തൃശ്ശൂര്‍: ചാവക്കാട്ടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായുള്ള നല്ല ബന്ധം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുള്‍ മജീദ് ഫൈസി. കണ്ണൂരും ചാവക്കാടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
‘ചാവക്കാട്ടെ സംഭവത്തില്‍ എസ്.ഡി.പി.ഐക്കു പങ്കില്ല. ഈ പ്രദേശത്ത് കോണ്‍ഗ്രസും എസ്.ഡി.പി.ഐയുമായി പ്രശ്‌നങ്ങളൊന്നും നിലവിലില്ല. സി.പി.ഐ.എം നേതാക്കളുടെ സമ്മര്‍ദം മൂലമാണു കോണ്‍ഗ്രസ് നേതൃത്വം കൊലപാതകത്തില്‍ എസ്.ഡി.പി.ഐക്ക് എതിരെ ആരോപണമുന്നയിക്കുന്നത്.’
സി.പി.ഐ.എമ്മിന്റെ കെണിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വീഴരുത്. കോണ്‍ഗ്രസ്-എസ്.ഡി.പി.ഐ സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചാവക്കാട് കൊലപാതകവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ തൃശൂര്‍ ജില്ലാ നേതൃത്വം കോണ്‍ഗ്രസിന്റെ തൃശൂര്‍ നേതൃത്വത്തോടു കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കു ബന്ധമുണ്ടെന്നു കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നു അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.