കൊറോണ വൈറസ് മിനുസമുള്ള പ്രതലങ്ങളില്‍ നിലനില്‍ക്കുക 28 ദിവസം; പുതിയ പഠനം പുറത്ത്
World News
കൊറോണ വൈറസ് മിനുസമുള്ള പ്രതലങ്ങളില്‍ നിലനില്‍ക്കുക 28 ദിവസം; പുതിയ പഠനം പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th October 2020, 10:18 am

സിഡ്‌നി: കൊവിഡ്-19 നു കാരണാവുന്ന നോവല്‍ കൊറോണ വൈറസിനെ സംബന്ധിച്ച് പുതിയ പഠനം പുറത്ത്. ഗ്ലാസുകള്‍, സ്റ്റെയിന്‍ ലെസ് സ്റ്റീല്‍ തുടങ്ങിയ മിനുസമുള്ള പ്രതലങ്ങളില്‍ 28 ദിവസം കൊറോണ വൈറസ് നിലനില്‍ക്കും എന്നാണ് പുതിയ പഠനം.

ഓസ്‌ട്രേലിയന്‍ നാഷണല്‍ സയന്‍സ് ഏജന്‍സി നടത്തിയ പഠനത്തിലാണ് കണ്ടുപിടുത്തം. 20 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ കൊറോണ വൈറസ് 28 ദിവസം വരെ നിലനില്‍ക്കും. 20, 30, 40 ഡിഗ്രി സെല്‍ഷ്യസുകളില്‍ വൈറസിന്റെ ദൈര്‍ഘ്യത്തെക്കുറിച്ച് നടത്തിയ പഠനത്തില്‍ കുറഞ്ഞ താപനിലയില്‍ വൈറസ് കൂടുതല്‍ സമയം നിലനില്‍ക്കുമെന്നും ഒപ്പം പരുക്കന്‍ പ്രതലങ്ങളില്‍ വൈറസ് കൂടുതല്‍ സമയം അതിജീവിക്കില്ലെന്നും കണ്ടെത്തി. കോട്ടന്‍ വസ്ത്രങ്ങള്‍, പേപ്പര്‍ കറന്‍സി എന്നിവയില്‍ കൊറോണ വൈറസ് കൂടുതല്‍ സമയം നിലനില്‍ക്കുന്നില്ല.

കൂടെക്കൂടെ കൈകളും ഗ്ലാസുകളും മൊബൈല്‍ കവറുകളും മറ്റും സാനിറ്റൈസ് ചെയ്യണമെന്ന് പഠനത്തില്‍ പറയുന്നു. കൊവിഡ്-19 നെ പ്രതിരോധിക്കുന്നതില്‍ ഓസ്‌ട്രേലിയ മറ്റു രാജ്യങ്ങളേക്കാള്‍ മുന്നിലാണ് നിലവില്‍. 27000 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. 898 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് പുതിയ പഠനം. ലോകജനസംഖ്യയില്‍ പത്തിലൊരാള്‍ക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനകം മൂന്നര കോടി ജനങ്ങളെയാണ് കൊവിഡ് ബാധിച്ചത്.

എന്നാല്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടാകാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 80 കോടിയോളം ജനങ്ങള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

10 ലക്ഷത്തിലേറെ ആളുകള്‍ ഇതിനകം രോഗബാധിതരായി മരിച്ചിട്ടുണ്ട്. രോഗ വ്യാപനം ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Novel coronavirus can last 28 days on glass, currency, Australian study finds