| Wednesday, 25th July 2012, 12:12 am

മൂന്ന് (നോവല്‍), രണ്ടാം ഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്


വി.എച്ച് നിഷാദിന്റെ നോവല്‍, രണ്ടാം ഭാഗം


നോവല്‍/വി എച്ച് നിഷാദ്

വര/ മജ്‌നി തിരുവങ്ങൂര്‍

The original
sin is to limit the “is”
so, don”t..

-Richard Bach

“മൂന്നിന്റെ ലിസ്റ്റ്” പ്രസിഡന്റ് പുറത്തിറക്കുകയുണ്ടായി. കവികള്‍, കലാകാരന്മാര്‍, അധ്യാപകര്‍, നാടക പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍.. ഇങ്ങനെ ഉള്ളില്‍ അനക്കവും ഇളക്കവുമുള്ള  വിഭാഗത്തില്‍ പെട്ടവരുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു അതില്‍. സര്‍ക്കാരിനെതിരേ എഴുതുകയോ സംസാരിക്കുകയോ ചെയ്യാന്‍ സാധ്യതയുള്ളവരായിരുന്നു ഇക്കൂട്ടര്‍. പൊട്ടന്‍ഷ്യല്‍ റിബല്‍സ്!

പറഞ്ഞില്ലല്ലോ, മൂന്നിന്റെ നിയമങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് അടുത്ത മൂന്നു മാസത്തേക്ക്് ആളുകള്‍  നിറമുള്ളതൊന്നും ധരിക്കാന്‍ പാടില്ലെന്ന ശാസനയാണ്. വര്‍ണങ്ങളെ മുഴുവന്‍ ത്യജിച്ച് കറുത്ത സ്വപ്‌നങ്ങളിലേക്ക് ഒരു ആട്ടിന്‍ പറ്റത്തെപ്പോലെ പ്രേമ രാജ്യത്തിലെ ജനത നടന്നു കയറണം.  മൂന്നിന്റെ കൂടുതല്‍ നിയമങ്ങള്‍ക്കു കാതോര്‍ത്തു കൊണ്ടും മനസിലെ ശീല്‍ക്കാരങ്ങളെ ശമിപ്പിച്ചുകൊണ്ടും രാത്രിയുറക്കങ്ങളിലേക്ക് അവര്‍ കുഴഞ്ഞു വീഴണം. അതായിരുന്നു മൂന്നിന്റെ നാട്ടു നടപ്പ്.
[]
കറുപ്പാണ്  മൂന്നിന്റെ നിറമെന്ന് പ്രസിഡന്റ് സര്‍ക്കുലര്‍ ഇറക്കി. ആളുകള്‍ എഴുതുന്നതെന്തും കറുത്ത മഷിയിലേ ഇനി പാടുള്ളൂ. തെരുവോരത്തെ ഏതു നിറപ്പകിട്ടുള്ള ചുമെരഴുത്തുകളേയും തിരഞ്ഞു പിടിച്ച് കറുപ്പിന്റെ ചായമോ തിരുത്തുകളോ അടിച്ചു വിടാന്‍ ഒരു ദ്രുത കര്‍മ്മസേന തന്നെയുണ്ടായി. താമസിയാതെ കുറഞ്ഞ ദിനങ്ങള്‍ കൊണ്ട് എല്ലാത്തരം ബോര്‍ഡുകളും ബാനറുകളും കറുപ്പിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു. എന്തിന്, ചിലപ്പോള്‍ മുകളിലുള്ള ആകാശം പോലും ആ വിവര്‍ത്തനത്തിന്റെ അവിഹിതമായ പങ്കു പറ്റുകയാണെന്നു തോന്നിപ്പിച്ചു.

രാജ്യത്തിലെ ജനങ്ങള്‍ മൂന്നു ദിവസം കൂടുമ്പോള്‍ കുടിക്കുന്ന ചായയുടെ നിറം പോലും കറുപ്പായിരിക്കണം. മറ്റൊരു നിറത്തിലുള്ള പാനീയങ്ങളും മൂന്നിന്റെ നാളുകളില്‍ രാജ്യത്ത് അനുവദനീയമല്ല.

ഇനി മുതല്‍ എല്ലാ ദിവസവും പൂലര്‍ച്ചെ മൂന്നു മണിക്ക് രാജ്യത്ത് സൈറനുകള്‍ മുഴങ്ങും.

ആ രാജ്യത്തെ ജനങ്ങള്‍ക്കതറിയാം. ഒന്നിനു പിറകെ ഒന്നായി ചീവീടുകളുടെ തീരാവിലാപം പോലെ മൂന്നു സൈറനുകള്‍ അപായ സൂചനയില്‍ ഝടുതിയില്‍ മുഴങ്ങുമ്പോള്‍, അതു കഴിഞ്ഞ് ടെലിവിഷന്‍ കേന്ദ്രത്തില്‍ ആ ദിവസത്തെ ആദ്യ സംപ്രേക്ഷണം തുടങ്ങുമ്പോള്‍ ഏവരും ഉണര്‍ന്നിരിക്കണം. കുഴയുന്ന കാലുകളും  അനുസരണയില്ലാത്ത കണ്ണുകളുമായി ഉറക്കത്തിന്റേയും ഉണര്‍വിന്റേയും പാതി മുരള്‍ച്ചയില്‍ ഏവരും തങ്ങളുടെ ടെലിവിഷനെ ലാക്കാക്കി നീങ്ങുമ്പോള്‍ ടെലിവിഷനില്‍ പ്രസിഡന്റിന്റെ സംതൃപ്തി വിരിയാത്ത മുഖം തെളിയും. പിന്നീടുള്ള ഒരു മണിക്കൂര്‍ നേരം മൂന്നിന്റെ നിലവിലുള്ള നിയമങ്ങളെപ്പറ്റിയും ഇനി നടപ്പിലാക്കാന്‍ പോകുന്ന നിയമങ്ങളെപ്പറ്റിയും  ഊര്‍ജ്ജസ്വലതേയാടെ ക്ലാസെടുക്കും പ്രസിഡന്റ്. ഏവരും അതു കേട്ടേ പറ്റൂ. രാജ്യസുരക്ഷയ്ക്ക് അത് ഒഴിച്ചു കൂടാനാവാത്തത്്. രാജ്യ സ്‌നേഹ വിശകലനത്തിന് അത് മികച്ച അവസരം.

എല്ലാ വീട്ടുകാരും ഈ നിയമം  പാലിക്കുന്നുണ്ടോ എന്നറിയാന്‍ ആ ദിവസങ്ങളിലെല്ലാം രഹസ്യപ്പോലീസുകാര്‍ പുലര്‍ച്ചകളില്‍ രാജ്യമെങ്ങും വട്ടം ചുറ്റിയിരുന്നു. നേരത്തേ എഴുന്നേറ്റ് ടെലിവിഷന് മുഖം കൊടുക്കാത്തവര്‍ എവിടേയും  അറസ്റ്റ് ചെയ്യപ്പെട്ടു. മിക്കപ്പോഴും പുലര്‍ച്ചയിലെ രതിസംഗമം കഴിഞ്ഞ് തളര്‍ന്നുറങ്ങിപ്പോയ ദമ്പതികളായിരുന്നു പിടിപ്പെട്ടത്. എന്തെന്നാല്‍, ലൈംഗികതയ്ക്ക് മൂന്നിന്റെ നിയമങ്ങളില്‍ ഒരു ഇളവും നല്‍കാനില്ലായിരുന്നു.

ദമ്പതികള്‍ തമ്മിലുള്ള രതി പോലും ആഴ്ചയില്‍ മൂന്നാക്കി ചുരുക്കിയിരുന്നു. അതു പാലിക്കുന്നുണ്ടോ എന്ന് കൃത്യമായി നിരീക്ഷിക്കപ്പെട്ടു. ഇടയ്ക്കിടയ്ക്ക് വീടുകള്‍ സന്ദര്‍ശിക്കുന്ന പട്ടാളക്കാര്‍ക്കു മുന്നില്‍ തങ്ങള്‍ ആ ആഴ്ചയില്‍ നടത്തിയ രതി സംഗമങ്ങളുടെ കണക്കുകള്‍ നാണമില്ലാതെ പറയാന്‍ ഏവരും നിര്‍ബന്ധിതരായി. അത് ഓരോ വ്യക്തിക്കുമായി മൂന്നിന്റെ കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന കാര്‍ഡില്‍ അപ്പപ്പോള്‍ രേഖപ്പെടുത്തപ്പെട്ടു. അവിവാഹിതരായ യുവതീ-യുവാക്കള്‍ക്ക് ആഴ്ചയില്‍ മൂന്നു വട്ടമേ സ്വയം ഭോഗം അനുവദിച്ചിരുന്നുള്ളൂ. അതിന്റെ കണക്കുകളും ബോധിപ്പിക്കേണ്ടതുണ്ടായിരുന്നു.

അതേസമയം, അഭിസാരികളായിരുന്നു ഇക്കൂട്ടത്തില്‍ ഏറ്റവും കഷ്ടപ്പെട്ടു പോയത്. ലൈംഗിക വൃത്തി ആദ്യം നിരോധിച്ച ഭരണകൂടം, തൊട്ടടുത്ത ദിവസം തന്നെ അതിന് ഭേദഗതി വരുത്തി. അതു പ്രകാരം മൂന്നിന്റെ കാലത്ത് അഭിസാരികമാര്‍ക്ക് പ്രസിഡന്റിന്റെ ഒപ്പുമായി വരുന്ന പട്ടാളക്കാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം. അതു മാത്രമല്ല, മൂന്നിന്റെ കാലത്ത് ഒരേ സമയം മൂന്ന് പട്ടാളക്കാരെ അവര്‍ സ്വീകരിക്കേണ്ടതുമുണ്ട്.

എന്തെന്നാല്‍, ലൈംഗികതയ്ക്ക് മൂന്നിന്റെ നിയമങ്ങളില്‍ ഒരു ഇളവും നല്‍കാനില്ലായിരുന്നു

മൂന്നു പ്രഖ്യാപിച്ചു കഴിഞ്ഞാലുടന്‍ രാജ്യത്തെ ആളുകള്‍ മുഴുവന്‍ തങ്ങളുടെ ധാന്യങ്ങളും ആഹാരസാധനങ്ങളും സര്‍ക്കാര്‍ ഖജനാവിലേക്ക്് കൈമാറണമെന്ന നിബന്ധനയുണ്ട്.  ഒരു തരി പോലും പൂഴ്ത്തി വെക്കുന്നത് രാജ്യ ദ്രോഹപരമാണ്. പൊതുജനങ്ങള്‍ക്കായി മൂന്നു ദിവസം കൂടുമ്പോള്‍ പട്ടാളക്കാര്‍  റേഷന്‍ ഭക്ഷണം വിതരണം ചെയ്തു പോന്നു. മിക്കവാറും റൊട്ടികളായിരുന്നു ആ വിശപ്പു മൂടല്‍പ്പങ്ക് നിര്‍വഹിച്ചിരുന്നത്. കറുപ്പ് തുളകള്‍ വീണ റൊട്ടികളില്‍, ഗോതമ്പിന്റെ, കോലമില്ലാത്ത ആ വിയര്‍പ്പു  വൃത്തങ്ങളില്‍ തീരാത്ത വിശപ്പിനെ കുഴിച്ചു മൂടണമായിരുന്നു ഒരു ജനതയ്ക്ക്.

എന്നാല്‍ മൂന്നിന്റെ നിയമങ്ങളില്‍ ഏറ്റവും കഠിനം  അവസാനത്തേതായിരുന്നു –
അതു കേള്‍ക്കാന്‍ പോലും ജനങ്ങള്‍ ഭയപ്പെട്ടു.

ഓരോ വീട്ടിലേയും മൂന്നാമത്തെ ആണ്‍തരി മൂന്നു പ്രഖ്യാപിക്കുന്നതോടെ സര്‍ക്കാരിനു സ്വന്തമായി മാറി. അവന്  പ്രത്യേക തരം യൂണിഫോമുകള്‍ കൊടുത്ത്് “ലിറ്റില്‍ ആര്‍മി” എന്ന അടിയന്തര സേനയെ പ്രസിഡന്റ് വാര്‍ത്തെടുത്തിരുന്നു. രഹസ്യപ്പോലീസുകാര്‍ക്ക് റോന്തു ചുറ്റാനാവാത്ത ഇടങ്ങളില്‍ മൂന്നു ദിവസത്തെ ഡെപ്യൂട്ടേഷനില്‍ ഇന്‍ഫോര്‍മര്‍മാരായും ഇത്തരം കുട്ടിപ്പട്ടാളക്കാര്‍ നിയമിക്കപ്പെട്ടു.

ഇനി മുതല്‍ എല്ലാ ദിവസവും പൂലര്‍ച്ചെ മൂന്നു മണിക്ക് രാജ്യത്ത് സൈറനുകള്‍ മുഴങ്ങും

മൂന്നൂ പ്രഖ്യാപിച്ചു താമസിയാതെ  തന്നെ, തന്റെ ദൈനംദിന പ്രഭാത സംപ്രേക്ഷങ്ങള്‍ക്കിടയില്‍ “മൂന്നിന്റെ ലിസ്റ്റ്” പ്രസിഡന്റ് പുറത്തിറക്കുകയുണ്ടായി. കവികള്‍, കലാകാരന്മാര്‍, അധ്യാപകര്‍, നാടക പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍.. ഇങ്ങനെ ഉള്ളില്‍ അനക്കവും ഇളക്കവുമുള്ള  വിഭാഗത്തില്‍ പെട്ടവരുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു അതില്‍. സര്‍ക്കാരിനെതിരേ എഴുതുകയോ സംസാരിക്കുകയോ ചെയ്യാന്‍ സാധ്യതയുള്ളവരായിരുന്നു ഇക്കൂട്ടര്‍. പൊട്ടന്‍ഷ്യല്‍ റിബല്‍സ്!

ഏതു മെറ്റല്‍ ഡിറ്റക്ടറുകള്‍ വച്ചു പരിശോധിച്ചാലും വാക്കുകളില്‍ ഒളിച്ചു വെച്ച് സമരത്തിന്റെ അഗ്‌നി അവര്‍ കടത്തിക്കൊണ്ടു പോയാലോ, അത് അശാന്തമായ നഗരത്തിലേക്കും ജനങ്ങളുടെ ധിഷണകളിലേക്കും വിത്തു പോലെ  അവര്‍ വിതറിയാലോ എന്ന് ഭരണകൂടം ഭയപ്പെട്ടിരുന്നു.അതിനാല്‍ മൂന്നിന്റെ ലിസ്റ്റില്‍ പെടുത്തിയ എല്ലാ മനുഷ്യരും താമസിയാതെ ഹൗസ് അറസ്റ്റിലായി.

കൂടുതല്‍ അപകടകാരിയായ മുപ്പതു പേരെ  തെരഞ്ഞു പിടിച്ച് രഹസ്യപ്പോലീസ് ഒരു ട്രക്കില്‍ കയറ്റി ദൂരെ എങ്ങോട്ടോ അയക്കുകയായിരുന്നു ചെയ്തത്.

അങ്ങനെ ചുരുക്കത്തില്‍,  മൂന്നു പ്രഖ്യാപിച്ചതോടെ മൂന്നില്‍ മാത്രം ജീവിക്കുന്ന ഒരു നാടായി പ്രേമം എന്ന രാജ്യം.

ഇനി ഇവിടെ ജീവിതം എന്നത് മൂന്നില്‍ നിന്ന് മൂന്നിലേക്കുള്ള ഓട്ടങ്ങളാകുന്നു.  നിയമങ്ങള്‍ എല്ലാം മൂന്നിന്റെ ഗുണിതങ്ങള്‍.  ബാക്കിയെല്ലാം തീര്‍ത്തും അപ്രസക്തം.

എന്നാല്‍ മൂന്നിന്റെ നിയമങ്ങളില്‍ ഏറ്റവും കഠിനം  അവസാനത്തേതായിരുന്നു –
അതു കേള്‍ക്കാന്‍ പോലും ജനങ്ങള്‍ ഭയപ്പെട്ടു. അതു പ്രകാരം ഇനി വരുന്ന മൂന്നു മാസത്തേക്ക് ഇവിടത്തെ ജനങ്ങള്‍ ഒരേ സമയം മൂന്നില്‍ കൂടുതല്‍ വാക്കുകള്‍ ഒരുമിച്ച് ഉച്ചരിക്കാന്‍  പാടില്ല. മൂന്നേ മൂന്ന് വാക്കുകള്‍!


മുന്‍ അദ്ധ്യായങ്ങള്‍

പ്രേമം എന്ന രാജ്യത്തെ വായിക്കുന്നതിനു മുമ്പ്…

മൂന്നിനു മുമ്പ്; വി.എച്ച് നിഷാദിന്റെ നോവല്‍ ആരംഭിക്കുന്നു

മൂന്ന് (നോവല്‍), ഒന്നാം ഭാഗം


Latest Stories

We use cookies to give you the best possible experience. Learn more