മൗനങ്ങളുടെ ഉത്തരം: യാത്രയുടെ തുടക്കം - ഭാഗം പത്ത്
Discourse
മൗനങ്ങളുടെ ഉത്തരം: യാത്രയുടെ തുടക്കം - ഭാഗം പത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd June 2015, 9:59 am

വാതില്‍ തുറന്നപ്പോള്‍ അതിഥി അവള്‍ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു. മുറിമൊത്തം അലങ്കോലമായി കിടക്കുന്നു. തലേന്ന് രാത്രി പുലരുവോളം വരച്ചുകൊണ്ടിരുന്നു. പെയിന്റിന്റെ ടിന്നുകള്‍ തുറന്നിരിക്കുന്നു. കട്ടിലിന്റെ മുക്കാല്‍ ഭാഗവും ആനുകാലികങ്ങളും, പുസ്തകങ്ങളും ചിതറിക്കിടക്കുന്നു. അവള്‍ സാധാരണപോലെ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.


Novel

satheesh-kk


പത്ത്

മൗനങ്ങളുടെ ഉത്തരം: യാത്രയുടെ തുടക്കം


ചിതറിപ്പെയ്യുന്ന ഓരോ തുള്ളിയും ഒഴുക്കാകുന്നതുപോലെ നൈമിഷികമായ ഓരോ ചിന്തയും, തീരുമാനവും നമ്മുടെ ജീവിതത്തെ നിര്‍ണ്ണയിക്കും. പ്രണയത്തിന്റെ കാര്യത്തില്‍ ചിലപ്പോള്‍ ഓരോ നിമിഷത്തെ മൗനങ്ങള്‍ പോലും….
-തഥാഗതന്‍-

കോളിങ്ങ്‌ബെല്‍ തുടരെ തുടരെ അടിക്കുന്നു. ഞാന്‍ എഴുന്നേറ്റ് വാച്ചില്‍ നോക്കി. പത്തു മണിയായിരിക്കുന്നു. മുഖത്ത് വെള്ളം തളിച്ച് തുടച്ചു കോളേജില്‍ നിന്നും ഇറങ്ങിയതിനുശേഷം സന്ദര്‍ശകരാരും ഉണ്ടായിരുന്നില്ല.

വാതില്‍ തുറന്നപ്പോള്‍ അതിഥി അവള്‍ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു. മുറിമൊത്തം അലങ്കോലമായി കിടക്കുന്നു. തലേന്ന് രാത്രി പുലരുവോളം വരച്ചുകൊണ്ടിരുന്നു. പെയിന്റിന്റെ ടിന്നുകള്‍ തുറന്നിരിക്കുന്നു. കട്ടിലിന്റെ മുക്കാല്‍ ഭാഗവും ആനുകാലികങ്ങളും, പുസ്തകങ്ങളും ചിതറിക്കിടക്കുന്നു. അവള്‍ സാധാരണപോലെ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. നിശബ്ദമായി എന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. തലേന്ന് എഴുതിവെച്ചിരുന്ന ഡയറിയുടെ താളുകള്‍ ഫാനിന്റെ കാറ്റില്‍ മറിഞ്ഞുകൊണ്ടിരുന്നു. അവള്‍ അത് മടക്കിവെച്ച് അതിനുമുകളില്‍ ഒഴിഞ്ഞ ചായക്കപ്പ് എടുത്തുവെച്ചു. ഞാന്‍ അവളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ആ ഡയറി അവള്‍ എന്നെക്കഴിഞ്ഞാല്‍; അല്ലെങ്കില്‍ അതിലും കൂടുതല്‍ ഇഷ്ടപ്പെട്ടത് അതായിരുന്നു. അവളുടെ കണ്ണുകളില്‍ അടുത്ത കാലങ്ങളില്‍ തുടര്‍ച്ചയായി കണ്ടുകൊണ്ടിരുന്ന നനവ് കാണാനുണ്ടായിരുന്നില്ല. എന്തോ പറയാനായി അവളുടെ ചുണ്ടുകള്‍ വിറച്ചുകൊണ്ടിരുന്നു. ആദ്യമായി ഞാന്‍ അവളുടെ ചുണ്ടുകളിലേക്ക് നോക്കാന്‍ ഭയപ്പെട്ടു.


നിന്റെ ചിരി… അതെന്നെ ഭ്രാന്തുപിടിപ്പിക്കുന്നു… നിനക്കെന്നോട് ഒന്നും പറയാനില്ലേ…? എനിക്കുവേണ്ടി… വീണ്ടും നിശബ്ദത… അവള്‍ തുടര്‍ന്നു. “അമ്മാവന്‍ വന്നിട്ടുണ്ട്. നാളെ അവര്‍ തിരിച്ചുപോകും. എന്നേയും കൊണ്ടുപോകുന്നു. ദല്‍ഹിക്ക് നിന്റെ തീരുമാനം എന്താണ്?”


 

Novel-1നിശബ്ദനായി നിര്‍വികാരമായ മുഖത്തോടെ അവളെ നേരിടുവാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

“ഗതന്‍….. നിനക്ക് എന്തെങ്കിലും എന്നോട് ചോദിച്ചുകൂടെ….” ഒരു പൊട്ടിത്തെറി.

ഞാന്‍ ചിരിച്ചു.

നിന്റെ ചിരി… അതെന്നെ ഭ്രാന്തുപിടിപ്പിക്കുന്നു… നിനക്കെന്നോട് ഒന്നും പറയാനില്ലേ…? എനിക്കുവേണ്ടി… വീണ്ടും നിശബ്ദത… അവള്‍ തുടര്‍ന്നു. “അമ്മാവന്‍ വന്നിട്ടുണ്ട്. നാളെ അവര്‍ തിരിച്ചുപോകും. എന്നേയും കൊണ്ടുപോകുന്നു. ദല്‍ഹിക്ക് നിന്റെ തീരുമാനം എന്താണ്?”

“ഞാന്‍ നിന്നോട് പറഞ്ഞു കഴിഞ്ഞു..”

“എന്ത്?”

“കാത്തിരിക്കുക…. ഈ അരക്ഷിതാവസ്ഥയില്‍ ഞാനെന്താണ് ചെയ്യേണ്ടത്?” നീ ബുദ്ധിമുട്ടുന്നത് കാണുവാന്‍ എനിക്കിഷ്ടമില്ല.

“നീ… നീ… രക്ഷപ്പെടുവാന്‍ ശ്രമിക്കുകയാണ് ഗതന്‍… ജീവിതത്തിന്റെ എല്ലാ നേട്ടങ്ങളില്‍ നിന്നും… നിന്റെ സ്വാതന്ത്ര്യത്തിലേക്ക്. എനിക്കറിയാം മറ്റാരേക്കാള്‍ കൂടുതല്‍ നിന്നെ.. നീ ഭയപ്പെടേണ്ട ഞാന്‍ നാളെ പോകുകയാണ്.”

“നിന്നെ എന്തിന് ഞാന്‍ ഭയപ്പെടണം?”

Novel-3“എനിക്കറിയാം നീ വീടുവിട്ടത്.. നാട്ടില്‍ നിന്നും മാറിനില്‍ക്കുന്നത്, എന്നില്‍ നിന്നും അകന്നു മാറാന്‍ ശ്രമിക്കുന്നത്. നിന്റെ സ്വപ്നങ്ങളില്‍ സ്വാതന്ത്ര്യങ്ങളില്‍ ആരും പങ്കാളിയാകുന്നത് അതില്‍ നിന്നും ആരും നിന്നെ തിരിച്ചു വിളിക്കുന്നത് നീ ഇഷ്ടപ്പെടുന്നില്ല. പക്ഷേ… ഒരുനാള്‍ ഈ ജീവിത യാഥാര്‍ത്ഥ്യങ്ങളെ, മാറ്റി നിര്‍ത്തിയിരിക്കുന്നതിനെയൊക്കെ ഒരുനാള്‍ നീ തിരിച്ചുവിളിക്കാന്‍ ശ്രമിക്കും… ആഗ്രഹിക്കും… അറിയില്ല… അന്ന് ഇവിടെ എന്തൊക്കെ  അവശേഷിക്കുമെന്ന്….

അവള്‍ എഴുന്നേറ്റ് ഒന്നും മിണ്ടാതെ ഇറങ്ങി.. തിരിഞ്ഞു നിന്ന് മൊബൈല്‍ ഫോണ്‍ നീട്ടി. ഇനി എനിക്കിതിന്റെ ആവശ്യമില്ല. യാത്ര പറയലുകളില്ല… ഒരു തിരിഞ്ഞു നോട്ടം പോലും… ഞാന്‍ അത് ആഗ്രഹിച്ചിരുന്നോ… എന്ന് എനിക്കറിയില്ല.

ഞാന്‍ വീണ്ടും കിടന്നു.. കിടക്കാന്‍ കഴിയുന്നില്ല. ചായകുടിക്കണം… എഴുന്നേറ്റു. ചായ ഉണ്ടാക്കാന്‍ ശ്രമിച്ചു. കഴിയുന്നില്ല. ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. കൈകളും ശരീരഭാഗങ്ങളൊക്കെതന്നെയും എന്നെവിട്ട് എവിടെയൊക്കെയോ ചിതറിക്കിടക്കുന്നതുപോലെ. എല്ലാം ചേര്‍ത്തുവെയ്ക്കുവാന്‍ ശ്രമിച്ചു. നടക്കുന്നില്ല. എന്തെല്ലാമോ അസ്വസ്ഥതകള്‍, എവിടെയൊക്കെയോ അത് ഊറിക്കൂടുന്നു. വേദനകള്‍… എവിടെയാണ്..? കണ്ടെത്തുവാന്‍ കഴിയുന്നില്ല. കുറേനേരം കണ്ണടച്ചു നിന്നു. തൊട്ടടുത്ത റെയില്‍വേയിലൂടെ ഏതോ ഒരു ട്രെയിന്‍ പാഞ്ഞുപോയി. ഞാന്‍ പാന്റും ഷര്‍ട്ടും എടുത്തിട്ടു. അടുത്തകാലത്തെ സഹയാത്രികനായ സഞ്ചി എടുത്തു. കഴിഞ്ഞ പിറന്നാളിന് അതിഥിയുടെ സമ്മാനം. ഇറങ്ങി നടന്നു. വീട്ടുടമയോട് പറഞ്ഞു… സുഹൃത്തുക്കള്‍ വരും, അവര്‍ക്ക് വീട് തുറന്നുകൊടുക്കണം. ഞാന്‍ കുറേ നാളേക്കുണ്ടാവില്ല. സാധനങ്ങള്‍ അവര്‍ മാറ്റും.

Novel-2“ഗതനെങ്ങോട്ടാണ് സര്‍ക്കീട്ട്….?”

“കുറച്ചു ദൂരേക്കാണ്.”

“അതിഥി വന്നിട്ട് എന്താണ് നേരത്തെ പോയത്?”

“പോയി…”

നടന്നു. റെയില്‍വെ സ്റ്റേഷനില്‍ എത്തി അടുത്ത ട്രെയിന്‍ എങ്ങോട്ടാണ്.

“ഉച്ചക്ക് ഒരു മണിക്ക് ഡെറാഡൂണ്‍ എക്‌സ്പ്രസ്.”

ഞാന്‍ കൗണ്ടറില്‍ ചെന്നു. “ഒരു ഡെറാഡൂണ്‍”

അയാള്‍ എന്നെ നോക്കി.

“ബെര്‍ത്തൊഴിവില്ല….”

“വേണമെന്നില്ല… ജനറല്‍ മതി”

“മൂന്നു ദിവസത്തെ യാത്ര ദുരിതമാണ്.” ടിക്കറ്റ് തന്നുകൊണ്ട് അയാള്‍ പറഞ്ഞു.

“ദുരിതം”

ഞാന്‍ ചെറുതായി ചിരിച്ചുകൊണ്ട് തിരിഞ്ഞു നടന്നു…

എന്റെ വണ്ടിക്കായി കാത്തിരുന്നു.