ലണ്ടന്‍: വിംബിള്‍ഡണിലെ കലാശപ്പോരാട്ടത്തിന് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് യോഗ്യത നേടി. സെമിയില്‍ സ്പാനിഷ് താരം റോബര്‍ട്ടോ ബാറ്റിസ്റ്റ അഗട്ടിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ദ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്.
സ്‌കോര്‍: 6-2, 4-6, 6-3, 6-2. ആറാംതവണയാണ് ദ്യോക്കോവിച്ച് വിംബിള്‍ഡണ്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.
ടെന്നീസിലെ ക്ലാസ്സിക് പോരാട്ടമെന്നു വിശേഷിപ്പിക്കുന്ന റോജര്‍ ഫെഡറര്‍-റാഫേല്‍ നദാല്‍ മത്സരത്തിലെ വിജയിയെ ദ്യോക്കോവിച്ച് ഫൈനലില്‍ നേരിടും. ഈ മത്സരം ഇപ്പോള്‍ ആരംഭിച്ചുകഴിഞ്ഞു.
നാലുതവണ വിംബിള്‍ഡണ്‍ കിരീടം അണിഞ്ഞ ദ്യോക്കോവിച്ചിനെതിരെ 23-ാം സീഡായ അഗട്ടിന് ഒരു സെറ്റ് നേടാന്‍ കഴിഞ്ഞെങ്കിലും ബാക്കി മൂന്ന് സെറ്റുകളില്‍ ദ്യോക്കോവിച്ചിന് വെല്ലുവിളി ഉയര്‍ത്താന്‍ പോലും അദ്ദേഹത്തിനായില്ല.
തന്റെ 25-ാം ഗ്രാന്‍ഡ് സ്ലാം ഫൈനലിനാണ് ദ്യോക്കോവിച്ച് യോഗ്യത നേടിയത്. മുന്‍പ് കളിച്ച 24 ഫൈനലുകളില്‍ 15 എണ്ണത്തിലും വിജയിക്കാന്‍ താരത്തിനായിരുന്നു. വിബിംള്‍ഡണ്‍ ഫൈനലുകളിലാവട്ടെ നാലുതവണ ജയിച്ച അദ്ദേഹം, ഒരുതവണ മാത്രമാണ് പരാജയപ്പെട്ടത്. 2013-ല്‍ ആന്‍ഡി മുറെയോടു മാത്രമാണു തോറ്റത്.
തനിക്കിതൊരു സ്വപ്‌ന ടൂര്‍ണമെന്റാണെന്നും വിംബിള്‍ഡണ്‍ ഫൈനല്‍ എന്നതു മറ്റെന്തിനേക്കാളും വ്യത്യസ്തമാണെന്നും മത്സരശേഷം ദ്യോക്കോവിച്ച് പറഞ്ഞു. ഫെഡറര്‍-നദാല്‍ മത്സരത്തിന്റെ ഫാന്‍ ആണു താനെന്നും എല്ലാക്കാലത്തെയും ഏറ്റവും ഇതിഹാസതുല്യമായ പോരാട്ടമാണ് അതെന്നും അദ്ദേഹം പറഞ്ഞു.