടിക്കുമ്പോള്‍ അതില്‍ നിന്നും വീഴുന്ന പൂവിതളുകള്‍ മരത്തിനുചുറ്റും പിങ്ക് നിറമുള്ള പൂമെത്തയൊരുക്കും.
ഞങ്ങളുടെ വൈകുന്നേരങ്ങളിലെ കുളി അവിടെയായിരുന്നു. അവിടെ ചെന്നാല്‍ ഞാന്‍ വെള്ളത്തിലേക്കിറങ്ങാതെ ചാമ്പമരത്തിനുചുവട്ടിലേക്ക് പോകും. ജോണും മറ്റും കടവില്‍ തിമിര്‍ക്കുമ്പോഴും ഞാന്‍ കണ്ണടച്ച് അവിടെ കിടക്കുകയാവും. മണിക്കൂറുകള്‍ നീളുന്ന ജലകേളി കഴിഞ്ഞ് ഒരു ദിവസം അവര്‍ വരുമ്പോള്‍ എനിക്കുമുകളില്‍ പൂവിതളുകളാല്‍ ഒരു പുതപ്പ് രൂപപ്പെട്ടിരുന്നു.
ചാത്തനേറ് എന്ന പരിപാടി കടവില്‍ അരങ്ങേറിയതില്‍ പിന്നെ ഞങ്ങള്‍ കടവിലേക്ക് പോയിരുന്നില്ല. ചാത്തന്റെ രഹസ്യമറിയാന്‍ പോയ നാട്ടിലെ ധീരന്മാര്‍ ചെന്ന ദിവസവും ഏറ് നന്നായി തന്നെ നടന്നിരുന്നു. അവര്‍ ഉറങ്ങാതെ റബ്ബര്‍ ഷീറ്റുകള്‍ സൂക്ഷിക്കുന്ന ഷെഡില്‍ കാത്തിരുന്നു. കൂമന്റെയും ചീവീടുകളുടേയും ശബ്ദങ്ങള്‍ക്കിടയിലൂടെ പുരയുടെ മേല്‍ക്കൂര തുളച്ച് ഒരു വലിയ കല്ല് അവര്‍ക്കടുത്ത് വന്നുവീണു. തിളച്ചുകൊണ്ടിരുന്ന ചായ മുകളിലേക്ക് പൊങ്ങി മറിഞ്ഞു. കാര്യങ്ങളുടെ ഗൗരവം ദിവസം തോറും കൂടിവന്നു. പലപല ഗ്രൂപ്പുകളായി അന്വേഷണസംഘങ്ങള്‍ ചെന്നുകൊണ്ടിരുന്നു.
ആളുകള്‍ കടവിലെ കുളി ഒഴിവാക്കിയിരുന്നു. കുറച്ചുനാളുകള്‍ക്കകം കടവിലേക്ക് തകരയുടെ കാട് അതിക്രമിച്ചു കയറി. പൂക്കള്‍ വിരിച്ചു. അന്വേഷണസംഘത്തിന്റെ തുടര്‍ച്ചയായ വരവോടുകൂടി ഏറിന്റെ എണ്ണം കുറഞ്ഞുവന്നു. അത് ചില ദിവസങ്ങളില്‍ മാത്രമായി. പതുക്കെ നാട്ടുകാര്‍ ചാത്തനെയും കടവിനേയും മറന്നു തുടങ്ങി. ചാത്തന്‍ കടവ് മാത്രമായി.
കുറേ നാളുകളോളം ഒരു വിശേഷങ്ങളുമില്ലാതെ നാട് ഒഴുകിക്കൊണ്ടേയിരുന്നു. ആ ഒഴുക്കിലേക്ക് മറവികള്‍ പടര്‍ന്നു, എത്തിപ്പിടിച്ചു. പൂത്തുകായ്ച്ചു. വീണ്ടും തങ്ങളുടെ അതിര്‍ത്തികള്‍ ലംഘിച്ചു.
പൂക്കാലങ്ങള്‍ എല്ലാ നിയമങ്ങളെയും മതില്‍ക്കെട്ടുകളെയും ലംഘിക്കും എന്നപോലെ അടുത്തവര്‍ഷത്തെ ഓണക്കാലത്ത് ചന്ദ്രേട്ടന്റെ രണ്ടാമത്തെ മകള്‍ സുജിതയുമായ, തോട്ടത്തിലെ ടാപ്പിങ്ങ് തൊഴിലാളി സലിം ഒളിച്ചോടി. എല്ലാ ഒളിച്ചോട്ടങ്ങളും ആഗ്രഹങ്ങളിലേക്കും, സ്വപ്നങ്ങളിലേക്കുമുള്ള തിരിഞ്ഞോട്ടങ്ങളായിരുന്നു എന്ന് തനിക്ക് തിരിച്ചറിവുണ്ടായത് എന്നാണെന്നോര്‍ത്ത് തഥാഗതന്‍ ഓര്‍മ്മകളിലേക്ക് ഓടിപ്പോയി.
(തുടരും…)
സതീഷ് കെ.കെ:
ചിത്രകാരന്‍. എറണാകുളം കേന്ദ്രമായി സജീവ ചിത്രകലാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു. കണ്ണൂര്‍, തിരുമേനി ചെറുപുഴ സ്വദേശി. ഇപ്പോള്‍ തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ അദ്ധ്യാപകന്‍.
മജ്‌നി തിരുവങ്ങൂര്‍
കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.