| Tuesday, 23rd June 2020, 7:34 pm

മുന്‍കരുതലില്ലാതെ ടെന്നീസ് മത്സരം സംഘടിപ്പിച്ചു; പിന്നാലെ ജ്യോകോവിച്ചിന് കൊവിഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജ്യോകോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക പ്രസ്താവനയിലൂടെ ജ്യോകോവിച്ച് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബെല്‍ഗ്രേഡില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്.

അടുത്തിടെ സെര്‍ബിയയലും ക്രൊയോഷ്യയിലും നടന്ന പ്രദര്‍ശന മത്സരങ്ങള്‍ക്ക് ജ്യോകോവിച്ച് ആയിരുന്നു സംഘാടനം നടത്തിയത്. ഈ മത്സരത്തില്‍ പങ്കെടുത്തതിനു ശേഷം കൊവിഡ് സ്ഥിരീകരിച്ച നാലാമത്തെയാളാണ് ജ്യോകോവിച്ച്.

കൊവിഡ് സുരക്ഷാ മുന്‍കരുതലില്ലാതെ സെര്‍ബിയയലും ക്രൊയേഷ്യയിലെയും ജ്യോകോവിച്ച് സംഘടിപ്പിച്ച പ്രദര്‍ശന മത്സരങ്ങള്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. കൊവിഡ് വ്യാപനത്തിനിടെ മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള കളിക്കാരെ പങ്കെടുപ്പിച്ച് നടത്തിയ മത്സരം നിരവധി വിമര്‍ശനത്തിന് ഇടവെച്ചിരുന്നു.

നേരത്തെ വിദേശ യാത്ര നടത്തണമെങ്കില്‍ ഭാവിയില്‍ കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നതിനെ താനംഗീകരിക്കില്ല എന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. ജ്യോകോവിച്ചിനൊപ്പം ടൂര്‍ണമെന്റില്‍ പങ്കെടുത്ത മറ്റൊരു സെര്‍ബിയന്‍ താരമായ വിക്ടര്‍ ട്രോയിക്കിക്കും ഗര്‍ഭിണിയായ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more