| Wednesday, 22nd August 2012, 5:13 pm

മൂന്ന് (നോവല്‍), ആറാം ഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്


വി.എച്ച് നിഷാദിന്റെ നോവല്‍, ആറാം ഭാഗം


നോവല്‍/വി എച്ച് നിഷാദ്

വര/ മജ്‌നി തിരുവങ്ങൂര്‍

“കത്തു വായിച്ചുടന്‍ കണ്ണുനീര്‍ വാര്‍ക്കേണ്ട
കഴിഞ്ഞു പോയതിനെയൊന്നുമേ ഓര്‍ക്കേണ്ട
ഖല്‍ബില് കദനപ്പൂ മാല്യങ്ങള്‍ തീര്‍ക്കേണ്ട
കഴിവുള്ള കാലം കളഞ്ഞിനി തീര്‍ക്കേണ്ട
യാത്ര തിരിക്കുമല്ലോ-എനിക്കാമുഖം
കണ്ടു മരിക്കാമല്ലോ-നിങ്ങള്‍ക്കായി
തട്ടിക്കൊട്ടി കട്ടിലിട്ട് പട്ടുവിരി
ച്ചറയൊന്നൊരുക്കിടട്ടെ-തല്‍ക്കാലം ഞാന്‍
കത്തു ചുരുക്കിടട്ടെ..”

(ദുബായ്ക്കത്ത് / രചന: എസ് എ ജമീല്‍ )

പാത്തു പാത്തു പാത്തു, പാത്തു പാത്തു പാത്തു
പാത്തു പാടി നീട്ടി അരുള്‍ ചെയ്ത വേദാന്തം
ആലം ഉടയവന്‍ തന്ന കൃപയാലെ
ആയേ പാട്ടു പാത്തു അവര്‍കിള ആയോവര്‍..

പാട്ടു പാത്തുവിനെക്കുറിച്ച് സൂചന തന്നിരുന്നുവല്ലോ. പ്രേമത്തിന്റെ വടക്കന്‍ പ്രവിശ്യയിലാണ് താമസിച്ചിരുന്നതെങ്കിലും ആ കൊച്ചുരാജ്യത്തിലെ ഏവര്‍ക്കും ആ വനിതയും അവരുടെ കത്തു പാട്ടുകളും സുപരിചിതമായിരുന്നു. വിരഹത്തിലും ആശങ്കകളിലും വെന്തുരുകുന്ന എല്ലാ ഹൃദയങ്ങളേയും (അതില്‍ ഏറിയ കൂറും പെണ്ണുങ്ങളുടേതായിരുന്നു) അതിന്റെ എല്ലാ ആര്‍ദ്രതയോടും കണ്ണീര്‍ നനവോടും കൂടി പാത്തുവിന്റെ പാട്ടുകള്‍ അനാവരണം ചെയ്തു.[]

ഒരു നേരത്തെ ആഹാരത്തിനു വേണ്ടിയും മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടിയും തങ്ങളെ വിട്ട് പ്രേമ രാജ്യം കടന്നു പുറത്തുപോയ ഭര്‍ത്താക്കന്മാരോടുള്ള  സങ്കടക്കനമുള്ള പരിവേദനങ്ങളായിരുന്നു ആ കത്തു പാട്ടുകളുടെ പ്രാണന്‍. അതി മുദൃലവും സാധാരണവുമായ വാക്കുകളില്‍ എങ്ങനെ വേദനകളും വികാരങ്ങളും വര്‍ത്തമാനങ്ങളും അതിന്റെ അന്തസും പ്രാണശ്വാസവും കൈവിട്ട് പോകാതെ തന്നെ ചമയിച്ചൊരുക്കാമെന്ന് പാത്തു രാജ്യത്തെ ജനങ്ങള്‍ക്ക് കാണിച്ചുകൊടുത്തു.

പലപ്പോഴും ഇടനെഞ്ചു പൊട്ടിപ്പൊടിഞ്ഞേക്കാവുന്ന ആത്മകഥാ ഭാഷണമായി ആ കത്തുകള്‍ പരിണമിച്ചു. തങ്ങളോട് ചോദിക്കാതെ എങ്ങനെ തങ്ങളുടെ കിനാവുകളും അന്തര്‍ദാഹങ്ങളും കാമനകളും പാട്ടു പാത്തു മോഷ്ടിച്ചു കൊണ്ടുപോയി എന്ന് ആ പാട്ട് കേട്ട ഏതൊരു വിരഹിണിയും അല്‍ഭുതപ്പെട്ടുകൊണ്ടിരുന്നു. പൊത്തിവെച്ച് സൂക്ഷിച്ച മനസ്സിന്റെ അടരുകളെല്ലാം ഒന്നൊഴിയാതെ ഈ പാട്ടുകളിലേക്ക് ചെക്കേറിയപ്പോള്‍ പലര്‍ക്കും തങ്ങള്‍ പകല്‍ വെളിച്ചത്തില്‍ നഗ്നരായി നിന്ന് കുളിക്കുന്നതുപോലെ ലജ്ജ തോന്നി. എന്നാല്‍ വെറും രണ്ടു നിമിഷം കൊണ്ട് മധുരമുള്ള ഒരു ലിപ്സ്റ്റ്ിക് പോലെ ചുണ്ടിലേക്ക് ആ ഗാനങ്ങള്‍ പടര്‍ത്തിയിട്ട് അവര്‍ തന്നെ അതിനെ ആഘോഷിക്കുകയും ചെയ്തുകൊണ്ടിരുന്നു.

പ്രേമത്തിനു പുറത്ത് മാനന്തവാടിയിലും ബൈരക്കുപ്പയിലും മൈസൂരിലും ഈറോഡുമെല്ലാം ജോലി തേടി അലഞ്ഞിരുന്ന ഭര്‍ത്താക്കന്മാരും കാമുകന്മാരും ഇടയ്‌ക്കെല്ലാം ഈ നാടുകളിലൂടെ പാട്ടു പാത്തു വന്നു പോകുമ്പോള്‍ പാടുന്ന ഗാനങ്ങള്‍ കേട്ട് നിരാശയും ഗൃഹാതുരതും ഇടകലര്‍ന്ന ഒരു മങ്ങിയ അവസ്ഥയില്‍ എത്തപ്പെട്ടു. പട്ടിണിയാണെങ്കിലും തിരിച്ചു വന്ന് ഉള്ളതു തിന്ന്, ഒരേ പ്രഭാതം ഒരുമിച്ചു കണ്ടൂണര്‍ന്നൂടേ.. എന്ന് തങ്ങളുടെ പ്രാണ പ്രേയസിമാര്‍ ഇത്തരം പാട്ടുകളിലൂടെ ചോദിക്കുന്നത് കേട്ട് പല പുരുഷന്മാരും മാന്‍ഷനുകളിലും ഒറ്റ വാടകമുറികളിലും ഉള്ള എണ്ണയും കറുപ്പും മുഷിഞ്ഞ മണവും കൂട്ടിപ്പൊതിഞ്ഞ കുഞ്ഞു തലയിണകളില്‍ മുഖമമര്‍ത്തി ഏങ്ങിഏങ്ങിക്കരയാറുണ്ടായിരുന്നു. അന്ന് മൊബൈല്‍ അത്ര പ്രചാരത്തില്‍ വന്നിട്ടില്ലാതിരുന്നതുകൊണ്ട് സ്വന്തം കരച്ചില്‍ കൊണ്ടും ഇത്തരം ഗാനങ്ങളും കൊണ്ടല്ലാതെ പിന്നീട് മിസ്ഡ് കോളുകള്‍ ചെയ്തിരുന്ന പ്രവൃത്തി അവര്‍ക്ക് ചെയ്യാനാകുമായിരുന്നില്ല.

1990-ല്‍ പാട്ടു പാത്തു എഴുതിയ “പ്രേമക്കത്ത്”  എന്ന പാട്ട് ഒരുപാടുകാലം വിരഹികളുടെ പ്രാര്‍ത്ഥനാഗാനം തന്നെയായിരുന്നു. 1977-ല്‍ പാലക്കാട്ടുകാരനായ എം.എസ്. ജലീല്‍ എന്ന മാപ്പിളപ്പാട്ടുകാരന്‍ എഴുതി ഈണം കൊടുത്ത, “വമ്പുറ്റ ഹംസാ..” എന്ന രീതിയിലുള്ള, ഒരു കെസ്സു പാട്ടിന്റെ മട്ടില്‍  തന്നെയായിരുന്നു പാത്തുവിന്റെ ഈ കത്തു പാട്ടിന്റേയും  ജനനം.

പ്രേമക്കത്ത്

രീതി-കെസ്സ്
(വമ്പുറ്റ ഹംസാ..)

എത്രയും പ്രാണപ്രിയത്തിലിരിക്കുന്ന
ഭര്‍ത്താവ് വായിക്കുവാന്‍-സ്വന്തം ഭാര്യ
എഴുതുന്നതെന്തെന്നാല്ലേറെപ്പരിശത്തില്‍
ഓതിടുന്നു മിസിംഗ് യൂ..

വീട്ടിലുള്ളോരെല്ലാം ബഹു ബിസിയാണിന്നിവിടെ
എന്നുമെഴുതീടട്ടെ-മറു നാട്ടില്‍
നിങ്ങള്‍ക്കുമതിലേറെ ബിസിയാണെന്നു
കരുതി സന്തോഷിക്കട്ടെ.

എഴുതി അറീക്കുവാന്‍ കാര്യങ്ങള്‍ പലതുണ്ട്
എഴുതുകയല്ലാതെ വേറെന്തു ചോയ്‌സുണ്ട്
എന്‍ ഇമകള്‍ കാട്ടും കഥയുടെ നിറം കണ്ട്
എന്‍ മിസിംഗ് വേദന കാണുവാനാരുണ്ട്
എങ്ങനെ ഞാന്‍ പറയും-എല്ലാം ഓര്‍ത്ത്
എങ്ങനെ ഞാന്‍ കരയും ഈ-ലെറ്ററിന്
ഉടനടി അടിമുടിയൊരു റിപ്ലേ തന്ന്
സങ്കടം മാറ്റീടണേ-എപ്പോഴും
എന്നേയും ഓര്‍ത്തീടണേ….

പലപ്പോഴും ഇടനെഞ്ചു പൊട്ടിപ്പൊടിഞ്ഞേക്കാവുന്ന ആത്മകഥാ ഭാഷണമായി ആ കത്തുകള്‍ പരിണമിച്ചു. തങ്ങളോട് ചോദിക്കാതെ എങ്ങനെ തങ്ങളുടെ കിനാവുകളും അന്തര്‍ദാഹങ്ങളും കാമനകളും പാട്ടു പാത്തു മോഷ്ടിച്ചു കൊണ്ടുപോയി എന്ന് ആ പാട്ട് കേട്ട ഏതൊരു വിരഹിണിയും അല്‍ഭുതപ്പെട്ടുകൊണ്ടിരുന്നു.

എന്ന രീതിയില്‍ പോയ പ്രേമപ്പാട്ട് പലരും കേട്ടു കേട്ടു ഹൃദിസ്ഥമാക്കിക്കഴിഞ്ഞിരുന്നു. ഇതു കേട്ടു അലിഞ്ഞു പാളീസായ ചില കടലാസു ഹൃദയമുള്ള ഭര്‍ത്താക്കന്മാരാകട്ടെ “പൂമകളാണെ ഹുസനുല്‍ ജമാല്‍..” എന്ന രീതിയില്‍

“പ്രേമത്തിലുള്ളോരെഴുത്തു പെട്ടി
ഇന്നു തുറന്നപ്പോള്‍ ലെറ്റര്‍ കിട്ടി
ഓ ഡിയര്‍, നീ നിന്റെ ഹൃദയം പൊട്ടി
എഴുതിയ വാക്കുകള്‍ ഞാന്‍ കണ്ടു ഞെട്ടി! ”

എന്നും മറുപടി ചമച്ച് അതു പാടിച്ച് പാട്ടു പാത്തുവിലൂടെ വിരഹ സംഭാഷണം തുടര്‍ന്നു കൊണ്ടിരുന്നു.

അതിനും പറ്റാത്തവര്‍ പ്രേമ രാജ്യത്തിന് പുറത്ത് പയ്യന്നൂരിനടുത്ത് തായിനേരിയില്‍ സ്റ്റുഡിയോയും  മാപ്പിളപ്പാട്ട് ഓര്‍ക്കസ്ട്രയും നടത്തുന്ന അസീസ് തായിനേരി എന്ന അസീസ്‌ക്കയെ ചെന്നു കണ്ട് തങ്ങളുടെ പരിവേദനങ്ങള്‍ ഏറ്റവും പുതിയ സിനിമാപ്പാട്ടിന്റേയോ മറ്റു ജനപ്രിയ മാപ്പിളപ്പാട്ടുകളുടേയോ ട്യൂണില്‍ കാസറ്റു പാട്ടുകളാക്കി കൂട്ടുകാര്‍ വശം നാട്ടിലേക്ക് കൊടുത്തു വിട്ടിരുന്നു.

രണ്ടാണ്ടുകള്‍ കൂടുമ്പൊഴോ അസുഖം ബാധിക്കുമ്പോഴോ ഈ പ്രവാസികള്‍ പ്രേമത്തിലേക്കും വണ്ടി കയറിയിരുന്നു. അപ്പോഴെല്ലാം തങ്ങള്‍ മുമ്പു കൊടുത്തു വിട്ടിരുന്ന കാസറ്റു പാട്ടുകളെല്ലാം ഗൃഹാതുരതേയാടെ ഈ പുരുഷന്മാര്‍ വീണ്ടും കേട്ട് രസിക്കുമായിരുന്നു.

ഭര്‍ത്താക്കന്മാരെ തിരിച്ചു കിട്ടാനായി കത്തിന്റെ രൂപത്തില്‍ ഒരു സങ്കടപ്പാട്ടു തന്നെ തയ്യാറാക്കണ മെന്നായിരുന്നു അവരുടെ ആവശ്യം.

ഒരുനാള്‍ തെക്കേ പ്രവിശ്യയിലുള്ള ഒരു ഡസന്‍ ഭാര്യമാര്‍ പാട്ടു പാത്തുവിന് അവരെല്ലാം പേരെഴുതി ഒപ്പിട്ട ഒരു മെമ്മോറാണ്ടം അയക്കുകയുണ്ടായി. പ്രേമത്തിനു പുറത്ത് പലയിടങ്ങളിലായി, എത്രയോ വര്‍ഷങ്ങളായി വീട്ടുകാര്‍ക്ക് ഒരു തെളിവും കൊടുക്കാതെ, ഒളിച്ചു താമസിക്കുകയും ചെറുകിട തൊഴിലുകളെടുക്കുകയും ചെയ്യുന്ന തങ്ങളുടെ ഭര്‍ത്താക്കന്മാരെ തിരിച്ചു കിട്ടാനായി കത്തിന്റെ രൂപത്തില്‍ ഒരു സങ്കടപ്പാട്ടു തന്നെ തയ്യാറാക്കണമെന്നായിരുന്നു അവരുടെ ആവശ്യം.

തങ്ങളുടെ പുരുഷമാര്‍ക്ക് ചിലവിനു വേണ്ടത്  തങ്ങള്‍ തന്നെ സമ്പാദിച്ചു നല്‍കാമെന്നും, അതിനായി അപകര്‍ഷതാ ബോധത്തോടെ വേറൊരു നാട്ടില്‍ ജീവിക്കേണ്ടതില്ലെന്നും അവര്‍ വേദനയോടെ അതില്‍ പറയുന്നുണ്ടായിരുന്നു. അതിനെ അധികരിച്ച് പാത്തു എഴുതി പാടിയ കത്തിന് അവിശ്വസനീയമായ ചില പ്രതികരണങ്ങളാണ് ലഭിച്ചത്. തലശ്ശേരി, എന്‍മകജെ, സുല്‍ത്താന്‍ ബത്തേരി, കൊയിലാണ്ടി, കുട്ട, തിരുപൂര്‍, സേലം എന്നിവിടങ്ങളില്‍ നിന്ന് ഈ പാട്ട് കേട്ട കരളുരുകിയ പല ഭര്‍ത്താക്കന്മാരും, വാര്‍ധക്യം വെള്ളപൂശലിനായി  തൊട്ടു മിനുക്കിക്കൊണ്ടിരിക്കുന്ന, ഉടഞ്ഞ തങ്ങളുടെ ശരീരവുമായി വര്‍ഷങ്ങള്‍ക്കു ശേഷം പ്രേമത്തില്‍ തിരിച്ചെത്തി.

ഇതിനിടയ്ക്ക് “പാത്തൂസ് മാല” എന്നൊരു പുസ്തകം വടക്കന്‍ പ്രവിശ്യയിലുളള തീന്‍ മാര്‍ഗിലെ പഴഞ്ചനൊരു പ്രസില്‍ നിന്ന് പാട്ടു പാത്തു അച്ചടിച്ച് പുറത്തിറക്കിയിരുന്നു.

പാത്തു പാത്തു പാത്തു, പാത്തു പാത്തു പാത്തു
പാത്തു പാടി നീട്ടി അരുള്‍ ചെയ്ത വേദാന്തം
ആലം ഉടയവന്‍ തന്ന കൃപയാലെ
ആയേ പാട്ടു പാത്തു അവര്‍കിള ആയോവര്‍.. എന്നായിരുന്നു ആ പുസ്തകം തുടങ്ങിയിരുന്നത്.

എന്നാല്‍ മൂന്നിന്റെ പ്രഖ്യാപനത്തോടെ ഒരു ജിപ്്‌സിയെപ്പോലെ കറങ്ങി നടന്നിരുന്ന പാട്ടു പാത്തു തടവറയ്ക്കകത്താകുകയും അവരുടെ പാട്ടുകള്‍ എവിടെയോ കുഴിച്ചു മുടപ്പെടുകയും ചെയ്്തു.

പാട്ടു പാത്തു അകത്തായതോടെ സന്ദേശ വിനിമയ സാധ്യത അടഞ്ഞു എന്നു മനസ്സിലാക്കിയ ചില ബുദ്ധിമതികള്‍ മറ്റൊരു തന്ത്രം പ്രയോഗിക്കുകയുണ്ടായി.
മധ്യ പ്രവിശ്യയിലെ കനകവല്ലി എന്നൊരു തുന്നല്‍ക്കാരിയായിരുന്നു അതിന് മുന്‍ കൈയെടുത്തത്. പെറ്റിക്കോട്ട് തുന്നാനായി ആരോ തന്നിട്ടു പോയതില്‍ ബാക്കി വന്ന വെള്ളത്തുണിയെടുത്ത് ഒരു തൂവാല വലുപ്പത്തില്‍ മുറിച്ച് അവരിനെ നിറമേറിയ തുന്നുകളാല്‍ ബോര്‍ഡര്‍ കെട്ടി മിനുക്കിയെടുത്തു. മൈസൂരില്‍ പണിയെടുക്കുന്ന തന്റെ ഭര്‍ത്താവിനു മനസ്സിലാകാന്‍ വേണ്ടി ആ തൂവാലയുടെ വക്കില്‍ നീലത്തുന്നലാല്‍ വരച്ചെടുത്ത ഒരു മണ്‍കുടത്തിന്റെ ചിത്രം ചേര്‍ത്തിരുന്നു.

വിവാഹത്തിനു മുമ്പുള്ള അവരുടെ പ്രണയത്തില്‍ നീല നിറമുള്ള കുടത്തിന്  വലിയ സ്ഥാനമുണ്ടായിരുന്നു. ഇത്തരം തൂവാലകള്‍ കൈകള്‍ മാറി മാറി രാജ്യമൊട്ടും സഞ്ചരിച്ചു. ഇതു കയ്യില്‍ വന്നു ചേരുന്ന ഓരോരുത്തരും തങ്ങളുടേതായ ചില വിനിമയ വേലകള്‍ അതില്‍ പതിപ്പിച്ച ശേഷമേ അടുത്തയാളിണ് അത് കൈമാറിയിരുന്നുള്ളൂ. ഒരു തൂവാലയില്‍ ഇങ്ങനെ പലപല അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും നിറഞ്ഞതോടെ അത് കിട്ടുന്ന ആര്‍ക്കും ആ രാജ്യത്തിന്റെ വീര്‍പ്പുമുട്ടലുകളും സങ്കട ഹരജികളും വായിക്കാമെന്ന അവസ്ഥ വന്നു. ചിലപ്പോഴെല്ലാം ഇതു പ്രേമ രാജ്യം വിട്ട് പുറത്ത് സഞ്ചരിക്കുയും കൂടുതല്‍ തുന്നലുകളുമായി തുടങ്ങിയടത്തു തന്നെ തിരിച്ചെത്തുകയും ചെയ്തു. ചിലപ്പോള്‍ ഒരു തൂവാല കൊടുത്തു വിട്ട വീട്ടിലേക്ക് ആഴ്ചകള്‍ കഴിഞ്ഞ് മൂന്നോ-നാലോ തൂവാലകള്‍ കൂട്ടിക്കെട്ടിയ, ഒരു വര്‍ണ സമ്പന്നമായ ഒരു തുണിക്കണ്ടം തന്നെ വന്നുചേരുമായിരുന്നു.

ഒരു സചിത്ര കഥാപുസ്തകത്തില്‍ നിന്നെന്നവണ്ണം ആര്‍ക്കും ഇതില്‍ നിന്ന് മൂന്നിന്റെ കഥകള്‍ വായിച്ചെടുക്കാമായിരുന്നു.

(തുടരും)


മുന്‍ അദ്ധ്യായങ്ങള്‍

പ്രേമം എന്ന രാജ്യത്തെ വായിക്കുന്നതിനു മുമ്പ്…

മൂന്നിനു മുമ്പ്; വി.എച്ച് നിഷാദിന്റെ നോവല്‍ ആരംഭിക്കുന്നു

മൂന്ന് (നോവല്‍), ഒന്നാം ഭാഗം

മൂന്ന് (നോവല്‍), രണ്ടാം ഭാഗം

മൂന്ന് (നോവല്‍), മൂന്നാം ഭാഗം

മൂന്ന് (നോവല്‍),നാലാം ഭാഗം

മൂന്ന് (നോവല്‍), അഞ്ചാം ഭാഗം


We use cookies to give you the best possible experience. Learn more