കോഴിക്കോട്: ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി മര്‍കസ് ലോ കോളജ് വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന കേസ് തള്ളണമെന്നാവശ്യപ്പെട്ട് മതപ്രഭാഷകനായ നൗഷാദ് അഹ്‌സനി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി തള്ളിയ കോടതി നൗഷാദ് അഹ്‌സനിയ്‌ക്കെതിരെ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടുകയും റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ജസ്റ്റിസ് വി. രാജവിജയരാഘവനാണ് ഹര്‍ജി തള്ളിയത്.
ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി പ്രസംഗിച്ചുകൊണ്ട് അപമാനച്ചെന്ന നിയമവിദ്യാര്‍ഥിയുടെ പരാതിയില്‍ കുന്ദമംഗലം പൊലീസാണ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അഹ്‌സനി ഹൈക്കോടതിയെ സമീപിച്ചത്.
2016 ആഗസ്റ്റ് 18നായിരുന്നു കേസിനാസ്പദമായ സംഭവം. മര്‍ക്കസില്‍ നടന്ന ധനമന്ത്രി തോമസ് ഐസക്കുമായുള്ള മുഖാമുഖത്തില്‍ മര്‍ക്കസിന്റെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ തോമസ് ഐസക്കുമായി സംവദിക്കുകയും ചെയ്തു. പരിപാടിയുടെ അവസാനം സ്റ്റേജില്‍ വെച്ച് സമ്മാനം നല്‍കുമ്പോള്‍ തോമസ് ഐസക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഹസ്തദാനം നല്‍കിയിരുന്നു. ഇതിനെ വിമര്‍ശിച്ച് നൗഷാദ് അഹ്സനി നടത്തിയ പ്രസംഗമാണ് പരാതിക്കാധാരം.
കോഴിക്കോട് കൊടുവള്ളിക്കടുത്ത കരീറ്റിപറമ്പില്‍ നടന്ന പ്രസംഗത്തിലാണ് മര്‍ക്കസില്‍ നടന്ന പരിപാടിയെ വിമര്‍ശിച്ച് നൗഷാദ് അഹ്സനി സംസാരിച്ചത്. അന്യ സ്ത്രീപുരുഷന്‍മാര്‍ തമ്മില്‍ ഇടകലരരുതെന്ന് പഠിപ്പിക്കുന്ന സംഘടനയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തില്‍ സ്റ്റേജില്‍ വെച്ച് പണ്ഡിതന്മാരുടെ സാന്നിധ്യത്തില്‍ അശ്ലീലമായ കാര്യങ്ങള്‍ നടന്നുവെന്നായിരുന്നു നൗഷാദ് അഹ്സനിയുടെ പ്രസംഗം.
മര്‍ക്കസില്‍ നടന്ന പരിപാടിയുടെ സിഡി പ്രദര്‍ശിപ്പിച്ചായിരുന്നു നൗഷാദ് അഹ്സനി പ്രസംഗിച്ചിരുന്നത്. പ്രസംഗത്തിന്റെ വീഡിയോ പിന്നീട് വ്യാപകമായി നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
താന്‍ തോമസ് ഐസക്കിന് ഹസ്തദാനം നല്‍കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ച് ലൈംഗിക ചുവയുള്ള പ്രസംഗം നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പരസ്യമായി പൊതുവേദിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി നല്‍കിയ ഹസ്തദാനം പോലും തെറ്റായി ലൈംഗിക ചുവയോടെയാണ് അഹ്സനി അവതരിപ്പിച്ചത്. തിരുകേശ വിവാദത്തെ തുടര്‍ന്ന് എപി വിഭാഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട പ്രമുഖ പ്രഭാഷകനാണ് നൗഷാദ് അഹ്സനി. എപി വിഭാഗത്തിന് വേണ്ടി നിരവധി ഖണ്ഡന പ്രഭാഷണങ്ങളിലും സംവാദങ്ങളിലും സജീവമായിരുന്നു അദ്ദേഹം.