വി.എച്ച് നിഷാദിന്റെ നോവല്‍, അഞ്ചാം ഭാഗം
നോവല്‍/വി എച്ച് നിഷാദ്
വര/ മജ്‌നി തിരുവങ്ങൂര്‍
Last Night
An Ash tree
was
About to
Tell me something..
But, didn”t..(Octavio Paz / Distant Neighbour)
പത്തു ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും മൂന്നിന്റെ നിയമങ്ങള്‍ അതിലും കഠിനമായി. ഓര്‍ക്കാതെ നിയമങ്ങള്‍ ലംഘിച്ച പലരും അറസ്റ്റിലോ തടങ്കലിലോ ആയി. അവരില്‍ പലരും തങ്ങള്‍ അറിയാത്ത കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവരായിരുന്നു. അതില്‍ ചിലരുടെ കഥ ഇവിടെ ഇനി പറയേണ്ടിയിരിക്കുന്നു..[]
ഒന്ന്, അന്ധഗായകന്റെ കഥ
മൂന്ന് പ്രഖ്യാപിച്ചതുമുതല്‍ അന്ധഗായകന്‍ പട്ടിണിയിലായിരുന്നു. തന്റെ ചോറ്റു പാത്രത്തിനകത്തുണ്ടായിരുന്ന ഉണങ്ങിയ രണ്ട് ചപ്പാത്തികള്‍ വീതം കഴിച്ചുകഴിച്ച് അയാള്‍ മൂന്നു ദിവസം കഴിച്ചുകൂട്ടി.
മൂന്നാം ദിവസമായപ്പോഴേക്കും ചപ്പാത്തിയുടെ ശേഷിച്ച തുണ്ട് ഒരു പ്ലാസ്റ്റിക്ക് ചീളുപോലെ ഉറച്ചു പോയിരുന്നു. കടിച്ചപ്പോഴെല്ലാം അന്ധഗായകന്റെ പല്ലില്ലാത്ത നൊണ്ണില്‍ തട്ടി അതില്‍ ചോര കലര്‍ന്നു. വിരലില്‍ ചോര പറ്റുന്നത് അറിഞ്ഞു കൊണ്ട് അപ്പോള്‍ ഒരു തത്വജ്ഞാനിക്ക് മാത്രം സാധ്യമായ വിവേകത്തോടെ അയാള്‍ പറഞ്ഞു-
“കെടുതി, ഹോ അത് ഒരു യുദ്ധത്തിനുമാത്രം സാധ്യമായത് അതില്ലാതെ തന്നെ നടപ്പിലാക്കുന്നു.” ശേഷം അയാള്‍ പച്ച വെള്ളത്തില്‍ ആ ചപ്പാത്തിക്കഷണം കുതിര്‍ത്ത് അത് ഭക്ഷ്യയോഗ്യമാക്കി.
“ഓ…കാദര്‍ ..”
അയാള്‍ അവരെ തിരിച്ചറിഞ്ഞു.
കൂടെ മുടന്തന്‍ റാഫേലുമുണ്ട്.
നമ്മുടെ അന്ധഗായകനെപ്പോലെ തന്നെ അന്ധരും തെരുവു ഗായകരുമായിരുന്നു ആ രണ്ടുപേരും.
നേത്രങ്ങള്‍ക്കുമേല്‍ പാടയിട്ട തമസ്സിനെ സംഗീതം കൊണ്ട് ഉരുക്കി അലിയിച്ച് കളയുന്നവരായിരുന്നു ആ മനുഷ്യരെല്ലാം.
ദൈവമുമായി നേരിട്ട് ചില ഇടപാടുകള്‍ നടത്തുന്നവര്‍.
പിന്നീട് ഒന്നൊന്നായി പരസ്പരം പിന്നില്‍ തൊട്ടുകൊണ്ട്, ചില സിനിമകളില്‍ കാണുന്ന അവസാന ദൃശ്യം പോലെ അവര്‍ മൂവരും മുന്നോട്ടു നടന്നു.
“ഞാനിതുവഴി പോകുന്നുണ്ടെന്ന് എങ്ങനെ നീ അറിഞ്ഞു? ”
ഔസേപ്പ് ആരാഞ്ഞു.
“ചേറുപുരണ്ട നിങ്ങളുടെ മണമെനിക്കു കിട്ടി.”
-കാദര്‍ പറഞ്ഞു.
റൊട്ടി വിതരണം ചെയ്യുന്ന ഇടം ലാക്കാക്കി അവര്‍ കഷ്ടിച്ച് ഒരു നാലടി വെച്ചുകാണും. ഏതോ പ്രകടനക്കാരാണ് അതെന്ന് തെറ്റിദ്ധരിച്ച ആര്‍മി പെട്ടെന്ന് ആ അന്ധഗായകരെ വളയുകയായിരുന്നു. താമസിയാതെ അവര്‍ കസ്റ്റഡിയിലെടുക്കപ്പെട്ടു.
രണ്ട്, പാട്ടു പാത്തുവിന്റെ കഥ.
പ്രേമത്തിന്റെ വടക്കന്‍ പ്രവിശ്യയില്‍ വളരെ പ്രശസ്തയായിരുന്നു പാട്ടു പാത്തു. അവിവാഹിതയായ ഒരു മധ്യ വയസ്‌കയായിരുന്നു അവര്‍. പാട്ടുകളായിരുന്നു അവരുടെ ശബ്ദം. ആ പാട്ടുകളില്‍ മരുന്നുകുപ്പികളിലെന്ന പോലെ ഒഴിച്ചുവെച്ച ജീവിത കഥകളിലായിരുന്നു അവര്‍ക്ക് കമ്പം. സങ്കടങ്ങള്‍ നിറച്ചു വെക്കുന്ന ആത്മാലാപനങ്ങള്‍ കൊണ്ട് ജീവീതം ആഘോഷിക്കുന്ന ഒരു പാവം സ്ത്രീ. അതായിരുന്നു പാത്തു.
ഒരു ജിപ്‌സിയെപ്പോലെ അവര്‍ എന്നും സഞ്ചരിച്ചു കൊണ്ടിരുന്നു. ഒരു ഭൂവിഭാഗത്തുനിന്ന് മറ്റൊരു ഭൂവിഭാഗത്തേക്ക്. ഒരു കൂട്ടം ജനങ്ങളില്‍ നിന്ന് മറ്റൊരു വര്‍ഗം ജീവിതങ്ങളിലേക്ക്. ഒരു തുടര്‍ച്ചയില്‍ നിന്ന് മറ്റൊരു തുടര്‍ച്ചയിലേക്ക്.
ആ യാത്രകളിലെല്ലാം അവര്‍ തന്റെ പാട്ടുകളെ കുഞ്ഞു പൈതങ്ങളെപ്പോലെ ഒക്കത്ത് ഏറിക്കൊണ്ടു നടന്നു. തന്റെ കണ്ഠത്തിനുചുറ്റും പട്ടുറുമാല്‍ പോലെ അവയെ അവള്‍ ചൂറ്റിയിട്ടു.
ആ യാത്രകളിലെല്ലാം അവര്‍ തന്റെ പാട്ടുകളെ കുഞ്ഞു പൈതങ്ങളെപ്പോലെ ഒക്കത്ത് ഏറിക്കൊണ്ടു നടന്നു. തന്റെ കണ്ഠത്തിനുചുറ്റും പട്ടുറുമാല്‍ പോലെ അവയെ അവള്‍ ചൂറ്റിയിട്ടു.
പാട്ടു പാത്തുവിന്റെ ഓരോ പാട്ടുകളും ഓരോ ദേശത്തിന്റെ കഥകള്‍ പറഞ്ഞിരുന്നു. വിഭാര്യരായിക്കഴിയുന്ന പട്ടാളക്കാരുടെ സങ്കടങ്ങള്‍, മടങ്ങിവരാത്ത ഭര്‍ത്താക്കന്മാരെക്കുറിച്ചുള്ള ഭാര്യമാരുടെ നിവേദനങ്ങള്‍, ചില ദേശങ്ങളുടെ നെഞ്ചുരുകും വര്‍ത്തമാനങ്ങള്‍, പുതിയ മരണങ്ങള്‍, വിശേഷങ്ങള്‍… ഇങ്ങനെ നാക്കില്ലാതിരുന്ന പല വര്‍ത്തമാനങ്ങളും പാട്ടു പാത്തുവിന്റെ ശീലുകളില്‍ സ്ഥിരതാമസക്കാരായി.
ഒരു കത്ത് പറയുന്നതിനേക്കാളും വിശേഷം പറയാന്‍ പാട്ടു പാത്തുവിന്റെ ഗാനങ്ങള്‍ക്കാകും. പലരും കഠിനമായി അങ്ങനെ വിശ്വസിച്ചിരുന്നു അക്കാലത്ത്.
പ്രേമം എന്ന രാജ്യമൊട്ടാകെ അവര്‍ പാട്ടുകളുമായി ചുറ്റിക്കറങ്ങിയിരുന്നു. എന്നാല്‍ മൂന്ന് പ്രഖ്യാപിച്ച് ഏറെക്കഴിയും മുമ്പ് രഹസ്യപ്പോലീസ് കൊടുത്ത റിപ്പോര്‍ട്ടിനുമേല്‍ പാട്ടു പാത്തുവിനെ എവിടെയോ വെച്ച് പൊലീസ് അറസ്റ്റുചെയ്തു. അവരെ, അവരുടെ ദേശങ്ങള്‍ സഞ്ചരിക്കും പാട്ടുകളെ, അത്രയേറെ ഭയപ്പെട്ടിരുന്നു പ്രേമത്തിന്റെ ഭരണകൂടം .
മൂന്ന്, ഭ്രാന്തന്‍ ഉറൂളൂസിന്റെ കഥ
ഉറുളൂസിന് ഭ്രാന്തുണ്ടായിരുന്നോ ഇല്ലയോ എന്ന കാര്യത്തില്‍ ഇന്നും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അയാളെക്കുറിച്ച് ആര്‍ക്കും മുഷിവില്ലാത്ത ഒരു സത്യം അയാളുടെ സത്യസന്ധത തന്നെയായിരുന്നു. വ്യക്തിഗതമായ ഒരു നേട്ടത്തിനു വേണ്ടിയാണെങ്കില്‍ പോലും ജീവിതത്തില്‍ നുണ പറയുകയില്ലായിരുന്നു ഉറുളൂസ്.
രാജ്യത്ത് മൂന്ന് പ്രഖ്യാപിച്ചതറിഞ്ഞ് ഉറുളൂസ് ആദ്യം പറഞ്ഞതും “ഓ, ഓര്ക്ക് പിരാന്താണ് ..”എന്നാണ്. ഇതിലെ “ഓര്” സര്‍ക്കാരിനെ ഉദ്ദേശിച്ചു പറഞ്ഞതാണ് എന്നതാണ് രഹസ്യപ്പോലീസിന്റെ റിപ്പോര്‍ട്ട്. ഒരു ദിവസം സന്ധ്യാനേരത്ത് അയാളുടെ ഗ്രാമത്തില്‍ വെച്ച് ഉറുളൂസിനെ പൊലീസ് അറസ്റ്റുചെയ്തു.
നാല്, കുട്ടിയുടെ കഥ
ഇത് ആ കുട്ടിയുടെ കഥയാണ്. പത്തുവയസ്സുകാരന്‍ പയ്യന്‍. തിരക്കിനിടയില്‍ അവന്റെ പേര് അന്വേഷിക്കാന്‍ വിട്ടുപോയി, ക്ഷമിക്കൂ. അല്ലെങ്കില്‍ നോക്കൂ, അതിപ്പോള്‍ കിട്ടിയിരിക്കുന്നു- അജ്മല്‍. അതാണവന്റെ പേര്. നല്ല മിടുക്കനായ കുട്ടി.
വളരെ ചെറുപ്പത്തിലേ തന്നെ അവന്റെ തലയ്ക്കുള്ളില്‍ പ്രായത്തിനും കവിഞ്ഞ ചിന്തകള്‍ ഒരു തേനീച്ചക്കൂട്ടിലെന്ന വണ്ണം വാസമുറപ്പിച്ചിരുന്നു. ഒരു ദിവസം സൂര്യന് പടിഞ്ഞാറ് ഉദിച്ചാലെന്താണ്, ഒരോ കൈപ്പത്തിക്കും എന്തിനാണ് അഞ്ച് വിരലുകള്‍-മൂന്നെണ്ണം പോരേ, ഈ പെണ്ണുങ്ങള്‍ക്കുമാത്രം എന്തിനാണ് ഇത്ര നീണ്ട മുടി, മരങ്ങള്‍ക്ക് കീഴോട്ടു വളര്‍ന്നാലെന്താ-നല്ല മണ്ണല്ലേ ഉള്ളത്.. തുടങ്ങിയ ഘടാഘടിയന്‍ ചോദ്യങ്ങള്‍ തന്റെ രസനയില്‍ തുപ്പല്‍ നനച്ച് അവന്‍ എപ്പോഴും ധാരാളമായി തയ്യാറാക്കി വെച്ചിരുന്നു.
അപ്പോഴാണ് രാജ്യത്ത് മൂന്ന് പ്രഖാപിക്കുന്നതും അതിന്റെ ഏറ്റവും പുതിയ നിയമം പ്രസിഡന്റ് ഉത്തരവിട്ടിറക്കുന്നതും. ആ നിയമം പറയുന്നതെന്തെന്നാല്‍-
താമസിയാതെ അത്തരം ഐഡന്റിറ്റി കാര്‍ഡുകള്‍ സര്‍ക്കാര്‍ രാജ്യമെങ്ങും വിതരണം ചെയ്തു. ഇതോര്‍ക്കാതെ പരസ്പരം പേരുവിളിച്ച സുഹൃത്തുക്കളും
ബന്ധുക്കളുമെല്ലാം എവിടെയെല്ലാമോ അറസ്റ്റിലാവുകയും ചെയ്തു.
“എന്ത് പൊട്ട നിയമാ , ഉപ്പാവേ ഇത്..”എന്നതായിരുന്നു അജ്മല്‍ എന്ന പത്തുവയസ്സുകാരന്‍ ചോദിച്ച ചോദ്യം. അതോടെ അവനും അറസ്റ്റിലായി.
(തുടരും)