ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന്റെ ആവേശത്തിനൊപ്പമോ അതിനേക്കാളോ ആവേശോജ്ജ്വലമായിരുന്നു വിംബിള്‍ഡണ്‍ ഫൈനല്‍. ലോക ടെന്നീസിലെ ഏറ്റവും മികച്ച രണ്ട് താരങ്ങള്‍ തങ്ങളുടെ കഴിവ് മുഴുവന്‍ പുറത്തെടുത്തപ്പോള്‍ ലോക ഒന്നാം നമ്പറിനൊപ്പം വിജയം നിന്നു.
സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ചും സ്വിസ് താരം റോജര്‍ ഫെഡററും ഇഞ്ചോടിഞ്ച് ഏറ്റുമുട്ടിയ മത്സരത്തിനൊടുവില്‍ തന്റെ അഞ്ചാം കിരീടം സ്വന്തമാക്കുകയായിരുന്നു ദ്യോക്കോവിച്ച്. നാലുമണിക്കൂര്‍ 55 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിലെ അവസാന സെറ്റ് ഒരുമണിക്കൂര്‍ 50 മിനിറ്റ് നീണ്ടുനിന്നു.
എട്ടുതവണ കിരീടം നേടിയ 37-കാരനായ ഫെഡറര്‍ മത്സരത്തിലുടനീളം തന്റെ പ്രായത്തിന്റെ ആധിക്യം തെല്ലുപോലും പ്രകടിപ്പിച്ചില്ല.
ഇരുവരും ഇതിനുമുന്‍പ് ഏറ്റുമുട്ടിയ മൂന്നാമത്തെ പ്രധാന മത്സരമായിരുന്നു ഇത്. മുന്‍പ് 2010-ല്‍ നടന്ന യു.എസ് ഓപ്പണ്‍ സെമിയിലും 2011-ലെ യു.എസ് ഓപ്പണ്‍ സെമിയിലും വിജയം ദ്യോക്കോവിച്ചിനൊപ്പമായിരുന്നു.
ഒരേ ടൂര്‍ണമെന്റില്‍ റാഫേല്‍ നദാലിനെയും ദ്യോക്കോവിച്ചിനെയും പരാജയപ്പെടുത്തുന്ന രണ്ടാമത്തെ താരമാകുക എന്ന റെക്കോഡ് നേടാനും ഫെഡറര്‍ക്കായില്ല. 2014-ല്‍ സ്റ്റാന്‍ വാവ്‌റിങ്കയ്ക്കാണ് നിലവില്‍ ഈ റെക്കോഡുള്ളത്.
നദാലിനെ തോല്‍പ്പിച്ചാണ് ഫെഡറര്‍ ഫൈനലില്‍ക്കടന്നത്. ദ്യോക്കോവിച്ച് സ്പാനിഷ് താരം റോബര്‍ട്ടോ ബാറ്റിസ്റ്റ അഗട്ടിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തി ഫൈനലില്‍ക്കടന്നത്.