| Monday, 2nd September 2019, 2:47 pm

'പുതിയ കട അടച്ചുപൂട്ടുന്നില്ല, പ്രായമായ ജേഷ്ഠന് വേണ്ടിയുള്ളതാണ് കട'; നടക്കുന്നത് വ്യാജപ്രചരണമെന്ന് നൗഷാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രളയകാലത്ത് കടയിലെ വസ്ത്രങ്ങള്‍ മുഴുവന്‍ ദുരിതബാധിതര്‍ക്കായി നല്‍കിയ നൗഷാദിന്റെ പുതിയ കട അടച്ചു പൂട്ടുന്നു എന്ന പ്രചരണത്തിന് മറുപടിയുമായി നൗഷാദ് രംഗത്ത്. തന്റെ കട ഒരു ചെറിയ കടയാണെന്നും താനെന്തിന് അത് ഒഴിവാക്കണമെന്നുമാണ് നൗഷാദ് ചോദിക്കുന്നത്. മീഡിയ വണ്ണിനോടാണ് നൗഷാദിന്റെ പ്രതികരണം.

‘നൗഷാദ് ഭായ് തന്റെ പുതിയ കട അടച്ചുപൂട്ടുന്നു’എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ‘മാധ്യമങ്ങളിലൂടെയും മറ്റും തന്നെ അറിയുന്ന മനുഷ്യര്‍ എന്റെ കടമാത്രം തേടി വരുന്നു. എന്നേക്കാള്‍ മുമ്പ് വലിയ കട നടത്തിയിരുന്ന അവസ്ഥ ഞാന്‍ കാരണം വളരെ മോശമായിക്കൊണ്ടിരിക്കുന്നു. അതെനിക്ക് സമാധാനം തരുന്നേയില്ല. എനിക്കിഷ്ടം ആ പഴയ ഫുട്പാത്ത് കച്ചവടം തന്നെ”. ഇത്തരത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

എന്നാല്‍ ആ പ്രചരണം ഫേക്ക് ആണെന്നും ആളുകള്‍ അങ്ങനെയൊക്കെ പ്രചരിപ്പിച്ചാല്‍ നമ്മളിപ്പോ എന്ത് ചെയ്യാനാണെന്നും നൗഷാദ് ചോദിക്കുന്നു. കട തുടങ്ങിയിട്ടേ ഉള്ളു. അറിഞ്ഞിട്ട് ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്. അതൊരു വ്യാജ പ്രചരണമാണ്… താനത് കാര്യമാക്കുന്നില്ല എന്നും നൗഷാദ് പറഞ്ഞു.

‘കോര്‍പ്പറേഷന്‍ ബസാറില്‍ കുറച്ച് പാവപ്പെട്ട മനുഷ്യന്മാര്‍ പെട്ടിക്കട പോലെ വെച്ച് കച്ചവടം നടത്തുന്നുണ്ടായിരുന്നു. അതൊക്കെ കോര്‍പ്പറേഷന്‍ വന്ന് പൊളിച്ചുകൊണ്ടുപോയി. എന്റെ ജ്യേഷ്ഠന്റെ കടയും അവിടുന്ന് പൊളിച്ചുകൊണ്ടുപോയിരുന്നു. അതുകൊണ്ടുതന്നെ എന്റെ പ്രായമായ ജേഷ്ഠനുവേണ്ടി എടുത്തതാണ് ആ കട. അദ്ദേഹത്തിന് വരുമാനവുമാവുമല്ലോ. ആകെ നൂറ് സ്വകയര്‍ഫീറ്റു മാത്രമുള്ള കടയാണത്. ഞാനത് എന്തു ഒഴിയാനാണ്’ എന്ന് നൗഷാദ് പ്രതികരിച്ചു.

രണ്ടാഴ്ച മുമ്പാണ് കൊച്ചി ബ്രോഡ് വേയില്‍ ‘നൗഷാദിന്റെ കട’എന്ന പേരില്‍ പുതിയ കട ഉദ്ഘാടനം ചെയ്തത്. എറണാകുളം ജില്ലാകലക്ടര്‍ എസ് സുഹാസാണ് കടയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

We use cookies to give you the best possible experience. Learn more