“പ്രണയത്തിന്റേയും മരണത്തിന്റെയും നിറം വയലറ്റാണ്…..”
പുലര്‍കാല സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായിത്തീരുമെന്ന് നീ വിശ്വസിക്കുന്നുണ്ടോ….?
നേരായിരിക്കാം
നാമൊക്കെ ആരുടെ സ്വപ്നത്തിലെ കഥാപാത്രങ്ങളായിരിക്കും…..?
-തഥാഗതന്‍-
തഥാഗതന്റെ ഓര്‍മ്മകളിലേക്ക് കാഞ്ഞിരംകോട് ഒഴുകിയിറങ്ങി, നിറഞ്ഞുകവിഞ്ഞു, വീണ്ടും വറ്റി. ആദ്യമഴയില്‍ വരാലും പരലും, മൂഷിയും പോലെ ഓര്‍മ്മകള്‍ ആ ഒഴുക്കിലൂടെ ഇരച്ചുകയറി. കാലങ്ങളുടെ നിറഞ്ഞു കവിയലില്‍ കാഞ്ഞിരംതോടിന്റെ ഒഴുക്കിനെ അവര്‍ ഉള്ളില്‍ അണകെട്ടി നിര്‍ത്തി. അതില്‍ മീനുകള്‍ പോലെ ഓര്‍മ്മകള്‍ പെറ്റുപെരുകി തിടംവച്ചു. പലവട്ടം അവന്‍ ഓര്‍മ്മകളുടെ ഒഴുക്കിനെ മുറിച്ചുകടന്നു. ബെന്നിയേട്ടന്റെ ഓര്‍മ്മയുടെ വഴുക്കുന്ന കല്ലുകളില്‍ അവന്‍ ഇടറി നിന്നു.
പ്രണയത്തിന്റെ തീവ്രതയും, നഷ്ടപ്പെടലിന്റെ വേദനയും, വര്‍ഷങ്ങള്‍ക്കുശേഷം അവന്റെ ഉള്ളില്‍ നീറ്റലായി മാറിയപ്പോള്‍ തിരിച്ചറിവിനായി വെളിപ്പെട്ടത് ബെന്നിയേട്ടനോടായിരുന്നു.
“”അവിടെ ആ ആറ്റുവഞ്ചിയില്‍ കൊരുത്തുകിടക്കുന്നതാണ് അവസാനമായി ഞാന്‍ ബെന്നിയേട്ടനെ കണ്ടത്.””
അവ്യക്തതയുടെ മുഖവും ഒരു മൂളലുമായി അതിഥി അവനു നേരെ നോക്കി.
തഥാഗതന്‍ ഓര്‍മ്മയുടെ കഷ്ണങ്ങള്‍ ഒന്നൊന്നായി അടുക്കിവെക്കാന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
“ഒരു പ്രണയത്തിന്റെ ഒഴുക്കായിരുന്നു അവിടെ തടഞ്ഞുനിന്നത്.”
അതിഥിയുടെ മുഖത്ത് അസ്വസ്ഥതകള്‍ പെരുകുന്നത് കണ്ട് അവന്‍ പറഞ്ഞു തുടങ്ങി…
അവരെ ഞാന്‍ തുടങ്ങിയത് എന്നാണെന്ന് എനിക്കറിയില്ല. അവര്‍…. അവരെക്കുറിച്ച് ഞാന്‍ പറഞ്ഞിട്ടില്ലേ….? ലിസ്സിയേച്ചിയും ബെന്നിയേട്ടനും, അവരെ ഞാന്‍ ഒന്നിച്ചായിരിക്കണം ആദ്യമായി കണ്ടത്…. അല്ല…. അവരെ ഒന്നിച്ചേ ഞാന്‍ കണ്ടിട്ടുള്ളൂ….
ഏതോ വേനലവധിയുടെ തിളച്ചുമറിയുന്ന ഉന്മാദ ദിനത്തിലൊന്നില്‍ ഞങ്ങളുടെ വിഹാരകേന്ദ്രമായ പറങ്കിമാവിന്‍ തോട്ടത്തില്‍ ഞങ്ങളെ നോക്കിയിരിക്കുന്ന രണ്ടുമുതിര്‍ന്ന കൂട്ടുകാര്‍…. അന്ന് എനിക്കവര്‍ അങ്ങനെ മാത്രമായിരുന്നു.
പക്ഷേ ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ട്. ഞാന്‍ തിരിച്ചറിയുന്നു. ലിസ്സിച്ചേച്ചിയുടെ വിരലുകളിലും ചുണ്ടുകളിലും ഉണ്ടായിരുന്ന മള്‍ബറിയുടെ കടുത്ത നിറം അത്…. ബെന്നിയേട്ടന്റെ പ്രണയത്തിന്റെ നിറമായിരുന്നെന്ന്….
അവര്‍ പരസ്പരം പറഞ്ഞോ പറയാതെയോ പോയിരുന്ന പ്രണയത്തിന് കാഞ്ഞിരംതോടിന്റെ ഒഴുക്കിന്റെ ബലമില്ലായിരുന്നോ എന്നും എനിക്കറിയില്ല.
അവരെ ഞാന്‍കാണുമ്പോഴെല്ലാം, തഥാഗതന്‍ ദൂരെയുള്ള കശുമാവിന്‍ തോട്ടത്തിലേക്ക് കൈചൂണ്ടി പറഞ്ഞു.
“”അതാ, ആ പടര്‍ന്നു നില്‍ക്കുന്ന മാവിന്റെ താഴത്തെ കൊമ്പില്‍ അവരുണ്ടായിരുന്നു. അവരുടെ മുഖത്ത് ഞാനിന്നു കാണുന്ന പ്രണയത്തിന്റെ കാപട്യങ്ങളുടെ നിറങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.””
“”ലിസി ചേച്ചിയുടെ ചുണ്ടിലും വിരലുകളിലും പടര്‍ന്നിരുന്ന മള്‍ബറിയുടെ കടുംവയലറ്റ് നിറമല്ലാതെ ഒന്നും……””
അന്ന്… ഞങ്ങളെ കൈപിടിച്ച് കാഞ്ഞിരംതോടിന്റെ ഒഴുക്കിനെ മുറിച്ച് സ്‌കൂളിലേക്ക് കടത്തിവിടുമ്പോള്‍ ബെന്നിയേട്ടന്റെ ചുണ്ടിന്റെ കോണില്‍ ഒരു തരി നീലനിറം ഉണ്ടായിരുന്നു….
ചുണ്ടിന്റെ കോണില്‍ ചെറുചിരിയുമായി ഞങ്ങളെ യാത്രയാക്കിയ ബെന്നിയേട്ടന്‍ കാഞ്ഞിരംതോടിന്റെ ഒഴുക്കിലേക്ക് ഇടറിവീഴുന്നതും ഞാന്‍ കണ്ടിരുന്നില്ല.
വൈകുന്നേരത്തെ തിരിച്ചുവരവില്‍ ഇവിടുത്തെ, ഈ നാട്ടിലെ എല്ലാവരും ഈ കാഞ്ഞിരം തോടിന്റെ കരയില്‍ ഉണ്ടായിരുന്നു. തോമസ്സുചേട്ടന്‍, കാദറിക്ക, യൂസ്സഫിക്ക, സല്‍മ്മയിത്ത, ആലിസ്സേച്ചി, ജോസ്സഫേട്ടന്‍ അങ്ങനെയങ്ങനെ….. ഒരു ഭാഗത്ത് നിര്‍വികാരമായ മുഖവുമായി ബെന്നിയേട്ടന്റെ ആറുചേട്ടന്മാര്‍, വിതുമ്പികരഞ്ഞുകൊണ്ട് ബെന്നിയേട്ടന്റെ അപ്പച്ചന്‍ ജെയിംസ് ചേട്ടന്‍.
യൂസ്സഫിക്കയും രവിച്ചേട്ടനും ചേര്‍ന്നാണ് ബെന്നിയേട്ടനെ കരയിലേക്ക് കൊണ്ടുവന്നത്…
കരയിലെത്തിയ ബെന്നിയേട്ടന്റെ മുഖത്ത് കാഞ്ഞിരംതോടിന്റെ കല്ലുകളുടെ ചുംബനം കൊണ്ട് മള്‍ബറിപ്പഴങ്ങളുടെ നിറം പടര്‍ന്നിരുന്നു. ഇപ്പോള്‍ ഞാനറിയുന്നു അതിന് ആ മള്‍ബറിപ്പഴങ്ങളുടെ കടുത്ത നിറത്തിന് പ്രണയത്തിന്റെ അര്‍ത്ഥമുണ്ടായിരുന്നെന്ന്.
സതീഷ് കെ.കെ:
ചിത്രകാരന്‍. എറണാകുളം കേന്ദ്രമായി സജീവ ചിത്രകലാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു. കണ്ണൂര്‍, തിരുമേനി ചെറുപുഴ സ്വദേശി. ഇപ്പോള്‍ തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ അദ്ധ്യാപകന്‍.
മജ്‌നി തിരുവങ്ങൂര്‍
കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.