വി.എച്ച് നിഷാദിന്റെ നോവല്‍, മൂന്നാം ഭാഗം
നോവല്‍/വി എച്ച് നിഷാദ്
വര/ മജ്‌നി തിരുവങ്ങൂര്‍
ഉടല്‍ മുഴുവന്‍
മണ്ണിനടയില്‍,
തല മാത്രം
പുറത്ത്;
എങ്ങനെ ഈ ഭൂമിയെ
രക്ഷിക്കാമെന്നാലോചിച്ചു കൊണ്ട്
-സച്ചിദാനന്ദന്‍ / തല
പ്രേമം എന്ന രാജ്യത്ത് മൂന്നു പ്രഖ്യാപിക്കുമ്പോള്‍ ബാരിഷ് ഒരു വണ്‍ ഡേ ക്രിക്കറ്റ് മാച്ച് കണ്ടിരിക്കുകയായിരുന്നു.
[]
പെട്ടെന്ന് സ്‌ക്രീനില്‍ ദൃശ്യങ്ങളെ മുറിച്ചു കൊണ്ട് ദേശീയ ഗാനം മുഴങ്ങുകയും പ്രസിഡന്റിന്റെ മുഖം പ്രത്യക്ഷപ്പെടുകയും ചെയ്തു. ചതുരപ്പെട്ടിയുടെ ഇരുണ്ട ആഴങ്ങളില്‍ നിന്ന് തുടര്‍ന്ന് പ്രസിഡന്റിന്റെ ശബ്ദം വീഞ്ഞു പോലെ പുറത്തേക്കു പ്രവഹിക്കുന്നത് ബാരിഷ് കേട്ടു.
-“രാജ്യം കൂടുതല്‍ പ്രതിരോധ സജ്ജമാവേണ്ടിയിരിക്കുന്നു. മൂന്നാമത്തെ ബോംബാക്രമണം നമ്മെ കൂടുതല്‍ ഭയാശങ്കകളിലേക്ക് നയിക്കുന്നു. നമ്മുടെ സ്വപ്‌നങ്ങള്‍ക്കു മേല്‍ കൊതുകുകളെപ്പോലെ പോര്‍ വിമാനങ്ങള്‍ റോന്തു ചുറ്റാനാരംഭിച്ചിരിക്കുന്നു. ശത്രുക്കള്‍ ആരെന്നു പോലും തിരിച്ചറിയാനാവാത്ത ഒരു സവിശേഷ അവസ്ഥയിലേക്ക് രാജ്യം കൂപ്പു കുത്തിയിരിക്കുന്നു. അതിനാല്‍ ഇന്നു തൊട്ട് മൂന്നു മാസത്തേക്ക് പ്രേമം എന്ന രാജ്യത്ത് മൂന്ന് പ്രഖ്യാപിച്ചതായി ഞാന്‍ അറിയിക്കുന്നു.”
അങ്ങേയറ്റം നിര്‍വികാരപരമായിരുന്നു പ്രസിഡന്റിന്റെ പ്രസ്താവന.
അറിയിപ്പു വന്നയുടനെ ബാരിഷ് മൊബൈല്‍ ഫോണ്‍ വെച്ചിരിക്കുന്നിടത്തേക്കോടിച്ചെന്നു.
അചേതനമായ ഒരു നാക്കിനെ അനുസ്മരിപ്പിക്കും വിധം കിടന്നിരുന്ന ആ ഉപകരണം സിഗ്നലുകള്‍ കിട്ടാതെ നിസ്സഹായത കാണിച്ചു.
പലവട്ടം ശ്രമിച്ചിട്ടും പുറത്തേക്ക് കോളുകളോ സന്ദേശങ്ങളോ പോകാതായപ്പോള്‍ ബാരിഷ് ഇന്റര്‍നെറ്റ് ഓണ്‍ ചെയ്തു.
എന്നാല്‍ അതും വിഫലമായിരുന്നു.
ദുരന്ത കാലങ്ങളില്‍ വെട്ടുകിളികള്‍ ആക്രമണം നടത്തും മാതിരി അവിടെയൊന്നാകെ ഹാക്ടിവിസ്റ്റുകള്‍ ആക്രമിച്ചു കഴിഞ്ഞിരുന്നു.
പ്രധാനപ്പെട്ട ഡോമിനുകളും വെബ്‌സൈറ്റുകളുമെല്ലാം ഹാക്ടിവിസ്റ്റുകളുടെ ആക്രമണത്തില്‍ തകര്‍ന്നു തരിപ്പണമായിരുന്നു.
മൂന്നിന്റെ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലായിത്തുടങ്ങി എന്ന് അതോടെ അവനു മനസ്സിലായി.
താന്‍ ജോലി ചെയ്യുന്ന കോള്‍ സെന്ററും ഇതിനകം സൈന്യം പിടിച്ചെടുത്തിരിക്കും.
ബാരിഷ് ഊഹിച്ചു.
നമ്മുടെ സ്വപ്‌നങ്ങള്‍ക്കു മേല്‍ കൊതുകുകളെപ്പോലെ പോര്‍ വിമാനങ്ങള്‍ റോന്തു ചുറ്റാനാരംഭിച്ചിരിക്കുന്നു.
റിബലുകളും അവരുടെ പണി തുടങ്ങിയിരിക്കുന്നു.
ഈ ഇരുപത്തിരണ്ടാമത്തെ വയസ്സിനിടയില്‍ ദൈവമേ..രണ്ടു മൂന്നുകള്‍ എന്ന് അവന്‍ ഉള്ളില്‍ പെട്ടെന്ന് കരഞ്ഞു പോയി.
എന്നാല്‍ അതും പുറത്തേക്ക് ഉച്ചരിക്കാനാവാത്ത ഒരു വാക്കിനു തുല്യമായിരുന്നു.
എന്തെന്നാല്‍ മൂന്നിന്റെ കാലത്തിന് നിശബ്ദത എന്നാണ് പേര്.
ഇതിനു മുമ്പ് മൂന്നു പ്രഖ്യാപിക്കുന്ന ഒരു കാലത്ത് ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു ബാരിഷ്. ഒരു ദിവസം സായാഹ്നത്തില്‍ സ്‌കൂള്‍ വിട്ടു വരുമ്പോള്‍ തന്റെ വീട്ടിനു മുന്നില്‍ വലിയൊരു ആര്‍മി ട്രക്ക് നില്‍ക്കുന്നത് അവന്‍ കണ്ടു. അതിലേക്ക് പണിക്കാര്‍ ഒരു ക്യൂവിലെന്ന പോലെ നിന്ന് ചാക്കുകള്‍ കയറ്റുന്നുണ്ടായിരുന്നു. ഇത്തവണ കൊയ്ത്തു കഴിഞ്ഞ് പത്തായത്തില്‍ നിറച്ചിരുന്ന ധാന്യങ്ങളാണല്ലോ അയ്യോ, അതെന്ന് ആ പതിനാറു വയസ്സുകാരന് ഉള്ളു വെന്തു.
“എന്താണിത് “എന്ന ഒച്ചയുമായി അവന്‍ ഓടിച്ചെല്ലുമ്പോള്‍ വീട്ടിനു മുന്നില്‍ ബാരിഷിന്റെ ഉപ്പാപ്പ കലങ്ങിയ നെഞ്ചുമായി നില്‍ക്കുകയായിരുന്നു. ഘന തിമിരമായ ഏതോ കാലത്തെ തുറിച്ചു നോക്കുന്നതു മാതിരി അയാളുടെ ചുവന്നു കലങ്ങിയ രണ്ടു കണ്ണുകള്‍ തുറന്നു തന്നെയിരുന്നു എന്ന് ബാരിഷ് ഇന്നോര്‍ക്കുന്നു. നനവിന്റെ ഒരു തുള്ളിക്കു പോലും അവയെ തൊടാന്‍ കഴിയാന്‍ വണ്ണം അത്ര കഠിനമാക്കിയിരുന്നു അയാള്‍ തന്റെ മനസ്സപ്പോള്‍.
“രാജ്യത്ത് മൂന്നു പ്രഖ്യാപിച്ചിരിക്കുന്നു. നമ്മുടെ ധാന്യങ്ങളും ഭക്ഷ്യ പദാര്‍ത്ഥങ്ങളും സര്‍ക്കാര്‍ ഖജനാവിലേക്ക് കണ്ടെടുക്കുകയാണ”- കടുകു പോലെ പൊട്ടാന്‍ പാകത്തിനു നില്‍ക്കുന്ന അവനോട് അകത്തു നിന്നു ഉമ്മ പറഞ്ഞു കൊടുത്തു.
അന്നു മുതല്‍ ബാരിഷ് അന്വേഷിക്കുന്നതാണ് മൂന്ന് പ്രഖ്യാപിക്കുന്നതിന്റേയും അതു നടപ്പിലാക്കുന്നതിന്റേയും യുക്തി. ചില അടുത്ത ആക്ടിവിസ്്റ്റ് സുഹൃത്തുക്കളുമായി സമയം കിട്ടിയപ്പോള്‍ അവനത് ചര്‍ച്ച ചെയ്യുകയും കൂടുതല്‍ വാദമുഖങ്ങളൊരുക്കുകയും ചെയ്തു.
-പ്രേമം എന്ന രാജ്യത്ത് ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല.
ചര്‍ച്ചകള്‍ക്കൊടുവില്‍ അവര്‍ സ്വന്തം മനസ്സുകളില്‍ ഇങ്ങനെ എഴുതി വെച്ചു.
-ചില ചോദ്യങ്ങള്‍ക്ക് യുക്തിയും.
മൂന്നിനു വിധേയരായി മക്കളേയും മാതാപിതാക്കളേയും ഉറ്റവരേയുമെല്ലാം നഷ്ടപ്പെട്ടവരെ കോര്‍ത്തിണക്കി “ആറ്” എന്നൊരു സംഘന രൂപീകരിക്കാന്‍ ബാരിഷും അവന്റെ ആക്ടിവിസ്റ്റ് സുഹൃത്തുക്കളും നിരന്തരം ചര്‍ച്ച ചെയ്തു കൊണ്ടിരുന്ന ഒരു കാലം കൂടിയായിരുന്നു അത്. ആറ്: six mens” army aginst THREE and oppresion എന്നായിരുന്നു ആ സംഘടനക്കായി അവര്‍ കണ്ടെത്തിയിരുന്ന വിശേഷണം തന്നെ. മൂന്നിനെ നേരിടാന്‍ അതിന്റെ ഇരട്ടി ശക്തിയും സ്വാതന്ത്യവുമുള്ള ഒരു ആറു കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ എന്ന് ബാരിഷും അവന്റെ കൂട്ടുകാരും ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു.
റിബലുകളും അവരുടെ പണി തുടങ്ങിയിരിക്കുന്നു. six mens’ army aginst THREE and oppresion എന്നായിരുന്നു ആ സംഘടനക്കായി അവര്‍ കണ്ടെത്തിയിരുന്ന വിശേഷണം തന്നെ
മൂന്നിന്റെ നിയമങ്ങള്‍ക്കു വിധേയരായി അനാഥരാക്കപ്പെട്ടവര്‍ക്കായി ഒരു കമ്മ്യൂണ്‍ തുടങ്ങാനും അവരുടെ ക്ഷേമത്തിനായി ഒരു വെല്‍ഫെയര്‍ ട്രസ്റ്റു രൂപീകരിക്കാനുമെല്ലാമുള്ള ചിന്തകള്‍ക്ക് വളമിട്ടു കൊണ്ടിരിക്കവേയാണല്ലോ ഒരു അശനിപാതം പോലെ ഈ മൂന്നെന്ന് ബാരിഷ് സങ്കടപ്പെട്ടു.
മൂന്നിന്റെ കാലത്ത് സങ്കടങ്ങള്‍ക്കു പോലും ഇടമില്ലല്ലോ എന്ന് അവന്‍ നനഞ്ഞ കണ്ണാല്‍ പിന്നീടോര്‍ത്തു.
അന്ന് വൈകുന്നേരം ബാരിഷിനെപ്പോലും അമ്പരപ്പിച്ചു കൊണ്ട് അവന്റെ മൊബൈലില്‍ ഒരു മെസേജ് വന്നു-
” പാട്ടു പാത്തു, ഉറുളൂസ് ആന്റ് നന്ദന്‍ ആര്‍ മിസ്സിംഗ്!
-സമീറ ”