Daily News
"തുമ്പികളും പരല്‍മീനുകളും ജനിക്കുന്നത് ഇവിടെയാണ്..."; വിചിത്രശലഭങ്ങളുടെ പുരാവൃത്തം - ഭാഗം രണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th October 2014, 8:42 pm

ആനത്തുമ്പികള്‍ പരന്നുനടക്കുന്ന കുന്നിന്‍ മുകളില്‍ കാഞ്ഞിരംതോട് പിറവിയെടുക്കുന്ന പാറയിടുക്കിന് മുമ്പില്‍ കദളിപ്പൂക്കളുടെ ഊതനിറത്തിനും കണിക്കൊന്നയുടെ മഞ്ഞയിലും മൂടപ്പെട്ട് അവര്‍ അവിടെ പൂത്തുനിന്നു.


Novel-Salabham--title

satheesh-kk


രണ്ട്

തുമ്പികളും പരല്‍മീനുകളും ജനിക്കുന്നത് ഇവിടെയാണ്…….


രിക്കലെങ്കിലും നിനക്ക്
പഴയ നേട്ടങ്ങളോടൊത്ത്
ഇരിക്കുവാന്‍ ആഗ്രഹം തോന്നാറുണ്ടോ?

വൃദ്ധന്‍ യുവാവായ മകനെ
കൊഞ്ചിക്കുന്നതു പോലെ
നിസംഗമായിരിക്കും അത്.

-തഥാഗതന്‍

തന്റെ യാത്രയുടെ വഴിതെളിച്ചത് കുഞ്ഞിരാമനാണെന്ന് തഥാഗതന് മനസ്സിലാക്കാന്‍ രണ്ടു പതിറ്റാണ്ടുകള്‍ കഴിയേണ്ടിവന്നു. എല്ലാ യാത്രയുടെ വഴികളിലും അവനേയും കാത്ത് നഷ്ടങ്ങളും, വിരഹങ്ങളും നെടുവീര്‍പ്പുകളും അണിഞ്ഞൊരുങ്ങി നിന്നു. അന്ന് ആ പക്ഷിയുടെ പിടച്ചിലിനൊപ്പം ഉയിരെടുത്ത അസ്വസ്ഥത അവന്റെയുള്ളില്‍ കലങ്ങി അടിഞ്ഞുകൂടി തളംകെട്ടി…

അവര്‍ വീണ്ടും മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. മരുതുകളും വാകകളും പൂത്തുനില്‍ക്കുന്ന കാടുകളും കടന്ന് കഥകളിലൂടെ ഊതനിറമാര്‍ന്ന തലോടലേറ്റ് കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന ഉറക്കുഴിപ്പാറയുടെ ഓരത്ത് ഇത്തിരിനേരം അവര്‍ തളര്‍ന്നിരുന്നു.

അവരുടെ അരികിലൂടെ ഒഴുകിയിരുന്ന കാഞ്ഞിരം തോട് മെലിഞ്ഞിരുന്നു. കൂരംങ്കലി മലയുടെ നെറുകയിലേക്ക് ഒരു വെള്ളി നൂലുപോലെ അത് പടര്‍ന്നു കയറിയിരുന്നു. അവര്‍ ആ മലയുടെ മുക്കാല്‍ ഭാഗവും പിന്നിട്ടിരുന്നു. തഥാഗതന്‍ ഉറക്കുഴിപ്പാറയ്ക്കരികിലൂടെ ഒരു കല്ലിനു മുകളില്‍ കയറിനിന്ന് ചുറ്റും കണ്ണോടിച്ചു. പുല്‍മേടുകളില്‍ കേഴമാനുകള്‍ മേയുന്നതും, കുരങ്ങുകള്‍ മരങ്ങളിലൂടെ ഊയലാട്ടം നടത്തുന്നതും, ഇട തൂര്‍ന്ന മരങ്ങള്‍ക്കിടയില്‍ തളം കെട്ടിനിന്ന നിഗൂഢതയില്‍ നിന്നും ഉയരുന്ന പലതരം പക്ഷികളുടെ ചിലമ്പലുകള്‍ അവര്‍ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. കൂടെ തിരിച്ചറിയാത്ത കുറെ ശബ്ദങ്ങളും. അതിന്റെ ഉറവിടം തേടി അവന്റെ മനസ്സ് ആ നിഗൂഢതയിലേക്ക് അവനെ വിട്ടുപോയി. ആ ആനന്ദത്തിന്റെ രതിമൂര്‍ച്ചയില്‍ അവന്‍ ഉറക്കെ കൂവി…

novel-chapter-salabhangal-3

എല്ലാ ശബ്ദങ്ങളും ആ ശബ്ദത്തിന്റെ തിരിച്ചറിവിലേക്കായി ഒരു നൊടി നിശബ്ദമായി. പിന്നെ തിരിച്ചറിവിന്റെ തിരിഞ്ഞോട്ടങ്ങള്‍ മരക്കൊമ്പുകളില്‍ നിന്നും കുരങ്ങുകള്‍ അപ്രത്യക്ഷരായി. പക്ഷികള്‍ ഹരിതാഭയുടെ നിഗൂഢതയില്‍ നിന്നും മാനത്തേക്കുയര്‍ന്നു പറന്നു. കേഴമാനുകള്‍ ചിതറിയോടി. കുഞ്ഞിരാമന്‍ ചുണ്ടില്‍ വിരല്‍ ചേര്‍ത്തുവെച്ച് താക്കീത് നല്‍കി.

“ഈടേ പട്ടിക്കടുവയും മങ്കേടുവയുമുണ്ട്. സൂച്ചിക്കണം.” അന്നും…. ഇന്നും തഥാഗതന് ഈ രണ്ടു ജീവികളും അപരിചിതരാണ്.

പ്രകൃതിയോട് ഇണങ്ങിയുള്ള യാത്ര തനിക്ക് ഉണ്ടായിരുന്നില്ല എന്നോര്‍ത്ത് അവന്‍ ചിരിച്ചു. അവന്റെ യാത്രകളെല്ലാം തന്നെ പ്രകൃതിയോടുകൂടി കലഹിച്ചായിരുന്നു. അതിനോട് ഇണങ്ങാന്‍ ആഗ്രഹിച്ചപ്പോഴേക്കും അത് നഷ്ടപ്പെട്ടും കഴിഞ്ഞിരുന്നു. എല്ലാ നഷ്ടങ്ങളും തന്റെ യാത്രയുടെ ഗതിവേഗങ്ങളെ കൂട്ടിയതേയുള്ളൂ എന്ന് പാതി മയക്കത്തിലും തഥാഗതന്‍ ചിരിയോടെ ഓര്‍ത്തു.

ഉറക്കുഴിപ്പാറയുടെ പരന്നുകിടക്കുന്ന പരുപരുത്ത നനവില്‍ പറ്റിപ്പിടിച്ചു വളരുന്ന കല്‍ത്താമരയുടെ പൂക്കള്‍ അവരെ കയ്യാട്ടി വിളിച്ചു. കുഞ്ഞുങ്ങളുടെ കൈപ്പത്തിപോലെ വിരിഞ്ഞുനില്‍ക്കുന്ന പൂക്കള്‍ കണ്ട് ജോണും തഥാഗതനും അങ്ങോട്ടോടി. പായല്‍ പിടിച്ച് വഴുതിക്കിടക്കുന്ന പാറയില്‍ അള്ളിപ്പിടിച്ചു കയറി കല്‍ത്താമരപ്പൂക്കളുടെ ഒരു തോട്ടം അവരുടെ മുന്‍പില്‍ ആയിരം നക്ഷത്രങ്ങളെപ്പോലെ പൊട്ടിച്ചിരിച്ചു.

novel-chapter-salabhangal-4

കുഞ്ഞിരാമന്‍ കാഞ്ഞിരംതോടിന്റെ പിറവിയിലേക്ക് നടന്നുകഴിഞ്ഞിരുന്നു. പൂക്കളെയുപേക്ഷിച്ച് അവരും അവനോടൊപ്പം ചേര്‍ന്നു. സുരേഷിന്റെ ഇടതുകൈയ്യില്‍ അപ്പോഴും ഒരുകൂട്ടം കല്ലുകള്‍ ഇറുകെ പിടിച്ചിരുന്നു.

ആനത്തുമ്പികള്‍ പരന്നുനടക്കുന്ന കുന്നിന്‍ മുകളില്‍ കാഞ്ഞിരംതോട് പിറവിയെടുക്കുന്ന പാറയിടുക്കിന് മുമ്പില്‍ കദളിപ്പൂക്കളുടെ ഊതനിറത്തിനും കണിക്കൊന്നയുടെ മഞ്ഞയിലും മൂടപ്പെട്ട് അവര്‍ അവിടെ പൂത്തുനിന്നു.

കുഞ്ഞിരാമന്‍ പറഞ്ഞു.

“ഈടെയാണ് ആനത്തുമ്പികള്‍ മുട്ടിയിടുന്നതും പരല്‍മീനുകള്‍ ഉണ്ടാവുന്നതും.”
കുന്നിന്‍ മുകളിലെ പിറവികളുടെ സംഗമസ്ഥാനത്ത് മേഘരൂപരായ പാറകള്‍ക്കു കീഴില്‍ അവര്‍ അവരുടെ ഓര്‍മ്മകള്‍ക്ക് വിശ്രമിക്കാന്‍ ഒരിടം കൊടുത്തു.

 

(തുടരും…)


സതീഷ് കെ.കെ:
ചിത്രകാരന്‍. എറണാകുളം കേന്ദ്രമായി സജീവ ചിത്രകലാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു. കണ്ണൂര്‍, തിരുമേനി ചെറുപുഴ സ്വദേശി. ഇപ്പോള്‍ തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ അദ്ധ്യാപകന്‍.

മജ്‌നി തിരുവങ്ങൂര്‍

Majni-thiruvangoor

കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.