പാരീസില്‍ നടന്ന 2023 ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രധാന അതിഥികളിലൊരാളായി ടെന്നീസ് ഇതിഹാസം നൊവാക്ക് ദ്യോക്കോവിച്ച് എത്തിയിരുന്നു. ദ്യോക്കോവിച്ചും പ്രമുഖ യൂട്യൂബര്‍ ഐഷോസ്പീഡും തമ്മില്‍ നടന്ന രസകരമായ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണിപ്പോള്‍.
അവാര്‍ഡ് ദാന ചടങ്ങിനിടെ ഐഷോസ്പീഡ് താരങ്ങളില്‍ ഓരോരുത്തരോടും ഇടപഴകുന്നതിനിടയിലാണ് ദ്യോക്കോവിച്ചിന്റെ വരവ്. അദ്ദേഹത്തെ കണ്ടതും നിങ്ങളാരാണെന്നും നല്ല പരിചയമുള്ളയാളെപ്പോലെ ഉണ്ടല്ലോയെന്നും ഐഷോസ്പീഡ് ചോദിക്കുന്നുണ്ട്.
താന്‍ എ.സി മിലാന്റെ പുതിയ താരമാണെന്നാണ് ദ്യോക്കോവിച്ച് തമാശയോടെ മറുപടി നല്‍കിയത്. താന്‍ ഇതുവരെ കളിച്ചിട്ടില്ലെന്നും പക്ഷെ അടുത്ത മത്സരത്തില്‍ കളിച്ച് ഹാട്രിക്ക് അടിക്കാന്‍ പോവുകയാണെന്നും കൂട്ടിച്ചേര്‍ത്ത് ദ്യോക്കോവിച്ച് ഐഷോസ്പീഡുമായുള്ള സംഭാഷണം കൂടുതല്‍ രസകരമാക്കി.
അതേസമയം, 2023ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി സ്വന്തമാക്കിയിരിക്കുകയാണ്. കരിയറിലെ എട്ടാമത്തെ ബാലണ്‍ ഡി ഓറാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. മെസിക്ക് ശക്തമായ പോരാട്ടം നല്‍കിയിരുന്നത് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തിയ നോര്‍വീജന്‍ ഗോളടി യന്ത്രം എര്‍ലിങ് ഹാലണ്ട് ആണ്.
കോപ്പ അമേരിക്കയും ഫൈനലിസിമയും ഫിഫ ലോകകപ്പുമുള്‍പ്പെടെ അര്‍ജന്റൈന്‍ ദേശീയ ടീമിനെ ട്രിപ്പിള്‍ ക്രൗണ്‍ ജേതാക്കളാക്കിയതാണ് മെസിക്ക് ബാലണ്‍ ഡി ഓര്‍ നേടിക്കൊടുത്തത്. അതേസമയം, ദേശീയ ടീമിന് വേണ്ടി മെസി നേടിയ നേട്ടങ്ങളെല്ലാം തന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഹാലണ്ട് നേടിയിട്ടുണ്ട്.
പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ നേട്ടത്തിന്റെ കിരീടം ഇതിനോടകം സ്വന്തമാക്കിയ ഹാലണ്ട് സിറ്റിക്ക് ക്വാഡ്രാപ്പിള്‍ കിരീടവും നേടിക്കൊടുത്തിട്ടുണ്ട്.
Content Highlights: Novak Djokovic fools IShowSpeed with hilarious claim at 2023 Ballon d’Or ceremony