| Wednesday, 3rd January 2024, 10:36 am

ഇസ്രഈൽ സൈന്യത്തിനെതിരെ കേസ് നൽകി സൂപ്പർനോവ സംഗീതോത്സവത്തിൽ പങ്കെടുത്തവർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: ഇസ്രഈൽ സൈന്യത്തിനെതിരെ കേസ് ഫയൽ ചെയ്ത് ഒക്ടോബർ ഏഴിന് ഇസ്രഈലിൽ ആക്രമണം നടന്ന സൂപ്പർനോവ സംഗീതോത്സവത്തിലെ അതിജീവിതർ.

ഹമാസിൽ നിന്നുള്ള ആക്രമണം നടക്കുമ്പോൾ തങ്ങളെ സംരക്ഷിക്കുന്നതിൽ സൈന്യം പരാജയപ്പെട്ടുവെന്ന് അതിജീവിതർ ആരോപിച്ചു.

നഷ്ടപരിഹാരമായി 55 മില്യൺ യു.എസ് ഡോളർ ആവശ്യപ്പെട്ടാണ് 42 അതിജീവിതർ ഇസ്രഈലി സൈന്യം, പൊലീസ്, ഭരണകൂടത്തിന്റെ ഷിൻ ബെറ്റ് ചാര സംഘടന എന്നിവർക്കെതിരെ കേസ് നൽകിയത്.

ഹമാസിൽ നിന്നുള്ള ആക്രമണത്തിനുള്ള സാധ്യതകൾ തലേ ദിവസം തന്നെ മനസിലായിട്ടും ഫെസ്റ്റിവൽ സംഘാടകരെ അറിയിക്കുന്നതിൽ സൈന്യം പരാജയപ്പെട്ടുവെന്നും ഹമാസിൽ നിന്നുള്ള തിരിച്ചടി ഉണ്ടാകുന്നതിന് മുമ്പ് പരിപാടിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ സാധിക്കുമായിരുന്നുവെന്നും പരാതിക്കാർ ആരോപിച്ചു.

ഒക്ടോബർ ആറിന് ലഭിച്ച അറിയിപ്പ് പ്രകാരം സംഘാടകർക്ക് ഒരു ഫോൺ കോൾ ചെയ്യേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അതിജീവിതരുടെ അഭിഭാഷകൻ പറഞ്ഞു.

അൽ അഖ്സ മസ്ജിദിലും അൽ ഖുദ്സിലും ഫലസ്തീനികൾക്ക് നേരെയും ഇസ്രഈൽ നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടി നൽകിക്കൊണ്ട് ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രഈൽ സൈന്യത്തിനെതിരെ തിരിച്ചടിച്ചിരുന്നു.

സൈനിക ക്യാമ്പിന് സമീപമായിരുന്നു സൂപ്പർനോവ സംഗീതോത്സവം സംഘടിപ്പിച്ചിരുന്നത്.

ആക്രമണത്തിൽ സംഗീതോത്സവത്തിൽ പങ്കെടുത്ത 360 പേർ ഉൾപ്പെടെ 1200 ഇസ്രഈലികൾ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ഇസ്രഈലി ഹെലികോപ്റ്റർ നടത്തിയ ആക്രമണത്തിൽ ഹമാസ് അംഗങ്ങളും സംഗീതോത്സവത്തിൽ പങ്കെടുത്ത ഇസ്രഈലികളും കൊല്ലപ്പെട്ടിരുന്നു.

മുഴുവൻ ഇസ്രഈലികളെയും കൊലപ്പെടുത്തിയത് ഹമാസ് ആണെന്ന ഇസ്രഈൽ സേനയുടെ വാദം പിന്നീട് പൊളിയുകയായിരുന്നു.

അതേസമയം അതിജീവിതർ നൽകിയ പരാതിയിൽ ഇസ്രഈലി സൈന്യത്തിന്റെ ആക്രമണത്തിൽ ഇസ്രഈലികൾ കൊല്ലപ്പെട്ട കാര്യം പരാമർശിക്കുന്നില്ല.

Content Highlight: Nova festival survivors sue Israel for military negligence

We use cookies to give you the best possible experience. Learn more