നീ പുഴയുടെ ഒഴുക്കിനെ ശ്രദ്ധിച്ചിട്ടുണ്ടോ…? അതിന്റെ ശബ്ദത്തെ…..?
അത് നിനക്ക് ജന്മാന്തരങ്ങളുടെ കഥ പറഞ്ഞുതരു. പ്രണയങ്ങളും, വിരഹങ്ങളും, വേദനകളും, പുണ്യങ്ങളും പാപങ്ങളും ഏറ്റെടുത്ത ഹൃദയത്തിന്റെ വൈകാരികതയോടെ……
-തഥാഗതന്‍-
ഈ ഒഴുക്ക് ഈ നാടിന്റെ മനസ്സുപോലെയാണ്, കലങ്ങി മറിഞ്ഞും, തെളിഞ്ഞും, മെലിഞ്ഞും, രഹസ്യങ്ങള്‍ പേറിയും വേദനകളും സന്തോഷങ്ങളും ഉള്‍ക്കൊണ്ടും ഇത് ഒഴുകിക്കൊണ്ടേയിരിക്കുന്നു…… തഥാഗതന്‍ തുടര്‍ന്നു.
അതിഥിയില്‍ അസ്വസ്ഥതകള്‍ പെരുകുന്നത് അവന്‍ അറിയുന്നുണ്ടായിരുന്നു. അവള്‍ എപ്പോഴും അങ്ങനെയാണ്, കഥകള്‍ അവളെ അസ്വസ്ഥമാക്കുന്നു. അത്രത്തോളം അവള്‍ അതിനെ ഇഷ്ടപ്പെടുകയും ചെയ്യുന്നു; എന്ന് അവന്‍ മനസ്സിലാക്കിയിരുന്നു.
ഒരു ചരിത്രത്തിലും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും എല്ലാ ഒഴുക്കുകളുടേയും ഓരത്ത് അതിന്റെ ഗതി വിഗതികള്‍ക്കനുസൃതമായി ഒരു സംസ്‌കാരം ഉടലെടുക്കും.
ഈ കാഞ്ഞിരം തോടില്‍ അഭയം പ്രാപിച്ചവര്‍ എന്റെ ഓര്‍മ്മയിലേക്ക് അള്ളിപ്പിടിക്കുന്നു. അവര്‍ കാഞ്ഞിരം തോടിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞവരായിരുന്നു. അവരുടെ പാപങ്ങളെ കഴുകാന്‍, ദുഃഖങ്ങളെ ഇല്ലാതാക്കാന്‍ ഒഴുക്കിന്റെ മൂര്‍ദ്ധന്യതയ്ക്ക് വേണ്ടി മാസങ്ങളോളം കാത്തിരുന്നു. അവയൊന്നും ആത്മഹത്യകളല്ലായിരുന്നു. ബലികളായിരുന്നു. തങ്ങളുടെ നേട്ടങ്ങളെയും തന്നേയും ഈ ഒഴുക്കിലലിയിക്കാന്‍ അവര്‍ കാത്തിരുന്നു.
തഥാഗതന്റെ കണ്ണുകളിലേക്ക് ചേക്കുന്നിന്റെ നെറുകയില്‍ പൂത്തുനിറഞ്ഞ കണിക്കൊന്നയുടെ നിറവ് പടര്‍ന്നുകയറി. വേനലിന്റെ കൊടും ചൂടില്‍ കൂരങ്കലിമലയുടെ എതിര്‍വശത്ത് പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ചേക്കുന്ന് തലയുയര്‍ത്തി നിന്നു. അതിന്റെ നെറുകയില്‍ ഓരോ കാലങ്ങളിലും ഉന്മാദം നിറയും, അത് പുറത്തേക്ക് ഒഴുകും. മഴക്കാലത്ത് ഉരുള്‍പൊട്ടലും മലയിടിച്ചിലുമാണെങ്കില്‍ വേനലില്‍ മഞ്ഞയുടെ ഉന്മാദമാണ്. വാന്‍ഘോഗ് ചിത്രങ്ങളില്‍ വെയിലില്‍ കുളിച്ചു നില്‍ക്കുന്ന പാടം പോലെ – ചേക്കുന്നിന്റെ നെറുകയില്‍ പടര്‍ന്നു നില്‍ക്കുന്ന നൂറുകണക്കിന് കണിക്കൊന്നകള്‍ പൂക്കും അവന്റെ കറുത്ത ശിരസ്സില്‍ മഞ്ഞയുടെ ആഘോഷം.
ചേക്കുന്നില്‍ കൊന്നകള്‍ പൂക്കുന്നതും ജെയിംസ്സേട്ടന്റെ നെറുകയില്‍ ഉന്മാദം നിറയുന്നതും തമ്മില്‍ എന്തോ ബന്ധമുണ്ടായിരുന്നു. ചേക്കുന്നിന്റെ നിറം മാറിത്തുടങ്ങുന്ന സമയത്ത്; കൂരങ്കല്ലിന്റെ ഇടവഴികളില്‍ ജെയിംസ് ഇറങ്ങി നടക്കും. അയാളുടെ കണ്ണുകള്‍ കാഴ്ചകള്‍ ആവാഹിക്കാനെന്നവണ്ണം വലുതാകും. വറ്റിവരണ്ട കാഞ്ഞിരം തോടിനോട് പതം പറയും. കാഞ്ഞിരം തോട്ടിലേക്ക് ചാഞ്ഞുനില്‍ക്കുന്ന പൂച്ചത്തിന്റെ കൊമ്പില്‍ ഒരു വവ്വാലിനെപ്പോലെ കാല്‍മടക്കുകളില്‍ തലകീഴായി തൂങ്ങിക്കിടന്ന് ഇടറിയൊഴുകുന്ന തോടിനോട് പുലമ്പിക്കൊണ്ടിരിക്കും. മുന്‍ജന്മങ്ങളില്‍ പറയാന്‍ ബാക്കിയായിരുന്ന കഥകള്‍ പറഞ്ഞു തീര്‍ക്കുന്നതുപോലെ……….. ഓരോ തുള്ളി ജലവും ഓര കഥകളുമായി ഒഴുകിയകന്നു.
തന്നോട് ചങ്ങാത്തം കാട്ടുന്ന കുട്ടികളുടെ മുന്‍പില്‍ അയാള്‍ ചിലപ്പോള്‍ സര്‍ക്കസ്സുകാരന്‍, മറ്റു ചിലപ്പോള്‍ പാട്ടുകാരന്‍ – നാടന്‍പാട്ടുകള്‍ പാടി അയാള്‍ ഞങ്ങളോടൊപ്പം തുള്ളിക്കളിക്കും. ആര്‍ക്കും അയാളെ ഭയമില്ലായിരുന്നു എന്നുമാത്രമല്ല ഇഷ്ടവുമായിരുന്നു.
എനിക്കും ജോണിനും സുരേഷിനുമെല്ലാം വേനലവധിയിലെ നായാട്ടിന് ജയിംസേട്ടന്‍ ഒരു സഹായികൂടിയായിരുന്നു. പ്രത്യേകിച്ചും തേനീച്ചകളെ നേരിടേണ്ടിവരുമ്പോള്‍ തേനീച്ചകളുടെ കൂട്ടിലേക്ക് അയാള്‍ കയ്യിടുമ്പോള്‍ അവ അയാളുടെ കൈയ്യിലേക്ക് അരിച്ചുകയറും. തേനീച്ചകളുടെ മൂളല്‍പോലെ അയാളും ഇടക്ക് മുരണ്ടുകൊണ്ടിരിക്കും….. അത് ഞങ്ങളെ ഭയപ്പെടുത്താറുണ്ടായിരുന്നു. മുരള്‍ച്ചയുടെ ഇടവേളകള്‍ കുറഞ്ഞുവരുന്ന സമയം ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഓടി മറയും. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞാണ് പ്രത്യക്ഷപ്പെടുക.
ഈ ഉന്മാദത്തിന്റെ വേലിയേറ്റത്തിലും ബെന്നിയേട്ടനും ജെയിംസ്സേട്ടനും മണിക്കൂറുകളോളം സംസാരിച്ചിരിക്കുന്നത് കാണാറുണ്ട്. അവര്‍ക്കിടയിലെ സൗഹൃദത്തിന് ഉന്മാദം കൂട്ടായിരുന്നു. ഉറക്കെ കവിതകള്‍ ചൊല്ലുന്ന ജെയിംസ്സേട്ടന്റെ മുഖത്തേക്ക് നോക്കി ബെന്നിയേട്ടന്‍ നില്‍ക്കും. ഞാനും നിന്നിട്ടുണ്ട്. അവര്‍ക്കിടയില്‍ ഒരുതരം ്യുഅന്യതാബോധത്തോടെ ജെയിംസ്സേട്ടന്‍ കവിത എഴുതാറുണ്ടായിരുന്നു എന്ന് ഞാന്‍ പിന്നീടാണറിഞ്ഞത്.
ബെന്നിയേട്ടന്‍ മരിച്ച ദിവസങ്ങളിലൊന്നും അയാളെ അവിടെ ഞാന്‍ കണ്ടില്ല. രണ്ടു ദിവസങ്ങള്‍ക്കുശേഷം ആ കനത്ത മഴയുളള ദിവസത്തിലും വിടര്‍ന്നു തുറിച്ച കണ്ണുകളോടെ ഇടവഴിയില്‍ അയാളെ കണ്ടു. ജെയിംസ്സേട്ടന്‍ ഞങ്ങളോട് ഉറക്കെ വിളിച്ചു പറഞ്ഞു.
“”താളവും കവിതയും നഷ്ടപ്പെട്ടവര്‍ക്ക്, സ്വന്തമെന്നു പറയാന്‍ ഒരു പേരു പോലുമില്ലാത്തവര്‍ക്ക്; ബന്ധങ്ങള്‍ക്ക് ഒരു കൈവീശലിന്റെ ദൈര്‍ഘ്യം മാത്രമുള്ളവര്‍ക്കിടയില്‍; കാലത്തിന്റെ അനന്തമായ ഒഴുക്കില്‍ പിടിച്ചു നില്‍ക്കാന്‍….. എന്താണുള്ളത്.. മുങ്ങിത്താഴുന്നവന്‍ വിളിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ ഭാഷയുടെ പരിമിതിയില്‍ ദൈവം പോലും അന്ധാളിക്കും…. വിളിച്ചതാരെയെന്നോ……? പറഞ്ഞതെന്തെന്നോ…..? അറിയാതെ, കാരണം അയാള്‍ക്ക് പ്രായമായിരിക്കുന്നു…..””
കാഞ്ഞിരം തോടിന്റെ മൂഴക്കത്തിനെ മുറിച്ചുകൊണ്ട് എന്റെയുള്ളില്‍ ഇപ്പോഴും അത് തറഞ്ഞു നില്‍പ്പുണ്ട്.
ബെന്നിയേട്ടന്‍ മരിച്ച് നാലാം ദിവസം അയാളും ഈ ഒഴുക്കില്‍ അഭയം തേടി. അതും വിചിത്രമായിരുന്നു.
അയാള്‍ ബോധത്തിന്റെ വരള്‍ച്ചയില്‍ തല കീഴായി കിടക്കാറുള്ള പൂവ്വത്തിന്റെ കൊമ്പില്‍ മണിക്കൂറുകളോളം ഒരു ശലഭത്തിന്റെ പ്യൂപ്പയെപ്പോലെ തൂങ്ങിക്കിടന്ന് ഒഴുക്കിനോട് എന്തൊക്കയോ വിളിച്ചുപറയുന്നുണ്ടായിരുന്നു. അയാളങ്ങനെയായിരുന്നു. ഒരുന്മാദിയായ ശലഭത്തിന്റെ സ്വപ്നം പോലെ……….
പലരും അയാളെ വിളിച്ചിറക്കുവാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. നിസ്സഹായരായി നോക്കി നില്‍ക്കുന്നവരുടെ മുന്നിലൂടെ ഈ ഒഴുക്ക് അയാളെയും കൊണ്ടുപോയി. കാഞ്ഞിരംതോട് ഉന്മാദത്തോടെ വീണ്ടും ഒഴുകി. അടുത്തവര്‍ഷം ചേക്കുന്നില്‍ കൊന്നകള്‍ പൂത്തത് ഞാന്‍ അറിഞ്ഞിരുന്നില്ല.
സതീഷ് കെ.കെ:
ചിത്രകാരന്‍. എറണാകുളം കേന്ദ്രമായി സജീവ ചിത്രകലാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു. കണ്ണൂര്‍, തിരുമേനി ചെറുപുഴ സ്വദേശി. ഇപ്പോള്‍ തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ അദ്ധ്യാപകന്‍.
മജ്‌നി തിരുവങ്ങൂര്‍
കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.