മൂന്നിനു മുമ്പ്; വി.എച്ച് നിഷാദിന്റെ നോവല്‍ ആരംഭിക്കുന്നു
Discourse
മൂന്നിനു മുമ്പ്; വി.എച്ച് നിഷാദിന്റെ നോവല്‍ ആരംഭിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th July 2012, 12:59 am

 


വി.എച്ച് നിഷാദിന്റെ നോവല്‍, മൂന്ന് ആരംഭിക്കുന്നു..


നോവല്‍/വി എച്ച് നിഷാദ്

വര/ മജ്‌നി തിരുവങ്ങൂര്‍

“ദയവു ചെയ്ത്
ഒരാല്‍ബത്തില്‍ പോലും
പൊട്ടു പോല്‍ പോയ് പെടല്ലേ,
പാസ് പോര്‍ട്ടു തലപോലുമായി
മുങ്ങി നിവരല്ലേ അതില്‍..

നിങ്ങളുടെ ജീവിതം
ഒരാഘോഷമാണെന്ന്
തെറ്റിദ്ധരിച്ചു കളയും
പാവപ്പെട്ട
ഈ  കാഴ്ചക്കാര്‍..”

(ദുരന്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്)

 

മൂന്നിനു മുമ്പ്:

രണ്ടു മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം, പത്രപ്രവര്‍ത്തനം ഇനിയും മുഖ്യതൊഴില്‍ വിഷയമായി അംഗീകരിച്ചിട്ടില്ലാത്ത കിഷോര്‍ എന്ന മുപ്പതു വയസ്സുകാരന്‍ കൂട്ടുകാരന്‍ ഞങ്ങളുടെ കക്കക്കൂടു പോലുളള വാടക വീട്ടിലേക്ക് യാതൊരു മുന്നറിയി്പ്പുമില്ലാതെ കയറി വന്നത് എന്നെപ്പോലെ തന്നെ എന്റെ കൂട്ടുകാരി സുഭാഷിണിയേയും കുഴക്കിയിരുന്നു. ഇതു പോലുള്ള കൊച്ചു വാടക വീടുകളില്‍ സാധാരണയായി, പരിസര ബോധം കൊണ്ടു മാത്രം, വാരാന്ത്യത്തിലേക്കു  മാത്രമായി യുവ ദമ്പതിമാര്‍  മാറ്റി വച്ചിരുന്ന രതി, ഒരു അനുഷ്ഠാനം പോലെ നടക്കേണ്ടുന്ന ഒരു ദിവസം കൂടിയായിരുന്നു അത്.

കിഷോര്‍ വന്ന് ഏറെ കഴിഞ്ഞിട്ടും ഒരു കപ്പു ചായ പോലും കൊടുക്കാതെയാണ് സുഭാഷിണി തന്റെ പ്രതിഷേധത്തെ പ്രഛന്നവേഷം കെട്ടിച്ചത്. അവളുടെ കവിളുകളിലാകട്ടെ ജൂണ്‍ മാസത്തിലെ ആകാശത്തിന്റെ മുഖത്തെഴുത്തു പോലെ സങ്കടവും ദേഷ്യവും സമ്മിശ്ര താളത്തില്‍ കറുപ്പു പതിപ്പിച്ചു കിടക്കുന്നത് ഞാന്‍ അതിനിടയില്‍ കണ്ടുപിടിച്ചിരുന്നു.

നാഭിച്ചുഴിയിലേക്ക് സാരിയുടെ ചുറ്റുകള്‍ താഴ്ത്തികുത്തി കെട്ടിയിറക്കുമ്പോള്‍ എന്റെ വിരലുകള്‍ ഡ്രം സ്റ്റിക്കുകള്‍ പോലെ വിറക്കുന്നുണ്ടായിരുന്നു.

വിവാഹം കഴിഞ്ഞ് നാലു വര്‍ഷം കഴിഞ്ഞിരുന്നെങ്കിലും കുട്ടികള്‍ ഉടനെയൊന്നും വേണ്ടെന്നു വെച്ചിരുന്നതിനാല്‍, ആ വിടവു പൂരിപ്പിക്കാനെന്ന വ്യാജേന, ഞാനും സുഭാഷിണിയും കണ്ണുപൊത്തിക്കളികള്‍ പോലും കളിച്ചിരുന്ന കാലമായിരുന്നു അത്. ഭാഗ്യത്തിന് കഴിഞ്ഞ രണ്ടു മാസമായി ഞങ്ങള്‍ക്ക്  സന്ദര്‍ശകരേ ഉണ്ടായിരുന്നില്ല.

അതേ സമയം പുറത്തു നിന്നു നോക്കുന്ന ഒരാള്‍ക്ക്, മെലിഞ്ഞ മട്ടില്‍ തുടരുന്ന ഒന്ന് എന്ന്  ആശങ്ക തോന്നിപ്പിച്ചിരുന്ന  ജീവിതം  വൈകുന്നേരങ്ങളിലും പ്രഭാതങ്ങളിലുമെല്ലാം  ഞങ്ങള്‍ക്ക് ഒരു പാട് സ്വാതന്ത്യങ്ങള്‍ നല്‍കിയിരുന്നു. ചിലപ്പോള്‍ പര്‍ദ ധരിച്ച് ജുമാനയായി, മറ്റു ചിലപ്പോള്‍ നല്ല പത്തരമാറ്റ് സെറ്റുസാരിയുടുത്ത് കല്ല്യാണിക്കുട്ടിയായി, അതുമല്ലാത്തപ്പോള്‍ ജീന്‍സും പച്ചനിറമുള്ള ടീ ഷര്‍ട്ടും ധരിച്ച് ബിയാട്രിസായി പരിവര്‍ത്തനപ്പെടാന്‍ ഇതു മൂലം സുഭാഷിണിക്കു കഴിഞ്ഞു. വ്യക്തി വൈവിധ്യത്തില്‍ ഏറെ കൗതുകമുള്ള ഞാനാകട്ടെ അപ്പോഴെല്ലാം ഉസ്മാനായും കേളുവേട്ടനായും അന്തോണിച്ചനായും ശരീരഭാഷയിലും സംസാരത്തിലും, എന്തിനു വേഷത്തില്‍ പോലും മാറ്റം വാങ്ങിയെടുത്തു.

കുട്ടികളെപ്പോലെ കൊഞ്ചിക്കൊണ്ട് “നി…ഈ സാരിയൊന്നുടുത്തു തര്വോ..” എന്ന് സുഭാഷിണി പറഞ്ഞിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിരുന്നില്ല.

നാഭിച്ചുഴിയിലേക്ക് സാരിയുടെ ചുറ്റുകള്‍ താഴ്ത്തികുത്തികെട്ടിയിറക്കുമ്പോള്‍ എന്റെ വിരലുകള്‍ ഡ്രം സ്റ്റിക്കുകള്‍ പോലെ വിറക്കുന്നുണ്ടായിരുന്നു. സുഭാഷിണിയുടെ “മുടിഞ്ഞ” ഗ്ലാമര്‍ എന്നെത്തേയും പോലെ ഇക്കുറിയും എന്നെ കെണിയിയില്‍ വീഴ്ത്തിയിരുന്നു.

“സു…”
ഞാന്‍ കാമാതുരനായി വിളിച്ചു.

സ്ത്രീകള്‍ക്കു മാത്രം സഹജമായ, ക്ഷണികമായ ഒരു മുഖമാറ്റം പെട്ടെന്നുള്‍ക്കൊണ്ടു കൊണ്ട് “ഇപ്പോഴല്ല നി, നാളെ ..”എന്ന് സുഭാഷിണി പറഞ്ഞു. പിന്നെ അവള്‍ പെട്ടെന്നു തന്നെ പുറത്തേക്കു പോയി. ഒരു ചലനം കൊണ്ട് മാത്രം പ്രവൃത്തിക്ക് വിരാമ ചിഹ്നം ഇടുന്ന കാര്യത്തില്‍ അല്ലെങ്കിലും പണ്ടേ സുഭാഷിണി ബഹു മിടുക്കിയായിരുന്നു.

പത്രപ്രവര്‍ത്തനം അവസാനിപ്പിച്ച് ഒരു മുഴുവന്‍ സമയ എഴുത്തുകാരനായി ഞാന്‍ മാറിത്തീര്‍ന്നിട്ട് അധികം നാളുകള്‍ കഴിഞ്ഞിരുന്നില്ല. ഒരു അധ്യാപികയായി സുഭാഷിണി ചിട്ടയോടെ പണിയെടുത്തിരുന്നതിനാലാകട്ടെ ജീവിതം തീരെയും ബാധ്യതകള്‍ ഉണ്ടാക്കിയതുമില്ല.

പതിവു പോലെ ഇക്കുറിയും കിഷോര്‍ ഞങ്ങളുടെ ഭവനമൊരു മധുപാന സത്രമാക്കി മാറ്റുമോ എന്ന് സുഭാഷിണിയും ഞാനും ഒരു പോലെ ഭയന്നു. അയാള്‍ വന്നു കഴിഞ്ഞാല്‍ പിന്നെ  രണ്ടാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന മദ്യപാനവും പൊട്ടിച്ചിരികളും ഞങ്ങളുടെ വീട്ടിന്റെ അദൃശ്യതാളത്തെ വല്ലാതെ നോവിച്ചിരുന്നു. കിഷോര്‍ പോയിക്കഴിഞ്ഞാല്‍ തന്നെ രണ്ടോ മൂന്നോ ദിവസങ്ങളെടുത്താണ് ഞങ്ങള്‍ സ്വീകരണ മുറിയും പുറത്തെ ടോയ്‌ലറ്റും ഒന്നു വൃത്തിയാക്കിയെടുക്കുക.


‘ഹോ…വല്ലാത്തൊരു മുടിഞ്ഞ അവസ്ഥ തന്നെ ഇത്…’
സുഭാഷിണി എന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ടു പറഞ്ഞു.


പുസ്തകങ്ങള്‍ ബ്രഡ് കഷണങ്ങള്‍ പോലെ അങ്ങിങ്ങ് ചിതറിയിട്ട്, ബിയര്‍ ബോട്ടിലുകളുടെ കൊച്ചു തുരുത്തുകള്‍ മുറിയുടെ പലയിടങ്ങളിലായി സൃഷ്ടിച്ച്, സിഗററ്റ് കുറ്റികളുടെ ഇന്‍സ്റ്റലേഷനുകള്‍ നിര്‍മ്മിച്ച്  സ്വീകരണമുറി അയാളുടേതുമാത്രമാക്കി മാറ്റിയെടുക്കാന്‍ കിഷോറിനു വല്ലാത്തൊരു മിടുക്കുണ്ടായിരുന്നു.

അയാള്‍ ഛര്‍ദ്ദിച്ച് മാലിന്യക്കുപ്പ പോലെയാക്കിയ ടോയ്‌ലറ്റ് വൃത്തിയാക്കുമ്പോഴെല്ലാം ഞാനും സുഭാഷിനിയും എപ്പോഴും ഓക്കാനം അമര്‍ത്തി വെച്ച്്  വല്ലാതെ വിഷമിക്കാറുണ്ടായിരുന്നു.

എന്നാല്‍, പതിവിനു വിരുദ്ധമായി കൈയും വീശി കിഷോര്‍ ഇക്കുറി വന്നു കയറിയത്  ഞങ്ങളെ വല്ലാതെ അല്‍ഭുതപ്പെടുത്തി. സാധാരണയായി മുഷിഞ്ഞ തോള്‍ സഞ്ചിയില്‍ ബിയര്‍ ബോട്ടിലുകളും വോഡ്കയും നിറച്ചാണ് അവന്‍ വരിക. വലത്തേ കൈയില്‍ അര ഡസന്‍ മുട്ടകള്‍ സ്വന്തമെന്ന പോലെ  ശരീരത്തോട് ചേര്‍ത്തു പൊതിഞ്ഞു പിടിച്ചിരിക്കും.

ഇതൊന്നുമില്ലാതെ അവനെ സങ്കല്‍പിക്കുക വിഷമകരമായിരുന്നു. ഇക്കുറി  അവന്റെ മുഖം പോലും വല്ലാതെ മാറിയിരിക്കുന്നത് സുഭാഷിണി രഹസ്യമായി കണ്ടു പിടിച്ചു. എന്നിട്ട് ആംഗ്യം കൊണ്ട്  കാണിച്ചു തന്നു. മുടി ക്രമത്തില്‍ വെട്ടി, എണ്ണക്കറുപ്പില്‍ കുഴച്ചെടുത്ത് ചീകിവെച്ചിരിക്കുന്നത് കണ്ട് എനിക്കും വല്ലാതെ ചിരി തോന്നിയിരുന്നു.

വസ്ത്രധാരണത്തിലും ഒരു ദുശ്ശീലം പോലെ വൃത്തി പടര്‍ന്നിരിക്കുന്നത് വാ പൊത്തിപ്പിടിച്ച ഒരു അല്‍ഭുതത്താല്‍ സുഭാഷിണി വീണ്ടും ചൂണ്ടിക്കാട്ടിത്തന്നു. പതിവിനു വിപരീതനായി അവന്‍ ചിന്താലുവായിരിക്കുന്നത് എന്നേയും വിഷണ്ണനാക്കി.  തുടന്ന്, ആ ദിവസം മുഴുവന്‍ സോഫയില്‍ ചാഞ്ഞിരുന്ന് ടി വിയില്‍ കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക് കണ്ടുകൊണ്ടിരുന്ന  കിഷോറിനെ ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ മത പരിവര്‍ത്തനം നടത്തിയ ഒരാളുടെ മാതാപിതാക്കളെന്നപോല്‍ വല്ലാതെ വിഷമിച്ചു.
അടുത്ത പേജില്‍ തുടരുന്നു

 

ഒരു തടവു പുള്ളി അനുഭവിക്കു ന്നതിനേക്കാല്‍ ഭീകരമായ ഒരു ഏകാന്തത ഞങ്ങള്‍ മൂവരേയും രാവണന്‍ കോട്ട പോലെ വളഞ്ഞു നിന്നു ഭരിക്കാന്‍ തുടങ്ങി.

ഇടയ്‌ക്കെപ്പോഴോ സുഭാഷിണിയും ഞാനും കൂടി അടുക്കളയില്‍ കയറി വെജിറ്റബിള്‍ ബിരിയാണി ഉണ്ടാക്കിയ നേരത്തെല്ലാം മുദ്രകളിലൂടെ ഏറെ സംസാരിച്ചത് അവന്റെ ഈ  മാറ്റത്തെക്കുറിച്ചു തന്നെയായിരുന്നു. എന്തു പറ്റി, എന്തു പറ്റിയെന്ന് എത്ര അറഞ്ഞു ചിന്തിച്ചിട്ടും
ഞങ്ങള്‍ക്ക് മനസ്സിലായിരുന്നില്ല.

ഒടുവില്‍ വൈകിട്ട് ഞാനൊന്നു പുറത്തു പോയിവരാമെന്ന് സൂചിപ്പിച്ച് കിഷോര്‍ വീടിറങ്ങിയതോടെ മണിക്കൂറുകളോളം മര്‍ദ്ദിച്ചു കൊണ്ടിരുന്ന ഞങ്ങളുടെ ശ്വാസം മുട്ടല്‍ക്കളി അവസാനിച്ചു.

“ഹോ…വല്ലാത്തൊരു മുടിഞ്ഞ അവസ്ഥ തന്നെ ഇത്…”
സുഭാഷിണി എന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ടു പറഞ്ഞു.
“അവനെതെന്തു പറ്റി..ഒരു തരം വെറുപ്പിക്കുന്ന അച്ചടക്കമായി പോയി ഇത്..”
“ഇനി വല്ല ലൗവിലും പോയി വീണു കാണുമോ?..”
“അവനോ.. പ്രേമമോ…ഹേ, നെവര്‍…” ഞാന്‍ സംശയിച്ചു കൊണ്ടു പറഞ്ഞു.

സന്ധ്യ കഴിഞ്ഞ്, പിന്നീട് പുറത്ത് രാത്രിയുടെ ആദ്യ കുസുമങ്ങള്‍ വിരിഞ്ഞു തുടങ്ങിയപ്പോഴേക്കും ഒരു പാക്കറ്റ് നിറയെ സാമാനങ്ങളുമായി കിഷോര്‍ തിരിച്ചെത്തി. വീണ്ടും അവന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. ഞങ്ങളുടെ രാത്രി ഡിന്നറിനായി മൂന്നു ബിരിയാണിപ്പൊതികള്‍ കിഷോര്‍ കൊണ്ടു വന്നിരുന്നു. പിന്നെ, ഈത്തപ്പഴത്തിന്റേയും അണ്ടിപ്പരിപ്പിന്റേയും ചില കൊച്ചു പാക്കറ്റുകള്‍.

എന്നാല്‍ ഡിന്നര്‍ കഴിഞ്ഞതോടെ മൗനത്തിന്റെ അപാരമായ പേടി പിന്നെയും ഞങ്ങളെ ചൂഴ്ന്നു തുടങ്ങി. കിഷോര്‍ ഇങ്ങനെ മാറേണ്ടിയിരുന്നില്ല എന്ന് ഉള്ളില്‍ ശപിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. സുഭാഷിണിയുടെ ചിന്തയും ഏറെ വ്യത്യസ്തമായിരുന്നില്ലെന്ന് അവളുടെ മുഖ ഭാവത്തില്‍ നിന്ന് ഊഹിക്കാമായിരുന്നു.

 


ഞാന്‍ പറഞ്ഞ മൂന്നിന്റെ കഥയാണിത്. ഇതില്‍ പലതും പറയാതെ വിട്ടിട്ടുണ്ട്. അതെല്ലാം ഞാന്‍ നിങ്ങളോട് ഈ ദിവസങ്ങളില്‍ പറഞ്ഞു തീര്‍ക്കുകയായിരുന്നു. ഇത് നീയും ചുന്നിയും ചേര്‍ന്ന് വായിച്ചു നോക്കണം. മാറ്റിയെഴുതണം. മൂന്നിന്റെ ചരിത്രം ആരും അറിയാതെ പോകരുത്.


“ഈ ടിന്റു മോന്‍ ഫലിതം നിങ്ങള്‍ കേട്ടിട്ടുണ്ടോ?”
കുപ്പിയിലെ കോര്‍ക്കു പോലെ പെട്ടെന്നു തെറിച്ചു പൊങ്ങിയ ആ ചോദ്യം കിഷോറില്‍ നിന്നു തന്നെയായിരുന്നു എന്നു തിരിച്ചറിയാന്‍ ഞങ്ങള്‍ വിഷമിച്ചു. കാരണം ജീവിതത്തില്‍ ഇന്നേവരെ തമാശയുടെ എണ്ണയില്‍ മുക്കിയ ഒരു വിഭവവും അവന്‍ തയാറാക്കിയതായി ഞങ്ങള്‍ക്കറിവില്ലായിരുന്നു.

അവനും കൂട്ടുകാരും ചേര്‍ന്നെടുക്കുന്ന ചില ഡോക്യുമെന്ററികളുടെ വിശദാംശങ്ങള്‍, തേനിയിലും ഉസലം പെട്ടിയിലുമെല്ലാം ഇപ്പോഴും തുടര്‍ന്നു വരുന്ന പെണ്‍ ശിശുഹത്യകള്‍, പല നാടുകളില്‍ നിന്നുള്ള ആക്ടിവിസ്റ്റുകളുടെ വര്‍ത്തമാനങ്ങള്‍…ഇവ്വിദത്തില്‍ കാല്‍പനികതയോ ഫലിത ബോധമോ ഒട്ടും കൈകടത്താത്ത രീതിയില്‍ വര്‍ത്തമാനങ്ങള്‍ നടത്താറുള്ള കിഷോറില്‍  നിന്ന് ഒരു ഫലിതത്തിന്റെ തിരി പൊട്ടുക മരുഭൂമിയില്‍ പുതുമുളയുണ്ടാകുന്നതിനു തുല്യമാണെന്നാണ് ഞങ്ങളുടെ പക്ഷം.

ഒരു ചരിത്ര ഗ്രന്ഥത്തിന്റെ പിന്നി ഇളകിയ കടലാസുകള്‍ പോലെ തോന്നിച്ചു അവയെല്ലാം.

“മുറ്റത്തു കൂടെ മുത്തശ്ശിയെ ഇട്ട് പരക്കം പായിക്കുന്ന ടിന്റു മോനെ കണ്ട് അച്ഛന്‍ ചോദിക്കുന്നു.
നീയെന്തിനാടാ മുത്തശ്ശിയെ ഇട്ട് ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്
ടിന്റു മോന്‍: പരീക്ഷയുടെ തലേന്ന് പഴയതൊക്കെ ഒന്നോടിച്ചു നോക്കണമെന്ന് ടീച്ചര്‍് പറഞ്ഞു. അതു കൊണ്ടാ അച്ഛാ..”
അതു പറഞ്ഞു കഴിയലും ചിരിച്ചു കൊണ്ട് കിഷോര്‍ കുഴഞ്ഞു താഴേക്കു വീണു.
പെട്ടെന്നു സംഭവിച്ച ഗതി പരിണാമത്തില്‍ ചിരിക്കണോ അതോ ഒന്നു ചെറുതായ് കരയണോ എന്നു പോലും ഞങ്ങള്‍ക്കു തോന്നിത്തുടങ്ങിയിരുന്നു.

അതും തീര്‍ന്നതോടെ നിശബ്ദത കൂടുതല്‍ കഠിനമായി. ഒരു തടവു പുള്ളി അനുഭവിക്കുന്നതിനേക്കാല്‍ ഭീകരമായ ഒരു ഏകാന്തത ഞങ്ങള്‍ മൂവരേയും രാവണന്‍ കോട്ട പോലെ വളഞ്ഞു നിന്നു ഭരിക്കാന്‍ തുടങ്ങി.

ഒടുവില്‍ വല്ലാതെ സഹികെട്ട് ഞങ്ങളുടെ മനസ്സുകള്‍ ഒരു വേതാളത്തെപ്പോലെ തല കീഴായി നിന്ന് ചോദ്യങ്ങള്‍ ചോദിക്കാനൊരുങ്ങവേ കിഷോര്‍ തന്നെ സംസാരിച്ചു തുടങ്ങി:
“എന്റെ ഈ മാറ്റം നിങ്ങളില്‍ ഒരു പാട് ആശങ്കങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്നെനിക്കറിയാം. ക്ഷമിക്കൂ, മുന്നാ…ചുന്നീ….കഴിഞ്ഞ കുറച്ചാഴ്ചകളായി ഞാന്‍ നടത്തിക്കൊണ്ടിരുന്ന ചില യാത്രകളുടേയും അന്വേഷണങ്ങളുടേയും അവസാനമായിരുന്നു ഇന്ന്. ഈ വൈകുന്നേരം ഞാന്‍ പുറത്തേക്കു പോയത് അവരെ കാണാനാണ്. നൂറ്റിയഞ്ചു വയസ്സുള്ള പാത്തുമ്മയെ കാണാന്‍.. അല്ല പാട്ടു പാത്തു എന്നാണ് അവരുടെ യഥാര്‍ത്ഥ പേര്‍..”

ഏതൊരു നാടോടിക്കഥയേയും പിന്നിലാക്കുന്നതും ഏതു സസ്‌പെന്‍സ് ത്രില്ലറിനേയും കവച്ചു വെക്കുന്നതുമായ ചില വര്‍ത്തമാനങ്ങളായിരുന്നു പിന്നീട് കിഷോര്‍ ഞങ്ങളോട് പറഞ്ഞത്. ഇടയ്ക്കു പലപ്പോഴും എന്തസംബന്ധമാണ് അവനീ പറഞ്ഞു തള്ളുന്നതെന്ന് എനിക്കും സുഭാഷിണിക്കും തോന്നിപ്പോയി. ആ ഒരാഴ്ചക്കാലം ഞങ്ങളുടെ കൂടെ താമസിച്ച് കിഷോര്‍ പറഞ്ഞ കഥകള്‍ ഒരു സ്വപ്‌നമായിരുന്നോ എന്നു പോലും  പിന്നീട് പലപ്പോഴും  ഞങ്ങള്‍ ശങ്കിച്ചു നിന്നു പോയിട്ടുണ്ട്.

വന്നിട്ട് ഏതാണ്ട് ഒരാഴ്ച പിന്നിട്ട ആ ദിവസം ഒരു കെട്ടു കടലാസുകള്‍ എന്റെ കയ്യിലേക്ക് ഏല്‍പിച്ചിട്ട് കിഷോര്‍ പറഞ്ഞു.
“മുന്നാ…ഞാന്‍ പറഞ്ഞ മൂന്നിന്റെ കഥയാണിത്. ഇതില്‍ പലതും പറയാതെ വിട്ടിട്ടുണ്ട്. അതെല്ലാം ഞാന്‍ നിങ്ങളോട് ഈ ദിവസങ്ങളില്‍ പറഞ്ഞു തീര്‍ക്കുകയായിരുന്നു. ഇത് നീയും ചുന്നിയും ചേര്‍ന്ന് വായിച്ചു നോക്കണം. മാറ്റിയെഴുതണം. മൂന്നിന്റെ ചരിത്രം ആരും അറിയാതെ പോകരുത്..”
കിഷോര്‍ പിന്നീട് എങ്ങോട്ടു പോയെന്ന് ഞങ്ങള്‍ക്കറിയില്ല.

സത്യത്തില്‍ അവന്‍ തന്ന കടലാസു കെട്ടുകള്‍ക്ക് ഞങ്ങള്‍ വലിയ ഗൗരവം കൊടുത്തിരുന്നില്ല. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞ് പുന്തോട്ടം നനച്ചു കൊണ്ടിരുന്ന എന്റെയരികിലേക്ക് സുഭാഷിണി അന്നത്തെ ദിനപത്രവുമായി വന്നു. അവള്‍ക്കു പറയാന്‍ കൗതുകമേറിയ ഒരു വാര്‍ത്ത അതിലുണ്ടായിരുന്നു.

സുല്‍ത്താന്‍ ബത്തേരിക്കടുത്ത് പാത്തുമ്മ എന്ന പേരുള്ള ഒരു സ്ത്രീ മരിച്ചതായിരുന്നു ആ വാര്‍ത്ത. വാര്‍ത്തയുടെ വിശദാംശങ്ങളില്‍ നിന്ന് നൂറ്റിപ്പത്തു വയസ്സുണ്ടായിരുന്ന അവര്‍ നാടന്‍ പാട്ടുകളുടെ ഒരു ഖനിയായിരുന്നെന്നും ഒരു കാലത്തു കത്തു പാട്ടുകള്‍ പ്രചരിപ്പിച്ചതില്‍ മുന്‍പന്തിയില്‍ നിന്നവരായിരുന്നെന്നുമുള്ള വിവരങ്ങള്‍ കിട്ടി. ഒപ്പം ഫോക് ലോര്‍ അക്കാദമിയുടെ അനുശോചന സന്ദേശവും ചേര്‍ത്തിരുന്നു.

കിഷോര്‍ പറഞ്ഞതില്‍ കാര്യമുണ്ടോ എന്ന് ഞങ്ങള്‍ക്ക് സംശയം തോന്നിത്തുടങ്ങിയത് ആ നിമിഷം മുതല്‍  മാത്രമായിരുന്നു.

ആ രാത്രിയില്‍ അവന്‍ തന്നിട്ടു പോയ എല്ലാ കടലാസുകളും ഞങ്ങള്‍ വായിച്ചു തീര്‍ത്തു. “പ്രേമം” എന്നു പേരുള്ള  ഒരു വിചിത്ര രാജ്യത്തെക്കുറിച്ചും അവിടത്തെ ജീവിതങ്ങളെക്കുറിച്ചും കിഷോര്‍ പറഞ്ഞത് ശരിവെക്കുന്ന രീതിയിലായിരുന്നു അതിലെ വിവരണങ്ങള്‍. ഒരു ചരിത്ര ഗ്രന്ഥത്തിന്റെ പിന്നി ഇളകിയ കടലാസുകള്‍ പോലെ തോന്നിച്ചു അവയെല്ലാം.

കിഷോര്‍ ഞങ്ങളോടു പറഞ്ഞതും  അവന്‍ ഏല്‍പിച്ച താളുകളില്‍ വായിച്ചതുമെല്ലാം ചേര്‍ത്ത് പിന്നീടുള്ള രാത്രികളില്‍ ഞാന്‍ എഴുതാന്‍ തുടങ്ങി. ഫ്ഌസ്‌ക്കില്‍ സുലൈമാനിയുമായി സുഭാഷിണിയും എനിക്കു കൂട്ടിരുന്നു.
അങ്ങനെയാണ് മൂന്നിന്റെ കഥയുണ്ടാകുന്നത്.
അതോ, മൂന്നിന്റെ ചരിത്രമാണോ ഇത്…?
എനിക്കറിയില്ല.
പക്ഷെ, ശുഭ്ര വസ്ത്രം പോലെ വ്യക്തമായ ഒരു വാസ്തവം  മാത്രമറിയാം.

ഒരിക്കല്‍ ഒരിടത്ത് പ്രേമം എന്നൊരു രാജ്യമുണ്ടായിരുന്നു.